തിരുവനന്തപുരം: മാവോയിസ്റ്റ് വേട്ടക്ക് വേണ്ടി സജ്ജമാക്കിയ തണ്ടര്‍ബോൾട്ട് സംഘത്തിന്‍റെ മറവിലും സംസ്ഥാന പൊലീസിൽ വൻ അഴിമതി നടന്നെന്ന് ആരോപണം. തണ്ടര്‍ ബോൾട്ടിന് വേണ്ടി ക്യാമറകൾ വാങ്ങിയതിലാണ് ക്രമക്കേട് ഉണ്ടെന്ന വിവരങ്ങൾ പുറത്ത് വരുന്നത്. 95 ലക്ഷം രൂപ മുടക്കി വാങ്ങിയ നൈറ്റ് വിഷൻ റിമോട്ട് ക്യാമറകൾ കഴിഞ്ഞ അഞ്ച് വർഷമായി  ഉപയോഗിക്കാൻ കഴിയാതെ സ്റ്റോറിൽ കെട്ടിക്കിടക്കുകയാണ്. പൊലീസിന് യൂണിഫോം തുണി നൽകുന്ന സ്ഥാപനമാണ് ബിനാമി പേരിൽ ടെണ്ടറിൽ പങ്കെടുത്തതെന്ന് ആഭ്യന്തര പരിശോധനയിൽ തെളിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടുമില്ല 

വെടിയുണ്ടകൾ കാണാതായ സംഭവത്തിലും സിംസ് പദ്ധതിയിലും സിഎജി റിപ്പോര്‍ട്ടിലൂടെ ക്രമക്കേട് വെളിച്ചത്ത് വരുന്നതിനിടെയാണ് ഡിജിപി  ലോക്നാഥ് ബെഹ്റയെ സംശയത്തിന്‍റെ നിഴലിലാക്കുന്ന മറ്റൊരു ഇടപാട് കൂടി പുറത്താകുന്നത്. ബെഹ്റ പൊലീസ് ആസ്ഥാനത്ത് നവീകരണചുമതലയുള്ള എഡിജിപിയായിരിക്കുമ്പോഴാണ് നൈറ്റ് വിഷൻ ക്യാമറകൾ വാങ്ങിയത്.

 കോർ ഇ.എൽ.ടെക്നോളജീസ് എന്ന സ്ഥാപനം മാത്രമാണ് ടെണ്ടറിൽ പങ്കെടുത്തത്. ഒറ്റ കമ്പനി മാത്രം ടെണ്ടറിൽ പങ്കെടുക്കുകയാണെങ്കിൽ വീണ്ടും ടെണ്ടർ വിളിക്കുകയോ കമ്പനിയുമായി വീണ്ടും വിലപേശൽ നടക്കുകയോ  ചെയ്യണമെന്നാണ് ചട്ടം. ഇതൊന്നു കൂടാതെ കമ്പനിക്ക് ടെണ്ടർ അനുവദിച്ചു. മാത്രമല്ല രണ്ട് ക്യാമറകള്‍ വരുന്നതിന് മുമ്പേ കമ്പനിക്ക് പണം അനുവദിക്കാനും ഉത്തരവിട്ടു.

ക്യാമറ വരാതെ പണം നൽകാനുള്ള നീക്കം ആഭ്യന്തര ഓഡിറ്റ് പിടികൂടിയതോടെ പണം നൽകുന്നത് മരവിപ്പിച്ചു. പിന്നീടാണ് കൂടുതൽ കള്ളക്കളി പുറത്തായത്. പൊലീസിന്  യൂണിഫോം തുണി നൽകന്ന  തലസ്ഥാനത്ത ഒരു സ്ഥാപനത്തിനൻറെ ബിനാമി സ്ഥാപനമാണ് ക്യാമറകളും വിതരണം ചെയ്ത കമ്പനി. ക്യമാറകള്‍ വന്നുവെങ്കിലും ഇതിൻറെ പ്രവർ‍ത്തനം പൊലീസിനെ പഠിപ്പിക്കാൻ കമ്പനിയിൽ നിന്നും വിദഗ്ധരാരും വന്നില്ല. ടെണ്ടറിൽ ഇക്കാര്യം പറഞ്ഞിട്ടില്ലെന്നാണ് കമ്പനിയുടെ വാദം. 

ബംഗലൂരു പൊലീസും സമാനമായ ക്യാമറ വാങ്ങിയിരുന്നു. മൂന്നു വർഷത്തെ വാറണ്ടിയിലാണ് ക്യാമറ വാങ്ങിയെതെങ്കിൽ കേരള പൊലീസ് ഒരു വർഷത്തെ വാറണ്ടിയാണ് ടെണ്ടറിൽ മുന്നോട്ടുവച്ചത്. വയനാട്, മലപ്പുറം എസ്പിമാരും ആൻറി ടെററിസ്റ്റ്  സ്ക്വാഡ് എസ്പിയും ക്യാമറകള്‍ നിലവാരം കുറഞ്ഞതാണെന്ന് മുൻ ഡിജിപി സെൻകുമാറിന് കത്തയെഴുതി. കമ്പനിക്ക് പണം നൽകരുതെന്നും ടെണ്ടർ നടപടികള്‍ പാലിക്കാത്ത സധനങ്ങള്‍ വാങ്ങിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പൊലീസ് ആസ്ഥാനത്തുനിന്നും സർക്കാരിന് കത്തയച്ചു. കമ്പനിക്ക് സർക്കാർ ഇതുവരെ പണം നൽകിയിട്ടില്ല. പക്ഷെ പൊലീസ് വാങ്ങിയ ക്യാമകള്‍ ഇപ്പോഴും മലപ്പുറം അരീക്കോട് ആൻറി ടെററിസ്റ്റ് യൂണിറ്റിലെ സ്റ്റോറിലിൽ പൊടിപൊടിച്ചുകിടക്കുകയാണ്