പ്രസവം കഴിഞ്ഞ യുവതിയുടെ ശരീരത്തിനകത്ത് കോട്ടൺ തുണി പുറത്തെടുത്തില്ലെന്നാണ് ആരോപണം.
മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിനെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം. പ്രസവം കഴിഞ്ഞ യുവതിയുടെ ശരീരത്തിനകത്ത് നിന്ന് കോട്ടൺ തുണി പുറത്തെടുത്തില്ലെന്നാണ് ആരോപണം. വേദനയും ദുർഗന്ധവും കാരണം ചികിത്സ തേടിയിട്ടും തുണി കണ്ടെത്തിയില്ല. ഒടുവിൽ 75 ദിവസത്തിന് ശേഷമാണ് ശരീരത്തിൽ നിന്ന് കോട്ടൺ തുണി തനിയെ പുറത്തുവന്നത്. രക്തസ്രാവം തടയാൻ വച്ച തുണിയാണ് പുറത്തെടുക്കാതിരുന്നത്. മന്ത്രി കേളുവിനും പോലീസിനും പരാതി നൽകിയിട്ടുണ്ടെന്ന് യുവതി വ്യക്തമാക്കി.
രണ്ട് പ്രാവശ്യം പരിശോധിച്ചെങ്കിലും ഒരു കുഴപ്പവുമില്ലെന്നാണ് പറഞ്ഞത്. ഞാനപ്പോഴും അമ്മയോട് പറഞ്ഞു ഉള്ളിലെന്തോ ഉണ്ടെന്ന്. സഹിക്കാൻ പറ്റാത്ത വേദനയായിരുന്നു. രാത്രി മുഴുവൻ വയറിന് വേദനയായി. അവസാനം 75 ദിവസം കഴിഞ്ഞപ്പോഴാണ് തനിയെ പുറത്ത് വന്നത്. യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഗുരുതരമായ ചികിത്സ പിഴവ് ആരോപണമാണ് വയനാട് മെഡിക്കൽ കോളേജിന് എതിരെ ഉയര്‍ന്നിരിക്കുന്നത്. 21കാരിയായ പെണ്‍കുട്ടിക്ക് നോര്‍മൽ പ്രസവമാണ് നടന്നത്. എന്നാൽ വീട്ടിലെത്തിയതിന് ശേഷം അസഹ്യമായ വയറുവേദനയും ദുര്‍ഗന്ധവും അനുഭവപ്പെട്ടു. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി വിവരം പറഞ്ഞ് ചികിത്സ തേടി. എന്നാൽ ഡോക്ടര്‍ പ്രാഥമിക പരിശോധന നടത്തി, വെള്ളം നന്നായി കുടിക്കണം എന്ന് പറഞ്ഞു വിട്ടു എന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. വീണ്ടും വേദന വന്നപ്പോള്‍ പോയെങ്കിലും പരിശോധനയൊന്നും നടത്താതെ ഇതേ മറുപടി തന്നെയാണ് നൽകിയത്.
പിന്നീട് 75 ദിവസം കഴിഞ്ഞ് യുവതിയുടെ ശരീരത്തിൽ നിന്ന് തുണി തനിയെ പുറത്തുവന്നത്. രക്തസ്രാവം തടയാൻ പ്രസവ സമയത്ത് ഡോക്ടര്‍മാര്‍ ഉപയോഗിക്കുന്ന കോട്ടണ്‍ തുണിയാണ് യുവതിയുടെ ശരീരത്തിൽ നിന്ന് പുറത്തുവന്നിരിക്കുന്നത്. തുണി വെച്ചിട്ടുണ്ടോ എന്ന പരിശോധനയൊന്നും ഡോക്ടര്‍മാര്‍ നടത്തിയിട്ടില്ലെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. മന്ത്രി ഒ ആര്‍ കേളുവിനും പൊലീസിലും പരാതി നൽകിയിട്ടുണ്ടെന്ന് യുവതി വ്യക്തമാക്കി.



