Asianet News MalayalamAsianet News Malayalam

സംസ്ഥാനം കടന്ന അവയവദാനം: 6 പേര്‍ക്ക് പുതുജന്മം നല്‍കി ആല്‍ബിന്‍ പോള്‍ യാത്രയായി

മസ്തിഷ്‌ക മരണമടഞ്ഞ ആല്‍ബിന്‍ പോളിന്റെ ഹൃദയം, കരള്‍, 2 വൃക്കകള്‍, 2 നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്.

Albin Paul  Organ donation crossed the state
Author
Thiruvananthapuram, First Published Oct 24, 2021, 1:00 PM IST

തിരുവനന്തപുരം: ആറ് പേര്‍ക്ക് പുതുജന്മം നല്‍കി ആല്‍ബിന്‍ പോള്‍ യാത്രയായി. മസ്തിഷ്‌ക മരണമടഞ്ഞ തൃശൂര്‍ ചായ്പ്പാന്‍കുഴി രണ്ടുകൈ തട്ടകത്ത് ഹൗസ് സ്വദേശി ആല്‍ബിന്‍ പോളിന്‍റെ ഹൃദയം, കരള്‍, 2 വൃക്കകള്‍, 2 നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്. ഏറെ വിഷമഘട്ടത്തിലും അവയവദാനത്തിന് (Organ donation ) മുന്നോട്ടുവന്ന കുടുംബാംഗങ്ങളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രകീര്‍ത്തിച്ചു. മറ്റുള്ളവരിലൂടെ ആല്‍ബിന്‍ പോള്‍ ജീവിക്കുമെന്നും മന്ത്രി പറഞ്ഞു.

ആല്‍ബിന്‍ പോളും സഹോദരന്‍ സെബിന്‍ പൗലോസും കൂടി ഈ മാസം 18ന് രാവിലെ 3.15ന് നെടുമ്പാശേരി എയര്‍പോട്ടില്‍ ബന്ധുവിനെ യാത്രയാക്കി മടങ്ങി വരവെ അവര്‍ സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇവരെ തൊട്ടടത്തുള്ള അങ്കമാലി അപ്പോളോ ആശുപത്രിയില്‍ എത്തിച്ചു. സഹോദരന്‍റെ പരിക്ക് ഭേദമായി ആശുപത്രി വിട്ടെങ്കിലും ആല്‍ബിന്റെ അവസ്ഥ ഗുരുതരമായി കഴിഞ്ഞ ദിവസം മസ്തിഷ്‌ക മരണമടയുകയായിരുന്നു. ആല്‍ബിന്‍റെ കുടുംബം അവയവദാനത്തിന് സമ്മതം അറിയിച്ചതോടെയാണ് ആറ് പേര്‍ക്ക് പുതുജന്മം ലഭിച്ചത്.

സംസ്ഥാനത്ത് അവയവ ദാനത്തിനായി രജിസ്റ്റര്‍ ചെയ്തവരില്‍ ആല്‍ബിന്‍ പോളിന്റെ ഹൃദയവുമായി ചേര്‍ച്ചയില്ലാതെ വന്നതിനെ തുടര്‍ന്നാണ് സംസ്ഥാനം കടന്നുള്ള അവയവദാനത്തിന് വേദിയായത്. ഇക്കാര്യം ദേശീയ അവയദാന ഓഗനൈസേഷനെ രേഖാമൂലം അറിയിച്ചു. അവര്‍ റീജിയണല്‍ ഓര്‍ഗണ്‍ ആന്റ് ടിഷ്യു ട്രാന്‍സ്പ്ലാന്റേഷന്‍ ഓഗനൈസേഷനെ അറിയിച്ചു. അവരാണ് ചെന്നൈയിലെ റെല ഹോസ്പിറ്റലില്‍ ചികിത്സയിലുള്ള രോഗിക്ക് ഹൃദയം അനുവദിച്ചത്. വിമാന മാര്‍ഗമാണ് ചെന്നൈയിലേക്ക് ഹൃദയം കൊണ്ട് പോകുന്നത്. ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രോഗിക്കാണ് നല്‍കുന്നത്.

സംസ്ഥാനം കടന്നുള്ള അവയവദാന പ്രക്രിയ സുഗമമാക്കുന്നതിന് മന്ത്രി വീണാ ജോര്‍ജ് നേതൃത്വം നല്‍കി. മുഖ്യമന്ത്രിയുമായി മന്ത്രി സംസാരിച്ചാണ് യാത്ര സുഗമമാക്കിയത്. പോലീസിന്റെ സഹായത്തോടെ ആശുപത്രി മുതല്‍ എയര്‍പോര്‍ട്ടുവരെ ഗ്രീന്‍ ചാനല്‍ ഒരുക്കിയാണ് അവദാന പ്രക്രിയ നടത്തിയത്. കെ.എന്‍.ഒ.എസ്. നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അവയവദാന പ്രക്രിയ പൂര്‍ത്തീകരിക്കുന്നത്.

ഗള്‍ഫിലായിരുന്ന ആല്‍ബിന്‍ പോള്‍ ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തി എസ്.സി.ടി. ഫെഡറേഷനില്‍ ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യുട്ടീവായി താത്ക്കാലികമായി ജോലി നോക്കുകയായിരുന്നു. ആല്‍ബിന്‍ വിവാഹിതനായിട്ട് 2 വര്‍ഷം കഴിഞ്ഞതേയുള്ളൂ. ഭാര്യ എയ്ഞ്ചല്‍. ഇവര്‍ക്കൊരു 4 മാസം പ്രായമായ കുഞ്ഞുമുണ്ട്. മാതാവ് ബീന.

Follow Us:
Download App:
  • android
  • ios