രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ കേരളത്തിൽ തന്നെ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാനാണ് എഐസിസി നിര്‍ദേശം. ഇതുസംബന്ധിച്ച തീരുമാനം ഉടനുണ്ടാകുമെന്നാണ് വിവരം.
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ സംസ്ഥാന നേതൃത്വത്തോടെ തീരുമാനമെടുക്കാൻ നിര്‍ദേശിച്ച് എഐസിസി നേതൃത്വം. രാഹുലിനെതിരായ ആരോപണത്തിൽ ഉചിതമായ തീരുമാനം കേരളത്തിൽ തന്നെ ചര്‍ച്ച ചെയ്തെടുക്കാൻ നിര്‍ദേശിച്ചെന്ന് എഐസിസി വൃത്തങ്ങള്‍ അറിയിച്ചു. രാഹുലിനെതിരായ നടപടിയടക്കമുള്ള കാര്യത്തിൽ കേരളത്തിൽ തന്നെ വൈകാതെ തീരുമാനം ഉണ്ടാകും. രാഹുലിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുമെന്നാണ് വിവരം. പകരം വൈസ് പ്രസിഡന്‍റ് അബിൻ വര്‍ക്കിക്ക് തൽക്കാലം ചുമതല നൽകാനും സാധ്യതയുണ്ട്. അതേസമയം, പാര്‍ട്ടി തലത്തിൽ ചർച്ച ചെയ്യേണ്ട വിഷയമെന്ന് കെ സുധാകരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ആരോപണങ്ങള്‍ പാർട്ടി ചർച്ച ചെയ്യുമെന്നും കെ സുധാകരൻ പറഞ്ഞു.സമയമാകുമ്പോൾ പ്രതികരിക്കാമെന്ന് അടൂർ പ്രകാശ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം, വിഷയത്തിൽ കെസി വേണുഗോപാലിന്‍റെ പ്രതികരണം തേടിയെങ്കിലും പ്രതികരിച്ചില്ല.കോൺഗ്രസ് ഉചിതമായ തീരുമാനം എടുക്കണമെന്ന് പി സന്തോഷ് കുമാർ എംപി ആവശ്യപ്പെട്ടു. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ പ്രതികരിക്കാനില്ലെന്ന് ഇടി മുഹമ്മദ് ബഷീർ പറഞ്ഞു.നേതാക്കളെ ഈ വിധം ഇകഴ്ത്തുന്ന പതിവ് നേരത്തെ മുതലുണ്ടെന്നും ഇ ടി മുഹമ്മദ് ബഷീര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.



