കൊച്ചി: സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് പൊളിച്ച മരടിലെ ആൽഫ സെറീൻ ഫ്ലാറ്റിൻറെ കായലിൽ വീണ അവശിഷ്ടങ്ങൾ നീക്കിത്തുടങ്ങി. ഏഴു മാസങ്ങള്‍ക്ക് ശേഷമാണ് കായലിൽ നിന്നും അവശിഷ്ടങ്ങൾ നീക്കുന്നത്. അവശിഷ്ടങ്ങള്‍ നീക്കാത്തതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ജനുവരി പതിനൊന്നിനാണ് ആൽഫ സെറീൻ ഫ്ലാറ്റ് പൊളിച്ചത്. നിയന്ത്രിത സ്ഫോടന വസ്തുക്കൾ ഉപയോഗിച്ച് തകര്‍ത്ത ഫ്ലാറ്റിൻറെ ഇരട്ട ടവറുകളിൽ ഒരു ഭാഗം കായലിൽ പതിച്ചു. ഏഴു മാസങ്ങള്‍ കഴിഞ്ഞിട്ടും കായലിൽ വീണ അവശിഷ്ടങ്ങള്‍ നീക്കാത്തതിനെത്തുടര്‍ന്ന് മത്സ്യത്തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്നാണ് നഗരസഭയുടെ അടിയന്തിര ഇടപെടലുണ്ടായത്.

താത്കാലിക ബണ്ട് നിര്‍മ്മിച്ചാണ് അവശിഷ്ടങ്ങൾ കരയ്‌ക്കെത്തിക്കുന്നത്. 1000 ടണ്‍ അവശിഷ്ടമാണ് കായലിൽ ഉണ്ടായിരുന്നത്. പകുതിയിലധികവും രണ്ട് ദിവസം കൊണ്ട് തന്നെ കരയ്‌ക്കെത്തിച്ചു.

കരയിലെത്തിക്കുന്ന അവശിഷ്ടങ്ങളിൽ നിന്നും കമ്പിയും കോണ്‍ക്രീറ്റ് ഭാഗവും വേര്‍തിരിച്ചെടുക്കും. ഇരുമ്പ് കമ്പികൾ ഫ്ലാറ്റ് പൊളിച്ച വിജയ് സ്റ്റീൽസിനാണ്. എന്നാൽ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങൾ എന്തുചെയ്യണമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായില്ല. ഇനി രണ്ട് വലിയ കോണ്‍ക്രീറ്റ് ഭീമുകളാണ് പ്രധാനമായും കായലിൽ നിന്നും നീക്കാനുള്ളത്. രണ്ട് ദിവസത്തിനുള്ളിൽ അവശിഷ്ടങ്ങൾ പൂര്‍ണമായും നീക്കാൻ കഴിയുമെന്നാണ് കരാറുകാർ പറയുന്നത്. 

മരട് ഫ്ലാറ്റ്: മാറിത്താമസിച്ച തദ്ദേശവാസിക്ക് വാഗ്ദാനം ചെയ്ത വാടക കിട്ടിയില്ലെന്ന് പരാതി

മരട്: പൊളിച്ച ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് മാനദണ്ഡങ്ങൾ പാലിച്ചല്ലെന്ന് ഹരിത ട്രൈബ്യൂണൽ