ഗവർണ്ണർക്ക് വഴങ്ങിയ മുഖ്യമന്ത്രിയുടെ നടപടിയില്‍ അവ്യക്തത ബാക്കി. വി സി നിയമനത്തില്‍ സുപ്രീംകോടതി നിലപാട് ഗവർണർക്കാണ് തിരിച്ചടി ആകുന്നതെന്ന് ഒരു വിഭാഗം സിപിഎം നേതാക്കൾ.

തിരുവനന്തപുരം: വി സി നിയമനത്തിൽ ഗവർണർക്ക് വഴങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുഖ്യമന്ത്രിയുടെ നടപടിയില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ അതൃപ്തി. മുഖ്യമന്ത്രിയുടെ നിർബന്ധത്തിൽ അവ്യക്തത ബാക്കി നില്‍ക്കെയാണ് വഴങ്ങൽ തിരിച്ചടിയാകുമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റിൽ അഭിപ്രായം ഉയര്‍ന്നത്. വി സി നിയമനത്തിൽ സുപ്രീംകോടതിയുടെ നിലപാട് ഗവർണർക്കാണ് തിരിച്ചടി ആകുന്നത് എന്നാണ് ഒരു വിഭാഗം നേതാക്കൾ അഭിപ്രായപ്പെടുന്നത്. വഴങ്ങിയില്ലെങ്കിൽ സർക്കാറിന് നേട്ടമാകുമായിരുന്നു എന്നാണ് വിലയിരുത്തൽ. വിഷയത്തില്‍ സിപിഐക്കും അതൃപ്‌തിയുണ്ട്. ഉറച്ച നിലപാട് എടുത്തുവെങ്കിൽ നിയമന അധികാരം ഗവർണ്ണറിൽ നിന്ന് നഷ്ടമാകുമായിരുന്നു. ഒത്തുത്തീർപ്പിൽ നേട്ടം ലോക്ഭവനാണ് എന്നാണ് സിപിഐ അഭിപ്രായപ്പെടുന്നത്.

ഗവർണറുമായി സമവായത്തിന് മുഖ്യമന്ത്രിയാണ് മുൻകയ്യെടുത്തത്. കെടിയു, ഡിജിറ്റൽ സർവകലാശാല വിസി നിയമനത്തിൽ സംസ്ഥാന സർക്കാരും ഗവർണറും സമവായത്തിൽ എത്തിയ സാഹചര്യം രാഷ്ട്രീയ വൃത്തങ്ങളെ പോലും അമ്പരപ്പിച്ചിരുന്നു. ലോക്ഭവനുമായുള്ള പ്രകടമായ അഭിപ്രായഭിന്നതയും നിയമപോരാട്ടവും തെരുവുയുദ്ധവും എല്ലാം മുന്നിൽ നിൽക്കെ പിണറായി അർലേക്കർ കൂടിക്കാഴ്ചയിലാണ് ഈ സമവായം ഉരുത്തിരിഞ്ഞത്. സാങ്കേതിക സർവകലാശാല വിസിയായി സിസാ തോമസിനെയും ഡിജിറ്റൽ സർവകലാശാല വിസിയായി സജി ഗോപിനാഥനെയും നിയമിക്കാൻ ധാരണയിലെത്തിയ കാര്യം മുഖ്യമന്ത്രി അറിയിച്ചപ്പോഴാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ എതിർപ്പ് ഉയർന്നത്. വിസി നിയമന സമവായത്തിൽ പിഎംശ്രീക്ക് സമാനമായ തിരിച്ചടി ഉണ്ടാകുമെന്നാണ് ഒരു വിഭാഗം നേതാക്കൾ കുറ്റപ്പെടുത്തുന്നത്. വിഷയം പാർട്ടി അറിഞ്ഞത് മുഖ്യമന്ത്രി തീരുമാനം പറഞ്ഞപ്പോൾ മാത്രമെന്നും നേതാക്കൾ സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമർശിച്ചു. എതിർപ്പുയർന്നിട്ടും സർക്കാർ നിലപാട് ഇതാണെന്ന് പിണറായി ആവർത്തിച്ചു.

ലോക് ഭവനവുമായി മുഖ്യമന്ത്രി ഏകപക്ഷീയ ധാരണയാണ് ഉണ്ടാക്കിയത്. ഇക്കാര്യം സ്പിഎം സംസ്ഥാന നേതൃത്വത്ത്നും അറിവുണ്ടായിരുന്നില്ല. കഴിഞ്ഞ സെക്രട്ടേറ്റ് യോഗത്തിൽ മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ കടുത്ത വിമർശനം ഉയർന്നു. പിഎംശ്രീ കരാറിന് സമാനമായ ആക്ഷേപം ഇക്കാര്യത്തിൽ കേൾക്കേണ്ടിവരുമെന്ന് സെക്രട്ടേറിയറ്റ് അംഗങ്ങളിൽ ചിലർ ഓർമ്മിപ്പിച്ചു. എന്നാൽ, നിയമ പോരാട്ടവും പരസ്പര പോർവിളിയുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്ന നിലപാടാണ് പിണറായി എടുത്തത്. അതായത് വിസി നിയമത്തിൽ ലോക്ഭവനുമായി സമവായത്തിലെത്താനുള്ള തീരുമാനം മുഖ്യമന്ത്രി എടുത്തത് പാർട്ടിയെ പൂർണ്ണമായും ഇരുട്ടിൽ നിര്‍ത്തിയാണെന്ന് ഇതോടെ വ്യക്തമാകുകയാണ്.

YouTube video player