ഗവര്‍ണറുടെ നീക്കങ്ങള്‍ക്ക് പിന്നില്‍ ബാഹ്യ ഇടപെടല്‍ സംശയിച്ചിരുന്നത് കൊണ്ടാണ് ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്താതെ മുഖ്യമന്ത്രി ഒഴിഞ്ഞ് മാറിയത്.
തിരുവനന്തപുരം: ഗവര്‍ണര്‍ സര്‍ക്കാര്‍ പോരില്‍ രാഷ്ട്രപതിയുടെ പേര് കൂടിയെത്തിയതോടെ സര്‍ക്കാര്‍ വീണ്ടും വെട്ടിലായി. രാഷ്ട്രപതിക്ക് ഡിലിറ്റ് നല്‍കാനുള്ള ശുപാര്‍ശ സര്‍ക്കാരിന് മുന്നിലെത്തിയിരുന്നില്ലെന്ന് ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ആര്‍.ബിന്ദു പറഞ്ഞു. രാജ്യത്തിന്‍റെ അന്തസിനെ ബാധിക്കുന്ന ചിലത് നടന്നുവെന്ന ഗവര്‍ണറുടെ വെളിപ്പെടുത്തല്‍ ഏറ്റെടുത്ത പ്രതിപക്ഷം എന്താണ് സംഭവിച്ചതെന്ന ചോദ്യമുന്നയിക്കുമ്പോള്‍ സ്വാഭാവികമായും മറുപടി പറയേണ്ട ബാധ്യത മുഖ്യമന്ത്രിയിലേക്കെത്തുകയാണ്.
അഭിമാനക്ഷതമുണ്ടാക്കുന്ന ചിലത് നടന്നുവെന്ന ഗവര്‍ണറുടെ തുറന്ന്പറച്ചില്‍ സര്‍ക്കാരിനെയും മുന്നണിയേയും ഞെട്ടിച്ചിരിക്കുകയാണ്. രാഷ്ട്രപതിക്ക് ഡിലിറ്റ് ബിരുദം കൊടുക്കണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശം സര്‍ക്കാര്‍ തള്ളിയെന്നാണ് പ്രതിപക്ഷാരോപണം. എന്നാൽ അങ്ങനെയൊന്നുണ്ടായിട്ടില്ലെന്ന് മന്ത്രി ആര്‍ ബിന്ദു പറയുന്നു. രമേശ് ചെന്നിത്തലയുടെ ആരോപണം ഏറ്റുപിടിച്ച് കേന്ദ്രമന്ത്രി വി.മുരളീധരനും സര്‍ക്കാരിനെതിരെ തിരിഞ്ഞു. ഇത്തരമൊരു തീരുമാനം എടുക്കാനുള്ള അധികാരം സര്‍ക്കാരിനുണ്ടോ എന്നാണ് കേന്ദ്രമന്ത്രിയുടെ ചോദ്യം
ഗവര്‍ണറുടെ നീക്കങ്ങള്‍ക്ക് പിന്നില്‍ ബാഹ്യ ഇടപെടല്‍ സംശയിച്ചിരുന്നത് കൊണ്ടാണ് ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്താതെ മുഖ്യമന്ത്രി ഒഴിഞ്ഞ് മാറിയത്. വിവാദത്തില്‍ രാഷ്ട്രപതിയുടെ പേര് വന്നത് കൊണ്ടും ആരോപണമുന്നയിക്കുന്നത് ഗവര്‍ണറായത് കൊണ്ടും ബിജെപിയും കോണ്‍ഗ്രസും രാഷ്ട്രീയവിഷയമാക്കി മാറ്റുന്നത് കൊണ്ടും മുഖ്യമന്ത്രി തന്നെ മറുപടിയുമായി രംഗത്തെത്തിയേക്കും. സമവായ ചര്‍ച്ചക്ക് പോലും തയ്യാറാകാതെ മുഖ്യമന്ത്രിയും ഗവര്‍ണറും രണ്ട് വഴിക്ക് നില്‍ക്കുമ്പോള്‍ ഇനിയെന്തെന്ന ചോദ്യവും പ്രസക്തമാണ്.
കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ടപ്പോൾ ആണ് രാജ്യത്തിന് തന്നെ അഭിമാനക്ഷതമുണ്ടാക്കുന്ന ചില കാര്യങ്ങൾ നടന്നതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞത്. രാഷ്ട്രപതിക്ക് ഓണററി ഡിലിറ്റ് നൽകാനുള്ള ശുപാർശ സംസ്ഥാന സർക്കാർ ഇടപെട്ട് തള്ളിയതാണ് രാജ്യത്തിന് അഭിമാനക്ഷതമുണ്ടാക്കുന്ന കാര്യമായി ഗവർണ്ണർ പറഞ്ഞതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് പറഞ്ഞതോടെയാണ് സംഭവം പുതിയ വിവാദമായി കത്തിക്കയറിയത്. ഡിലിറ്റ് വിഷയത്തിൽ ഇടപെടാൻ സര്‍ക്കാരിന് അധികാരമുണ്ടോയന്നതടക്കം ആറു ചോദ്യങ്ങള്‍ സര്‍ക്കാരിനോടും ഗവര്‍ണറോടും സര്‍വകലാശാലകളോടും ചെന്നിത്തല ഉന്നയിച്ചു.
ഉന്നതവിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ ഇടപടെലിനൊപ്പം രാഷ്ടപതിക്ക് ഡിലിറ്റ് നൽകണമെന്ന ശുപാശ തള്ളിയതും ഗവർണ്ണറുടെ പ്രകോപനത്തിന് കാരണമാണെന്ന് അഭ്യൂഹം നേരത്തെ ഉണ്ടായിരുന്നു. പക്ഷെ ഇക്കാര്യം രാജ്ഭവനോ കേരള സർവ്വകലാശാലയോ സ്ഥിരീകരിച്ചിരുന്നില്ല. ഗവർണ്ണറുടെ കഴിഞ്ഞ ദിവസത്തെ പ്രതികരണത്തോടെ ശക്തമായ അഭ്യൂഹങ്ങൾ ഏറ്റെടുത്താണ് ചെന്നിത്തല ഗുരുതര ചോദ്യങ്ങളുയർത്തുന്നത്
രാഷ്ട്പതിക്ക് ഡിലിറ്റ് നൽകാൻ കേരള വിസിക്കുള്ള ചാൻ്സ്ലറുടെ ശുപാർശ സർക്കാർ ഇടപെട്ട് അട്ടിമറിച്ചുവെന്നാണ് ചെന്നിത്തല പറഞ്ഞുവെക്കുന്നത്. എന്നാൽ ഒന്നും പറയാനില്ലെന്നായിരുന്നു കേരള വിസി വിപി മഹാദേവൻപിള്ളയുടെ പ്രതികരണം. കഴിഞ്ഞയാഴ്ച സംസ്ഥാന സന്ദർശനത്തിനെത്തിയ് രാഷ്ട്രപതിക്ക് തിരുവനന്തപുരത്തെ 23നായിരുന്നു പരിപാടി. രാവിലെ പിഎൻ പണിക്കർ പ്രതിമ അനാച്ഛാദനം മാത്രമായിരുന്നു ഔദ്യോഗിക ചടങ്ങ്.
ഈ ദിവസം ഡിലിറ്റ് നൽകാനായിരുന്നു ഗവർണ്ണറുടെ ശുപാർശ എന്നാണ് നേരത്തെ ഉയർന്ന സൂചനകൾ. സാധാരണനിലയിൽ ഓണററി ഡീലിറ്റ് നൽകേണ്ടവരുടെ പേര് സിണ്ടിക്കേറ്റ് യോഗത്തിൽ വിസിയാണ് വെക്കാറ്. ചാൻസ്ലർ ശുപാർശ ചെയ്തെങ്കിൽ അതും പറയാം. സിണ്ടിക്കേറ്റും പിന്നെ സെനറ്റും അംഗീകരിച്ച് ഗവർണ്ണറുടെ അനുമതിയോടെയാണ് ഡിലിറ്റ് നൽകാറുള്ളത്. ഇവിടെ രാഷ്ട്രപതിക്കുള്ള ഡിലിറ്റ് തടഞ്ഞുവെന്നാണ് ഗുരുതര ആരോപണം. സർക്കാർ ഇടപെട്ടിട്ടുണടെങ്കിൽ എന്തിനാണ് എന്നുള്ളതും ഗൗരവമേറിയ ചോദ്യം.
സർക്കാറും ഗവർണ്ണറും വിശദീകരണം നൽകേണ്ട സാഹചര്യമാണ്. മുൻ കാലടി വിസി കാലാവധി ഒഴിയും മുമ്പ് മൂന്ന് പേർക്ക് ഓണററി ഡിലിറ്റ് നൽകാനുള്ള ശുപാർശ ഗവർണ്ണക്ക് സമർപ്പിച്ചിരുന്നോ എന്നും എന്ത് കൊണ്ട് ഗവർണ്ണർ അത് തടഞ്ഞുവെന്നുമുള്ള ചോദ്ങ്ങളും മുൻ പ്രതിപക്ഷനേതാവ് ഉയർത്തി. ഇതേക്കുറിച്ചുള്ള ചോദ്യങ്ങളോട് പക്ഷേ മുൻ വിസി ഡോ.ധർമ്മരാജ് അടാട്ട് പ്രതികരിച്ചില്ല.