തെളിഞ്ഞത് വധശിക്ഷ ലഭിക്കാവുന്ന 4 കുറ്റങ്ങൾ, ആലുവയിലെ 5 വയസുകാരിയുടെ ക്രൂര കൊലപാതകത്തിന് ശിക്ഷ വിധി എന്താകും?
കേരള മനസാക്ഷിയെ ഞെട്ടിച്ച ക്രൂരമായ ബലാത്സംഗ കൊലപാതകത്തിൽ എറണാകുളം പോക്സോ കോടതി നാളെ രാവിലെയാണ് വിധി പറയുക.

കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക് ആലത്തിന് ലഭിക്കുന്ന ശിക്ഷയെന്താകും എന്നറിയാൻ കാതോർത്തിരിക്കുകയാണ് കേരളം. വധശിക്ഷ കിട്ടിയേക്കാവുന്ന നാലു കുറ്റങ്ങളാണ് അതിവേഗ വിചാരണയിലൂടെ തെളിഞ്ഞത്. ജീവപരന്ത്യം തടവുശിക്ഷ കിട്ടാവുന്ന നാലു കുറ്റങ്ങൾ വേറെയും തെളിയിക്കാൻ പ്രോസിക്യൂഷനായിട്ടുണ്ട്. കേരള മനസാക്ഷിയെ ഞെട്ടിച്ച ക്രൂരമായ ബലാത്സംഗ കൊലപാതകത്തിൽ എറണാകുളം പോക്സോ കോടതി നാളെ രാവിലെയാണ് വിധി പറയുക.
കഴിഞ്ഞ ജൂലൈ 28 ന് ആലുവ മാർക്കറ്റിലെ ആളൊഴിഞ്ഞയിടത്തുവെച്ച് അതിഥി തൊഴിലാളിയുടെ അഞ്ച് വയസുകാരിയായ മകളെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ബിഹാർ സ്വദേശിയായ പ്രതിക്ക് വധശിക്ഷ ലഭിക്കാവുന്ന നാല് കുറ്റങ്ങളാണ് തെളിഞ്ഞിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ കൊലപാതകം, 12 വയസിൽ താഴെയുളള കുട്ടിയെ ബലാത്സംഗം ചെയ്യൽ, പോക്സോ നിയമത്തിൽപ്പെട്ട ബലാത്സംഗം ചെയ്ത് ജനനേന്ദ്രിയത്തിന് ക്ഷതമേൽപ്പിക്കൽ, പ്രായപൂർത്തിയാകാത്ത കുട്ടിയെ ഒന്നിലധികം തവണ പീഡിപ്പിക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞിരുന്നു. ഈ നാല് കുറ്റങ്ങൾക്കും പ്രതിക്ക് വധശിക്ഷവരെ ലഭിക്കാവുന്നതാണ്.
ജീവപര്യന്തം തടവുശിക്ഷ കിട്ടാവുന്ന നാല് കുറ്റങ്ങൾ വേറെയും തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിരുന്നു. കുട്ടിയുടെ മാതാപിതാക്കൾ, ആലുവ മാർക്കറ്റിലെ ചുമട്ടുതൊഴിലാളികൾ തുടങ്ങിയവരാണ് കേസിലെ പ്രധാന സാക്ഷികൾ. പ്രതിക്കെതിരെ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടുകളും കോടതിയിൽ തെളിയിക്കാൻ പ്രോസിക്യൂഷനായി. അതുകൊണ്ടുതന്നെ കടുത്ത ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രോസിക്യൂഷനും കുട്ടിയുടെ മാതാപിതാക്കളടക്കമുള്ളവരും. രാവിലെ 11 ന് പോക്സോ കോടതി ജഡ്ജി കെ സോമനാണ് ശിക്ഷാ വിധി ഉത്തരവ് പറയുക.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം