ഒരു ഇടപാടുകാരൻ എന്ന പേരില്‍ വിസിറ്റ് കാര്‍ഡിലെ നമ്പറിൽ ബന്ധപ്പെട്ടു. രണ്ടരലക്ഷം രൂപ കണ്‍സൾട്ടൻസി ഫീസ് വേണം. എന്തിന് ഇത്രയും തുകയെന്ന ചോദ്യത്തിന്, ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി ഉള്‍പ്പെടെ നല്‍കേണ്ടി വരുമെന്ന് മറുപടി

ആലപ്പുഴ : ദേശീയപാതയില്‍ നിന്ന് കടമുറിയിലേക്കുള്ള നടവഴിക്കായി ഈടാക്കുന്ന ഫീസിലെ ഒരു വിഹിതം ദേശീയപാത ഉദ്യോസ്ഥർക്കുള്ള കൈക്കൂലിയെന്ന് കൺസൾട്ടന്‍റ്. ആലപ്പുഴ പുന്നപ്രയിലെ പ്രവാസിയില്‍ നിന്ന് രണ്ടര ലക്ഷംരൂപ ഫീസ് ആവശ്യപ്പെട്ട കണസൾട്ടന്‍റ് കെ എസ് സുശീൽ ബാബുവാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. കൺസൾട്ടന്‍റ് കൊള്ളയെ കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്ന് സമാന പരാതിയുമായി നിരവധി നാട്ടുകാര്‍ മുന്നോട്ട് വരുന്നുണ്ട്.

ദേശീയപാതയുമായി ബന്ധപ്പെട്ട പെര്‍മിറ്റുകൾക്കായി അംഗീകൃത കണ്‍സൾട്ടന്‍റുമാരെ മാത്രമേ സമീപിക്കാവൂ. ദേശീയപാത അതോറിറ്റിയുടെ കര്‍ശന നിർദേശമാണിത്.കടമുറിയിലേക്കുള്ള നടവഴിക്കായി ആലപ്പുഴ പുന്നപ്രയിലെ പ്രവാസിയായ സ്വാമിനാഥനോട് രണ്ടര ലക്ഷം രൂപ ഫീസ് ആവശ്യപ്പെട്ട വാസ്തുകന്‍ ബില്‍ഡേഴ്സ് എന്ന ഏജൻസിയെകുറിച്ച് അന്വേഷിക്കാന്‍ ഏഷ്യാനെറ്റ് ന്യൂസ് തീരുമാനിച്ചു. സ്വാമിനാഥന്‍റെ കൈവശമുള്ളത് ഒരു വിസിറ്റിംഗ് കാര്‍ഡ് മാത്രം. കാര്‍ഡില്‍ ആകെയുള്ള മേല്‍വിലാസം കെഎസ് സുശീല്‍ ബാബു,ചേര്‍ത്തല പുതിയകാവ് എന്ന്മാത്രം. പുതിയകാവിലെത്തി പലരോടും അന്വേഷിച്ച് എത്തിയത് ഇദ്ദേഹത്തിന്‍റെ വീട്ടില്‍. വാസ്തുകന്‍ ബില്‍ഡേഴ്സ് എന്ന പേരില്‍ ഒരു ബോര്‍ഡ് പോലുമില്ല. മൂന്ന് മാസം മുമ്പ് വരെ ഇവിടെയാണ് സുശില‍് ബാബു താമസിച്ചിരുന്നതെന്നും ഇപ്പോള്‍ ചേര്‍ത്തലയിലാണെന്നും വീട്ടുകാരുടെ മറുപടി.അങ്ങിനെ ചേര്‍ത്തലയിലുമെത്തി. അതും വീട് തന്നെ.ഇത്രയും വലിയ തുക ഫീസ് വാങ്ങുന്ന കമ്പനിക്ക് ഒരു ഓഫീസ് പോലുമില്ല. 

ഒരു ഇടപാടുകാരൻ എന്ന പേരില്‍ വിസിറ്റ് കാര്‍ഡിലെ നമ്പറിൽ ബന്ധപ്പെട്ടു. രണ്ടരലക്ഷം രൂപ കണ്‍സൾട്ടൻസി ഫീസ് വേണം. എന്തിന് ഇത്രയും തുകയെന്ന ചോദ്യത്തിന്, ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി ഉള്‍പ്പെടെ നല്‍കേണ്ടി വരുമെന്ന് മറുപടി. ദേശീയപാത അതോറിറ്റിയുടെ അംഗീകൃത കൺസൾട്ടന്‍റാണോ എന്ന് ഉറപ്പുവരുത്തുകയായിരുന്നു അടുത്ത ലക്ഷ്യം.ഇത് സംബന്ധിച്ച രേഖകൾ അയക്കാൻ ആവശ്യപ്പെട്ടു.എന്നാല്‍ രേഖകൾ അയച്ചില്ല. പകരം ഉരുണ്ടുകളി തന്നെ. കൺസൾട്ടന്‍റുമാരുടെ കൊള്ളയെ കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്ന് സമാന പരാതിയുമായി നിരവധി പേര്‍ മുന്നോട്ട് വരുന്നുണ്ട്.