കൊച്ചി: ഹൃദയ ശസ്ത്രക്രിയയ്ക്കായി മംഗലാപുരത്ത് നിന്ന് കൊച്ചി അമൃത ആശുപത്രിയിലെത്തിച്ച നവജാതശിശുവിന്‍റെ ശസ്ത്രക്രിയ നാളെ. അന്തിമ പരിശോധനാ ഫലം വന്നതിനു ശേഷമായിരിക്കും ശസ്ത്രക്രിയയെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. ഹൃദയത്തിനുള്ള വൈകല്യങ്ങൾ അല്ലാതെ വേറെയും പ്രശ്നങ്ങൾ കാണുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. 

കുട്ടി ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തിൽ തുടരുകയാണ്. ഹൃദയവാൽവിന്‍റെ ഗുരുതര തകരാറാണ് പ്രധാന വെല്ലുവിളി. സംസ്ഥാന സർക്കാരിന്‍റെ ഹൃദ്യം പദ്ധതിക്ക് കീഴിലാണ് കുട്ടിയുടെ ചികിത്സ നടക്കുക. ഇന്നലെ വൈകീട്ട് നാലരയ്ക്കാണ് 15 ദിവസം പ്രായമുള്ള കുഞ്ഞിനെ മംഗലാപുരത്ത് നിന്ന് അഞ്ചര മണിക്കൂർ കൊണ്ട് കൊച്ചിയിലെ ആശുപത്രിയിൽ എത്തിച്ചത്.