Asianet News MalayalamAsianet News Malayalam

ആലുവയിലെ കുഞ്ഞ് മരിച്ചത് നാണയം വിഴുങ്ങിയിട്ടല്ല, ശ്വാസതടസമെന്ന് രാസപരിശോധനാ ഫലം

ആലുവ കടുങ്ങല്ലൂര്‍ സ്വദേശിയായ മൂന്ന് വയസുകാരൻ പൃഥ്വിരാജാണ് മരിച്ചത്. ഒരു രൂപ നാണയം വിഴുങ്ങി 18 മണിക്കൂറിനകമായിരുന്നു മരണം. ചികിത്സാപിഴവ് മൂലമാണ് മരണമെന്ന ആരോപണം കുട്ടിയുടെ ബന്ധുക്കള്‍ ഉന്നയിച്ചിരുന്നു

Aluva boy death reason revealed
Author
Kochi, First Published Aug 21, 2020, 6:32 PM IST

ആലുവ: ആലുവയിൽ നാണയം വിഴുങ്ങിയ കുട്ടി മരിച്ച സംഭവത്തിൽ മരണ കാരണം ശ്വാസതടസമെന്ന് രാസപരിശോധന ഫലം. നാണയം വിഴുങ്ങിയത് മൂലമല്ല ശ്വാസ തടസം ഉണ്ടായത്. കുട്ടിക്ക് മുൻപും ശ്വാസതടസം ഉണ്ടായിട്ടുള്ളതായി സംശയം ഉയർന്നു. ആന്തരിക അവയവ പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

ആലുവ കടുങ്ങല്ലൂര്‍ സ്വദേശിയായ മൂന്ന് വയസുകാരൻ പൃഥ്വിരാജാണ് മരിച്ചത്. ഒരു രൂപ നാണയം വിഴുങ്ങി 18 മണിക്കൂറിനകമായിരുന്നു മരണം. ചികിത്സാപിഴവ് മൂലമാണ് മരണമെന്ന ആരോപണം കുട്ടിയുടെ ബന്ധുക്കള്‍ ഉന്നയിച്ചിരുന്നു. മൂന്ന് ആശുപത്രികളുടെ അനാസ്ഥ ആരോപിക്കപ്പെട്ട വിഷയം സംസ്ഥാനത്ത് വലിയ തോതിൽ ചർച്ചയായിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിൽ കുട്ടിയുടെ വയറ്റിൽ രണ്ട് നാണയങ്ങൾ ഉണ്ടായിരുന്നുവെന്ന് വ്യക്തമായി.

നാണയം വിഴുങ്ങിയതിന് പിന്നാലെ ആലുവ താലൂക്ക് ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, ആലപ്പുഴ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ കുട്ടിയെ എത്തിച്ചിരുന്നു. പഴവും വെള്ളവും കൊടുത്താല്‍ മലത്തിനോടൊപ്പം നാണയവും പുറത്തേക്ക് വരുമെന്ന് പറഞ്ഞ് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം.

കുട്ടി രണ്ട് നാണയങ്ങൾ വിഴുങ്ങിയിരുന്നതായി പോസ്റ്റ്മോർട്ടം പരിശോധനയിലാണ് കണ്ടെത്തിയത്. വൻ കുടലിന്‍റെ ഭാഗത്തായിരുന്നു നാണയങ്ങള്‍ ഉണ്ടായിരുന്നത്.  ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലം വന്നാൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നായിരുന്നു പോസ്റ്റ്‍മോര്‍ട്ടം നടത്തിയ ഡോക്ടർമാർ അന്ന് പറഞ്ഞത്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‍മോര്‍ട്ടത്തിന് ശേഷം മൃതദേഹം സ്വദേശമായ കൊല്ലം പരവൂരിൽ സംസ്കരിച്ചു.
 

Follow Us:
Download App:
  • android
  • ios