ഇടുക്കി: കട്ടപ്പന പൊലീസ് കസ്റ്റഡിയിൽ വച്ച് മർദ്ദിച്ചതായി പ്രതിയുടെ ആരോപണം. പള്ളിവാസൽ സ്വദേശി സണ്ണിയെ മർദ്ദിച്ചെന്നാണ് പരാതി. ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പിണങ്ങിക്കഴിയുന്ന ഭാര്യയുടെ അടുത്തുനിന്ന് മൂന്ന് പെണ്‍മക്കളെ ബലമായി പിടിച്ചുകൊണ്ടുപോയെന്ന പരാതിയിലാണ് സണ്ണിയെ പൊലീസ് അറസ്റ്റ് ചെയ്തത്.കസ്റ്റഡിയിലെടുക്കാനെത്തിയപ്പോൾ കട്ടപ്പന എസ്ഐയെ വാഹനം ഇടിപ്പിക്കാൻ നോക്കുകയും സിവിൽ പൊലീസ് ഓഫീസറെ മർദ്ദിക്കുകയും ചെയ്തു ഇയാൾ. 

ഭാര്യയുടെ പരാതിക്ക് പുറമെ വധശ്രമം, പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളും സണ്ണിക്കെതിരെ ചുമത്തി. തുടർന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോഴാണ് പൊലീസ് മർദ്ദിച്ചെന്ന് ഇയാൾ പരാതിപ്പെട്ടത്. മജിസ്ട്രേറ്റിന്റെ നിർദ്ദേശപ്രകാരം സണ്ണിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു ദിവസത്തെ നിരീക്ഷണത്തിലാണിപ്പോൾ. ഡോക്ടറുടെ റിപ്പോർട്ട് കിട്ടിയിൽ മാത്രമേ മർദ്ദനം നടന്നോയെന്ന് വ്യക്തമാവുകയുള്ളൂ. അതേസമയം മർദ്ദിച്ചിട്ടില്ലെന്നും സ്റ്റേഷനിൽ വച്ചും ഇയാൾ പൊലീസിനെ ആക്രമിക്കാൻ നോക്കിയെന്ന് കട്ടപ്പന പൊലീസ് പറ‌ഞ്ഞു. നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണ് സണ്ണി. വെള്ളത്തൂവൽ പൊലീസ് ഇയാളെ ഗുണ്ടാലിസ്റ്റിലും പെടുത്തിയിട്ടുണ്ട്.