രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെക്കാത്ത സാഹചര്യത്തില്‍ വീണ്ടും പ്രതികരണവുമായി ജോസഫ് വാഴയ്ക്കൻ
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കാത്ത സാഹചര്യത്തില്‍ വീണ്ടും പ്രതികരണവുമായി ജോസഫ് വാഴയ്ക്കൻ. രാഹുല്‍ രാജിവെക്കണമെന്നും വ്യക്തികളുണ്ടാക്കുന്ന വിഴുപ്പലക്കേണ്ട ബാധ്യത പാര്‍ട്ടിക്ക് ഇല്ലെന്നുമാണ് ജോസഫ് വാഴയ്ക്കൻ പറയുന്നത്. രാഹുലിനെതിരെ കുറച്ചു ദിവസമായി ആരോപണങ്ങൾ ഉയരുന്നുണ്ട്. എനിക്കതിന്‍റെ സത്യാവസ്ഥ അറിയില്ല. എന്നാല്‍ മാധ്യമങ്ങളില്‍ ഇത്തരം ആരോപണങ്ങളെ കുറിച്ചുള്ള വാര്‍ത്തകൾ വരുന്നുണ്ട്. ഇത് തെറ്റാണെങ്കില്‍ രാഹുല്‍ അത് സമൂഹത്തിന് മുന്നില്‍ തെളിയിക്കണം. അല്ലെങ്കില്‍ പാര്‍ട്ടിയെ എങ്കിലും ബോധ്യപ്പെടുത്തണം. അത് ബോധ്യപ്പെടുത്താത്ത സാഹചര്യത്തില്‍ ഇതേറ്റെടുക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കും യൂത്ത് കോണ്‍ഗ്രസിനും ഉത്തരവാദിത്തമില്ല. ആരോപണങ്ങളില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ അദ്ദേഹം രാജിവെച്ച് പോകണം അതല്ലെങ്കില്‍ അദ്ദേഹത്തിന്‍റെ പേരില്‍ നടപടി സ്വീകരിക്കണം. വ്യക്തികൾ ഉണ്ടാക്കുന്ന വിഴുപ്പലക്കേണ്ട കാര്യം പാര്‍ട്ടിക്കില്ല എന്ന് ജോസഫ് വാഴയ്ക്കൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് വീണ്ടും മാധ്യമങ്ങളെ കണ്ടെങ്കിലും രാജി സൂചന നല്‍കിയിട്ടില്ല. അടിസ്ഥാന പരമായി ഒരു പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് താന്‍ കാരണം തലകുനിക്കേണ്ടി വരില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. തനിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയ അവന്തിക എന്ന ട്രാന്‍സ് വുമണുമായി ഒരു മാധ്യമ പ്രവര്‍ത്തകന്‍ നടത്തിയ സംഭാഷണവും രാഹുല്‍ പുറത്തുവിട്ടു. രാഹുലിനെതിരെ ആരോപണം ഉണ്ടോ എന്നാണ് മാധ്യമ പ്രവര്‍ത്തകന്‍ അവന്തികയോട് ചോദിച്ചത്. രാഹുലിനെതിരെ ഒരു ആരോപണവും ഇല്ലെന്നാണ് അവന്തിക മറുപടിയായി പറയുന്നത്. ആഗസ്റ്റ് ഒന്നിനാണ് ഈ ഫോണ്‍ കോൾ ഉണ്ടായത്. ബാക്കി കാര്യങ്ങള്‍ പിന്നീട് പറയാം എന്ന് പറഞ്ഞ് രാഹുല്‍ വാര്‍ത്താ സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.
