പൊളിച്ചുനീക്കുന്ന നാല് ഫ്ലാറ്റുകളിൽ ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശമുള്ളത് ആൽഫ സെറീനിന് സമീപമാണ്. ഫ്ലാറ്റിന് അൻപത് മീറ്റർ ചുറ്റളവിൽ ഉള്ളത് നാൽപ്പത്തി രണ്ട് വീടുകളാണ്.
കൊച്ചി: മരടിലെ ആൽഫ സെറിൻ ഫ്ലാറ്റ് തകർക്കാനുള്ള സ്ഫോടനത്തിന് പെസോയുടെ അന്തിമ അനുമതി ലഭിച്ചു. സ്ഫോടകവസ്തുക്കൾ ഫ്ലാറ്റിലെത്തിക്കാൻ ജില്ലാ മജിസ്ട്രേറ്റും അനുമതി നൽകി. ഈ മാസം 11ആം തീയതിയാണ് നിയന്ത്രിത സ്ഫോടനം നടത്തി ഫ്ലാറ്റ് തകർക്കുക.
പൊളിച്ചുനീക്കുന്ന നാല് ഫ്ലാറ്റുകളിൽ ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശമുള്ളത് ആൽഫ സെറീനിന് സമീപമാണ്. ഫ്ലാറ്റിന് അൻപത് മീറ്റർ ചുറ്റളവിൽ ഉള്ളത് നാൽപ്പത്തി രണ്ട് വീടുകളാണ്. 5.37 ഏക്കറിൽ രണ്ട് ടവറുകളാണുള്ളത്. അഞ്ചരലക്ഷം സ്വകയർ ഫീറ്റിൽ പതിനാറ് നിലകൾ വീതമുള്ള ഫ്ലാറ്റുകൾ. കെട്ടിടം പൊളിക്കുമ്പോൾ സമീപത്തെ വീടുകൾക്ക് കേടുപാടുകൾ പറ്റുമെന്ന പരാതിയെ നിഷേധിക്കുകയാണ് സ്ട്രക്ച്ചറൽ എഞ്ചിനീയർമാർ.
ആൽഫ സെറീൻ ഫ്ലാറ്റ് സമുച്ചയം നിലം പതിക്കുമ്പോൾ ആറ് നില കെട്ടിടത്തിന് സമാനമായി 18 മീറ്റർ ഉയരത്തിൽ കോൺക്രീറ്റ് അവശിഷ്ടങ്ങൾ കുന്നുകൂടുമെന്നാണ് കണക്കാക്കുന്നത്. നിയന്ത്രിത സ്ഫോടനത്തിന് മുന്നോടിയായി ഇടഭിത്തി നീക്കം ചെയ്തത് അവശിഷ്ടങ്ങളുടെ തോത് കുറയ്ക്കുന്നതിന് സഹായിക്കുമെന്നാണ് അധികൃതർ പറയുന്നത്.
