കൊച്ചി: മരടിലെ പൊളിച്ച ഫ്ലാറ്റുകളുടെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നീക്കുന്ന രീതിയില്‍ അതൃപ്തി അറിയിച്ച് ഹരിത ട്രൈബ്യൂണല്‍. കരാറുകാര്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് സ്ഥലം സന്ദര്‍ശിച്ച സംസ്ഥാന നീരിക്ഷണ സമിതി വിലയിരുത്തി. ഇക്കാര്യം കൃത്യമായി പരിശോധിക്കണമെന്ന് പൊലീസിനും മലിനീകരണ നിയന്ത്രണ ബോര്‍ഡിനും നിര്‍ദ്ദേശവും നല്‍കി.

ഫ്ലാറ്റുകള്‍ പൊളിച്ചതിന് പിറ്റേന്ന് തന്നെ ഇരുമ്പും കോണ്‍ക്രീറ്റും വേര്‍തിരിക്കാൻ തുടങ്ങിയിരുന്നു. കഴിഞ്ഞയാഴ്ച മുതല്‍ കോണ്‍ക്രീറ്റ് മാലിന്യം ഇവിടെനിന്ന് നീക്കിത്തുടങ്ങുകയും ചെയ്തു. ഇത് പരിശോധിക്കാനാണ് ഹരിത ട്രൈബ്യൂണലിന്‍റെ സംസ്ഥാന നിരീക്ഷണ സമിതി ചെയര്‍മാൻ ജസ്റ്റിസ് എ വി രാമകൃഷ്ണപിള്ള മരടിലെത്തിയത്. പൊളിച്ച ജെയിൻ കോറൽ കോവ് ഫ്ലാറ്റിലേക്കാണ് ആദ്യം വന്നത്.

30 അടി ഉയരത്തില്‍ മറ കെട്ടിവേണം മാലിന്യങ്ങള്‍ വേര്‍തിരിക്കാനെന്ന നിര്‍ദ്ദേശം പാലിക്കുന്നില്ലെന്ന് ഹരിത ട്രൈബ്യൂണല്‍ കുറ്റപ്പെടുത്തി. പൊടിശല്യം കുറക്കാൻ കൃത്യമായ അളവില്‍ വെള്ളം തളിക്കുന്നില്ല. മാലിന്യം കൊണ്ടുപോകുന്നത് മുൻ നിശ്ചയിച്ചപ്രകാരം കുന്പളത്തെ യാര്‍ഡിലേക്കല്ല എന്നും സംഘം വിലയിരുത്തി. മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് കരാറുകാരായ വിജയ് സ്റ്റീല്‍സിനും പ്രോംപ്റ്റിനും മുന്നറിയിപ്പും നല്‍കി.

മാലിന്യ നീക്കം കൃത്യമാണോയെന്ന് പരിശോധിക്കാൻ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്നും പൊലീസും മലിനീകരണ നിയന്ത്രണ ബോര്‍ഡും കൃത്യമായി പരിശോധനകള്‍ നടത്തണമെന്നും ഹരിത ട്രൈബ്യൂണല്‍ നിര്‍ദ്ദേശം നല്‍കി.