Asianet News MalayalamAsianet News Malayalam

കേരളത്തെ നടുക്കിയ ക്രൂരത; ആലുവ കേസില്‍ പ്രതി അസ്ഫാക് ആലത്തിനുള്ള ശിക്ഷ ഇന്ന് വിധിക്കും

ശിശു ദിനത്തിലും പോക്സോ നിയമങ്ങൾ രാജ്യത്ത് നിലവിൽ വന്ന ദിവസവുമാണ് ശിക്ഷാ പ്രഖ്യാപനമെന്ന പ്രത്യേകതയുമുണ്ട്.

aluva case, Accused Asfaq Alam will be sentenced today
Author
First Published Nov 14, 2023, 5:29 AM IST

കൊച്ചി:കേരളത്തെ നടുക്കിയ ആലുവ കേസില്‍ പ്രതി ബിഹാർ സ്വദേശി അസ്ഫാക് ആലത്തിനുള്ള ശിക്ഷ ഇന്ന് വിധിക്കും. 13 വകുപ്പുകളിലാണ് എറണാകുളം പോക്സോ കോടതി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ആലുവയിൽ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിലാണ് വിധി. രാവിലെ പതിനൊന്നിന് എറണാകുളം പോക്സോ കോടതി ജ‍ഡ്ജി കെ സോമനാണ് വിധി പറയുക. ശിശു ദിനത്തിലും പോക്സോ നിയമങ്ങൾ രാജ്യത്ത് നിലവിൽ വന്ന ദിവസവുമാണ് ശിക്ഷാ പ്രഖ്യാപനമെന്ന പ്രത്യേകതയുമുണ്ട്.

അതിഥിത്തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടുപോയി ആലുവ മാ‍‍ർക്കറ്റിലെ ആളൊഴിഞ്ഞ കോണിൽവെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. കുറ്റക്കാരനെന്ന് കണ്ടെത്തിയ 13 വകുപ്പുകളിലും ശിക്ഷ പ്രഖ്യാപിക്കും. കൊലപാതകം, 12 വയസിൽ താഴെയുള്ള കുട്ടിയെ
ബലാത്സംഗം ചെയ്യൽ അടക്കം നാലുകുറ്റങ്ങൾക്ക് പരമാവധി വധശിക്ഷ വരെ നൽകാൻ കഴിയും. പ്രതിയായ അസ്ഫാക് ആലത്തിന് മനസാക്ഷിയില്ലെന്നും വധശിക്ഷയ്ക്ക് അർഹനാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ നിലപാടെടുത്തിരുന്നു.  എന്നാല്‍, പ്രതിക്ക് 28 വയസ്സാണ് പ്രായമെന്നും മാനസാന്തരത്തിനുള്ള സാധ്യത കണക്കിലെടുത്തും കുറഞ്ഞ ശിക്ഷ നൽകണമെന്നാണ് പ്രതിഭാഗത്തിന്‍റെ ആവശ്യം.

ജൂലൈ 28 നാണ് ഇതര സംസ്ഥാന തൊഴിലാളി ദമ്പതികളുടെ അഞ്ച് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ആലുവ മാർക്കറ്റിന് സമീപം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. കേസില്‍ പ്രത്യേകസംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. 30 ദിവസത്തിനുള്ളില്‍ കുറ്റപത്രം വന്നു. ഒക്ടോബര്‍ 4 ന് തുടങ്ങിയ വിചാരണ 26 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി മിന്നല്‍ വേഗത്തില്‍ വിധി പറയുന്നത്. ബിഹാര്‍ സ്വദേശി അസ്‍ഫാക് ആലം മാത്രമാണ് കേസിലെ പ്രതി. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ക്ക് പുറമെ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി 16 കുറ്റങ്ങളാണ് അസ്ഫാക്കിനെതിരെ ചുമത്തിയത്. മൂന്നെണ്ണത്തിന് പരമാവധി വധ ശിക്ഷ വരെ ലഭിക്കാം.

കുട്ടിയുടെ വീടിനടുത്ത് തന്നെയായിരുന്നു അസ്ഫാക്കും താമസിച്ചിരുന്നത്. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ജ്യൂസ് വാങ്ങിക്കൊടുത്ത് പ്രലോഭിപ്പിച്ച് ആലുവ മാര്‍ക്കറ്റിലെ മാലിന്യകൂമ്പാരത്തിന് പിന്നിലെത്തിച്ച് മദ്യം കുടിപ്പിച്ചായിരുന്നു കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. തെളിവ് നശിപ്പിക്കാന്‍ കുട്ടി ധരിച്ചിരുന്ന ബനിയന്‍ തന്നെ എടുത്ത് കഴുത്ത് ഞെരിച്ച് കൊന്നു. മുഖം കല്ലുകൊണ്ട് ഇടിച്ച് വികൃതമാക്കി. കുഞ്ഞിനെ ചാക്കില്‍ കെട്ടി കരിയില കള്‍ക്കുള്ളില്‍ മൂടി. പ്രതിയെ അന്ന് തന്നെ പിടിയിരുന്നു. 50 ഓളം സിസിടിവി ദൃശ്യങ്ങളും മറ്റ് ശാസ്ത്രീയ തെളിവുകളും ശേഖരിച്ചായിരുന്നു പൊലീസ് അന്വേഷണം. ബലാത്സംഗക്കേസില്‍ പ്രതി മുമ്പും ജയിലില്‍ കിടന്നിട്ടുണ്ട്. ഇതടക്കം എല്ലാം പരിശോധിച്ചാണ് 
എറണാകുളത്തെ പോക്സോ കോടതി ഇന്ന് വിധി പറയുന്നത്.

തെളിഞ്ഞത് വധശിക്ഷ ലഭിക്കാവുന്ന 4 കുറ്റങ്ങൾ, ആലുവയിലെ 5 വയസുകാരിയുടെ ക്രൂര കൊലപാതകത്തിന് ശിക്ഷ വിധി എന്താകും?

 

Follow Us:
Download App:
  • android
  • ios