കഴിഞ്ഞ ദിവസങ്ങളിൽ തുറന്ന പല ഡാമുകളും ഇപ്പോഴും അടയ്ക്കാൻ സാധിച്ചിട്ടില്ല. തുറന്ന ഡാമുകളിൽ തന്നെ ഷട്ടറുകൾ വീണ്ടും കൂടുതൽ ജയം പുറത്തേക്ക് വിടുകയാണ്.
തിരുവനന്തപുരം: മഴ ശമിച്ചിട്ടും വൃഷ്ടി പ്രദേശങ്ങളിൽ നിന്നുള്ള നീരൊഴുക്ക് കുറയാത്തതിനാൽ കേരളത്തിൽ കൂടുതൽ അണക്കെട്ടുകൾ തുറക്കുന്നത് തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ തുറന്ന പല ഡാമുകളും ഇപ്പോഴും അടയ്ക്കാൻ സാധിച്ചിട്ടില്ല. തുറന്ന ഡാമുകളിൽ ജലം ഒഴുക്കിവിടുന്ന അളവ് കൂട്ടേണ്ടി വരികയും ചെയ്തു. ഡാമുകളിൽ വലിയ തോതിൽ വെള്ളം പുറത്തേക്ക് വിടുന്നുണ്ടെങ്കിലും മഴ മാറി നിൽക്കുന്നതിനാൽ ജനജീവിതത്തെ ഇതു കാര്യമായി ബാധിച്ചിട്ടില്ല. എന്നാൽ പാലക്കാട്, തൃശൂർ, വയനാട്, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലെ പുഴയോരങ്ങളിൽ അതീവ ജാഗ്രത തുടരുകയാണ്.
സംസ്ഥാനത്ത് ആകെ ഇപ്പോൾ 32 അണക്കെട്ടുകൾ തുറന്നിട്ടുണ്ട്. ഇതിൽ 16 എണ്ണം KSEB-യുടെ കീഴിൽ ഉള്ളവയാണ്. പാലക്കാട് ചുള്ളിയാർ ഡാമിൻ്റെ ഒരു സ്പിൽ വെ ഷട്ടർ ഇന്ന് തുറന്നു. നാളെ രാവിലെ എട്ടിന് വാളയാർ ഡാം തുറക്കും. മലമ്പുഴ ഡാമിൻ്റെ ഷട്ടറുകളും കൂടുതൽ ഉയർത്തിയിട്ടുണ്ട്.
ഇടുക്കി അണക്കെട്ടിൽ നിന്നും തുറന്നുവിടുന്ന വെള്ളത്തിൻ്റെ അളവ് വീണ്ടും കൂട്ടി. ഇന്ന് രണ്ടു തവണ ആയി സെക്കൻഡിൽ അമ്പതിനായിരം ലിറ്റർ ജലം കൂടി അധികമായി തുറന്നുവിട്ടു. തടിയമ്പാട് ചപ്പാത്ത് പാലം അപകടാവസ്ഥയിലായതിനെ തുടർന്ന് എൻഡിആർഎഫ് സംഘത്തെ തടിയമ്പാടിലേക്ക് നിയോഗിച്ചു. മുല്ലപ്പെരിയാര്‍ ഡാമിൻ്റെ ഷട്ടറുകൾ കൂടുതൽ തുറന്ന സാഹചര്യത്തിൽ മഞ്ചുമല വില്ലേജ്
ഓഫീസിൽ പ്രത്യേക കൺട്രോൾ റൂം തുറന്നു.
നാലു ദിവസം വെള്ളം തുറന്നു വിട്ടിട്ടും ജലനിരപ്പ് കുറയാതെ വന്നതോടെ മുല്ലപ്പെരിയറിൽ നിന്നും ഒഴിക്കുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കൂട്ടി. ഇതോടെ പെരിയാർ തീരത്തുള്ളവർ വീണ്ടും ദുരിതത്തിലായി. കടശ്ശിക്കാട് ആറ്റോരത്തെ ബന്ധു വീടുകളിലേക്ക് മാറി. പുരുഷന്മാർ താൽകാലിക ഷെഡിലാണ് രാത്രി കഴിച്ചു കൂട്ടിയത്.
വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാൽ ബാണാസുര സാഗർ ഡാമിലെ ഒരു ഷട്ടർ കൂടി ഇന്ന് തുറക്കും. നിലവിൽ രണ്ട് ഷട്ടറുകൾ 10 സെൻ്റിമീറ്റർ വീതമാണ് ഉയർത്തിയത്. സെക്കൻ്റിൽ 17 ഘനമീറ്റർ വെള്ളമാണ് തുറന്നു വിടുന്നത്. 2540 അടിയാണ് നിലവിലെ ജല നിരപ്പ്. ഡാം തുറന്നതോടെ കബനി നദിയിൽ ജല നിരപ്പ് ഉയർന്നു. എന്നാൽ വെള്ളപൊക്ക ഭീഷണിയില്ല. പനമരം പഞ്ചായത്തിലെ കൂടുതൽ കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. മുൻ കരുതലിൻ്റെ ഭാഗമായി കർണാടകയിലെ ബീച്ചനഹള്ളി ഡാമിൽ നിന്ന് ഒഴുക്കി വിടുന്ന ജലത്തിൻ്റെ അളവ് കൂട്ടി.
ഇടമലയാർ അണക്കെട്ടുകൂടി തുറന്നതോടെ പെരിയാർ തീരത്ത് അതീവ ജാഗ്രത. ഏലൂരിലെ താഴ്ന്ന മേഖലകളിൽ താമസിക്കുന്നവരോട് ക്യാമ്പുകളിലേക്ക് മാറാൻ പോലീസ് ആവശ്യപ്പെട്ടു. ഇടമലയാറിൽ നിന്ന് ഒഴുക്കിവിടുന്ന വെള്ളത്തിൻ്റെ അളവ് ഉച്ചയ്ക്ക് ശേഷം ഇനിയും കൂട്ടും. ഡാമിൻ്റെ രണ്ടു ഷട്ടറുകളാണ് ഇന്ന് രാവിലെ ഉയർത്തിയത്.
