ദില്ലി: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം കത്തയച്ചു. കാസർകോഡ് മുതൽ പാറശ്ശാല വരെയുള്ള ദേശിയപാത വികസനം ഒന്നാം മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് കണ്ണന്താനം കത്തില്‍ ആവശ്യപ്പെട്ടു. കത്തയക്കുന്നത്‌ മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലെന്നും അൽഫോൻസ്  കണ്ണന്താനം വ്യക്തമാക്കി. 

അതേസമയം സംസ്ഥാനത്തെ വികസനത്തിന്‍റെ ചിറക് അരിയാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്ന് ദേശീയപാതാ വികസനത്തെ മുന്‍നിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി.  കേരളത്തിലെ ദേശീയ പാത വികസനം തടസപ്പെടുത്താൻ ബോധപൂര്‍വ്വമായ ശ്രമം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻആരോപിച്ചു. യാതൊരു കാരണവും പറയാതെയാണ് സംസ്ഥാനത്തെ ദേശീയപാത വികസനത്തിൽ നിന്ന് ദേശീയപാത അതോറിറ്റി പിൻമാറുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. സ്ഥലമേറ്റെടുപ്പ് അടക്കം നടപടികൾ ക്രിയാത്മകമായി മുന്നോട്ട് പോകുകയാണ്. ഇതിനിടയിലാണ് പദ്ധതി നിര്‍ത്തിവയ്കക്കാൻ തീരുമാനിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. 

പ്രളയത്തിന്റെ പേരു പറഞ്ഞ് ദേശീയ പാത വികസനത്തിനുള്ള സ്ഥലമേറ്റെടുപ്പ് നിര്‍ത്തി വയ്ക്കണമെന്ന് കേന്ദ്രത്തിന് കത്തെഴുതിയ പിഎസ് ശ്രീധരൻ പിള്ളയുടെ നടപടിയേയും മുഖ്യമന്ത്രി നിശിതമായ ഭാഷയിലാണ് വിമര്‍ശിച്ചത്. പരാതി ഉണ്ടെങ്കിൽ അത് പറയേണ്ടിയിരുന്നത് സംസ്ഥാന സര്‍ക്കാറിനോടാണ്. രഹസ്യമായി കേന്ദ്ര സര്‍ക്കാരിന് കത്തെഴുതിയ പിഎസ് ശ്രീധരൻ പിള്ള സാഡിസ്റ്റാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.