ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ദേവസ്വം ബോര്‍ഡ് അംഗമായ കെപി ശങ്കരദാസിനെ റിമാന്‍ജ് ചെയ്തു. ശങ്കരദാസ് ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കൊല്ലം വിജിലന്‍സ് കോടതി ജഡ്ജിയെത്തിയാണ് റിമാന്‍ഡ് നടപടികള്‍ വൈകിട്ടോടെ പൂര്‍ത്തിയാക്കിയത്
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ മുൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗമായ കെപി ശങ്കരദാസിനെ റിമാന്‍ജ് ചെയ്തു. ശങ്കരദാസ് ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കൊല്ലം വിജിലന്‍സ് കോടതി ജഡ്ജിയെത്തിയാണ് റിമാന്‍ഡ് നടപടികള്‍ വൈകിട്ടോടെ പൂര്‍ത്തിയാക്കിയത്. റിമാന്‍ഡ് ചെയ്ത സാഹചര്യത്തിൽ ശങ്കരദാസിനെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മാറ്റുന്ന കാര്യത്തിലടക്കം നാളെയായിരിക്കും തീരുമാനമുണ്ടാകുക. ഡോക്ടര്‍മാരുടെ അഭിപ്രായം അറിഞ്ഞശേഷം ആശുപത്രി മാറ്റുന്നതി തീരുമാനമെടുക്കും. സെന്‍ട്രൽ ജയിലിലെ ഡോക്ടര്‍മാരും മെഡിക്കൽ കോളേജിലെ ഡോക്ടര്‍മാരും പരിശോധനയ്ക്കുണ്ടാകും. റിമാന്‍ഡിലായ ശങ്കരദാസിനെ സ്വകാര്യ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറുന്നകാര്യമടക്കമാണ് പരിശോധിക്കുന്നത്. ഇന്നലെയാണ് ശബരിമല സ്വര്‍ണക്കൊള്ള കേസിലെ 11ാം പ്രതിയായ കെപി ശങ്കരദാസിനെ എസ്ഐടി സംഘം അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി അന്വേഷണ ഉദ്യോഗസ്ഥൻ എസ്‍പി ശശിധരൻ ആശുപത്രിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് വിവരം ഇന്നലെ തന്നെ പ്രോസിക്യൂട്ടര്‍ വഴി കോടതിയെ അറിയിച്ചിരുന്നു. ശങ്കരദാസിന്‍റെ അറസ്റ്റ് വൈകുന്നതിനെയും ആശുപത്രിവാസത്തെയും കഴിഞ്ഞ ദിവസം ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. മകൻ എസ്‍പിയായതുകൊണ്ടാണ് ശങ്കരദാസ് ആശുപത്രിയിൽ കഴിയുന്നതെന്നായിരുന്നു കോടതി വിമര്‍ശനം. ഇതിനുപിന്നാലെയാണ് ശങ്കരദാസിനെ എസ്ഐടി അറസ്റ്റ് ചെയ്തത്. അതേസമയം, കട്ടിളപ്പാളി കേസിൽ റിമാന്‍ഡിലായ തന്ത്രി കണ്ഠര് രാജീവരെ ദ്വാരാപാലക കേസിലും അറസ്റ്റ് ചെയ്തു. ജയിലിലെത്തിയാണ് എസ്ഐടി അറസ്റ്റ് രേഖപ്പെടുത്തിയത്.
കേസിൽ കെപി ശങ്കരദാസ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഇന്നലെ കോടതി നീട്ടിവെച്ചിരുന്നു. നാളെയാണ് മുൻകൂര്‍ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കുക. ശങ്കരദാസിന്‍റെ ചികിത്സാ രേഖകള്‍ അന്വേഷണ സംഘം കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകാത്തതിനെ തുടർന്നാണ് മാറ്റിയത്. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടികാട്ടിയാണ് ശങ്കരദാസ് മുൻകൂർ ജാമ്യം തേടുന്നത്. ആശുപത്രി രേഖകള്‍ സമര്‍പ്പിക്കാൻ സമയം വേണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടിയത്. നേരത്തെ കൊല്ലം പ്രിന്‍സിപ്പൽ സെഷൻസ് കോടതി മുൻകൂര്‍ ജാമ്യ ഹര്‍ജി പരിഗണിച്ചപ്പോള്‍ ശങ്കരദാസ് ആശുപത്രിയിൽ ബോധമില്ലാത്ത അവസ്ഥയിലാണെന്ന് പ്രതിഭാഗം കോടതിയിൽ അറിയിച്ചിരുന്നു.
മെഡിക്കൽ ഐസിയുവിൽ കിടക്കുന്ന ഫോട്ടോയടക്കം ഹാജരാക്കിയായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. എന്നാൽ, കേസിന്‍റെ ഗൗരവം കണക്കിലെടുത്ത് മുൻകൂർ ജാമ്യം നൽകരുതെന്നും അന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. അതേസമയം, ശബരിമല സ്വർണകൊള്ള കേസിൽ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ രണ്ട് ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു. ദ്വാരപാലക ശിൽപ്പ കേസിലും കട്ടിളപാളി കേസിലുമാണ് ജാമ്യാപേക്ഷ നൽകിയത്. രണ്ടരമാസമായി ജയിലാണെന്നും ജാമ്യം നൽകണമെന്നും പോറ്റിയുടെ അഭിഭാഷകൻ വാദിച്ചു. എന്നാൽ, തെളിവുകളും തൊണ്ടിമുതലുകളും ഇപ്പോഴും ശേഖരിച്ചുവരുന്നതേയുള്ളൂവെന്നും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇതേ തുടർന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യ ഹർജികള്‍ തള്ളിയത്.



