നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കെഎസ്‌യു സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെക്കുന്നുവെന്ന വാർത്തകൾ അലോഷ്യസ് സേവ്യർ നിഷേധിച്ചു. തൻ്റെ ഹൃദയ തുടിപ്പാണ് കെഎസ്‌യു എന്നും ജീവശ്വാസമാണ് കോൺഗ്രസെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു. അതേസമയം, രാജിക്കൊരുങ്ങിയ അലോഷ്യസിനെ കെപിസിസി പ്രസിഡൻ്റ് ഇടപെട്ട് അനുനയിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് കെഎസ്‌യു സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെക്കാനൊരുങ്ങുന്നുവെന്ന വാർത്തയോട് പ്രതികരിച്ച് അലോഷ്യസ് സേവ്യർ. സംസ്ഥാന പ്രസിഡന്റ് ചുമതലയിൽ നിന്നും രാജി നൽകിയെന്ന വാർത്തകൾ അവാസ്തവമാണ്. കെഎസ്‌യുവിൻ്റെ മുന്നേറ്റത്തിനും കോൺഗ്രസ് അധികാരത്തിൽ വരുന്നതിനുമായിരുന്നു താൻ പ്രവർത്തിച്ചത്. തൻ്റെ ഹൃദയ തുടിപ്പാണ് കെഎസ്‌യു എന്നും തൻ്റെ ജീവശ്വാസമാണ് കോൺഗ്രസെന്നും അദ്ദേഹം ഫെയ്‌സ്ബുക് കുറിപ്പിൽ പറഞ്ഞു. അതേസമയം രാജിക്കൊരുങ്ങിയ അലോഷ്യസിനെ കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് ഇടപെട്ടാണ് അനുനയിപ്പിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.

ഫെയ്‌സ്ബുക് പോസ്റ്റിൽ പറയുന്നത് ഇങ്ങനെ

KSU സംസ്ഥാന പ്രസിഡന്റ് ചുമതലയിൽ നിന്നും രാജി നൽകിയെന്ന വാർത്തകൾ അവാസ്തവം.

കെഎസ്‍യു സംസ്ഥാന പ്രസിഡന്റ്‌ ആയനാൾ മുതൽ ഇന്നുവരെ, എനിക്കു വേണ്ടിയോ എന്റെ പേരിനു വേണ്ടിയോ ഒന്നും ചെയ്തിട്ടില....!

പ്രവർത്തനം ആകെയും സംഘടനക്ക്‌ വേണ്ടിയായിരുന്നു...!

ഇടുക്കിയുടെ മലയോര മേഖലയിൽ നിന്നും വരുന്ന എന്നെ സമ്പാദിച്ചടുത്തോളം ഓരോ നിമിഷവും പോരാട്ടങ്ങളുടേത് ആയിരുന്നു...!

ഓരോ വാക്കിലും നോക്കിലും പ്രവർത്തിയിലും കെഎസ്‍യു വിന്റെ മുന്നേറ്റവും പാർട്ടി അധികാരത്തിൽ വരിക എന്നതും ആയിരുന്നു എന്റെ ജീവിതത്തിന്റെ ആഹാരം...!

എന്റെ സഹപ്രവർത്തകർ പോലീസിന്റ അക്രമം ഏറ്റുവാങ്ങുമ്പോഴും സിപിഎം ക്രിമിനലുകളാൽ വേട്ടയാടപെടുമ്പോഴും...!

സഹപ്രവർത്തകരുടെ വികാരം എന്റെ ഹൃദയ വികാരമായി കണ്ടാണ് ഞാൻ മുൻപോട്ട് പോയത്...!

വാർത്തകൾ ഇപ്പോളാണ് ശ്രദ്ധയിൽ പെട്ടത്, വാർത്തകൾ അല്ലല്ലോ വസ്തുതകൾ...!

എന്റെ ഹൃദയ തുടിപ്പാണ് കെഎസ്‍യു...!

എന്നിലെ ജീവ ശ്വാസമാണ് എന്റെ പാർട്ടി...!