Asianet News MalayalamAsianet News Malayalam

ആലുവ കേസ് ; 'പ്രതി മനുഷ്യരൂപം പൂണ്ട രാക്ഷസന്‍, വധശിക്ഷ തന്നെ നല്‍കണം' കുട്ടിയുടെ രക്ഷിതാക്കള്‍

രാവിലെ പതിനൊന്നിന് എറണാകുളം പോക്സോ കോടതി ജ‍ഡ്ജി കെ സോമനാണ് വിധി പറയുക

Aluva case; 'The accused is a monster in human form, the death penalty should be given' the child's parents
Author
First Published Nov 14, 2023, 7:33 AM IST

കൊച്ചി:ആലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ നൽകണമെന്ന് കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മനുഷ്യരൂപം പൂണ്ട രാക്ഷസനാണ് അയാളെന്നും ഇനിയൊരുകുഞ്ഞിനും ഇതുപോലൊരു ഗതികേട് ഉണ്ടാകരുതെന്നുമാണ് ഇരുവരും പറയുന്നത്. പ്രതിക്ക് മരണശിക്ഷ നൽകണമെന്നും അതില്‍ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ലെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. തങ്ങളുടെ കുട്ടിയെ കൊന്ന അയാൾക്കും ജീവിക്കാൻ അവകാശമില്ല. പുറത്തുവന്നാൽ അയാൾ ഇതുതന്നെ ആവർത്തിക്കും. അയാൾ മനുഷ്യനല്ല, മനുഷ്യരൂപം പൂണ്ട രാക്ഷസനാണെന്നും പിതാവ് പറഞ്ഞു. വധശിക്ഷ നൽകണമെന്ന് കുട്ടിയുടെ മാതാവും ആവര്‍ത്തിച്ചു. തന്‍റെ കുട്ടി ജീവിച്ചിരിപ്പില്ല. അതുകൊണ്ടു തന്നെ അയാളും ജീവിച്ചിരിക്കരുത്. ഇതാണ് തങ്ങളുടെ നിലപാടെന്നും അവര്‍ പറഞ്ഞു.

അതേസമയം, ആലുവ ബലാത്സംഗ കേസിലെ പ്രതി അസ്ഫാക്ക് ആലത്തിന് വധശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജി.മോഹൻ രാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നൂറ് ദിവസം കൊണ്ട് പ്രതി മാനസാന്തരപ്പെടില്ലെന്നും അഡ്വ.മോഹൻരാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു. നിയമം അനുശാസിക്കുന്നതും സമൂഹം ആവശ്യപ്പെടുന്നതും വധശിക്ഷയാണ്. വധശിക്ഷ നൽകാത്ത മറ്റ് കേസുകളുടെ പശ്ചാത്തലത്തിൽ ഈ കേസ് കാണേണ്ടതില്ല. പ്രതി ചെയ്തത് അതിക്രൂരമായ കൃത്യം. പിഞ്ചു കുഞ്ഞിന്‍റെ വിശ്വാസം മുതലെടുത്താണ് അരുംകൊലയെന്നും അഡ്വ. മോഹന്‍രാജ് പറഞ്ഞു.

കേരളത്തെ നടുക്കിയ ആലുവ കേസില്‍ പ്രതി ബിഹാർ സ്വദേശി അസഫാക് ആലത്തിനുള്ള ശിക്ഷ ഇന്ന് വിധിക്കും. 13 വകുപ്പുകളിലാണ് എറണാകുളം പോക്സോ കോടതി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ആലുവയിൽ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിലാണ് വിധി. രാവിലെ പതിനൊന്നിന് എറണാകുളം പോക്സോ കോടതി ജ‍ഡ്ജി കെ സോമനാണ് വിധി പറയുക. ശിശു ദിനത്തിലും പോക്സോ നിയമങ്ങൾ രാജ്യത്ത് നിലവിൽ വന്ന ദിവസവുമാണ് ശിക്ഷാ പ്രഖ്യാപനമെന്ന പ്രത്യേകതയുമുണ്ട്.

അതിഥിത്തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടുപോയി ആലുവ മാ‍‍ർക്കറ്റിലെ ആളൊഴിഞ്ഞ കോണിൽവെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. കുറ്റക്കാരനെന്ന് കണ്ടെത്തിയ 13 വകുപ്പുകളിലും ശിക്ഷ പ്രഖ്യാപിക്കും. കൊലപാതകം, 12 വയസിൽ താഴെയുള്ള കുട്ടിയെ ബലാത്സംഗം ചെയ്യൽ അടക്കം നാലുകുറ്റങ്ങൾക്ക് പരമാവധി വധശിക്ഷ വരെ നൽകാൻ കഴിയും. പ്രതിയായ അസ്ഫാക് ആലത്തിന് മനസാക്ഷിയില്ലെന്നും വധശിക്ഷയ്ക്ക് അർഹനാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ നിലപാടെടുത്തിരുന്നു.

ആലുവ കേസില്‍ വിധി എന്താകും?, തൂക്കുകയര്‍ തന്നെ നല്‍കണമെന്ന് ജനങ്ങള്‍, നീറുന്ന ഓര്‍മ്മ പങ്കുവെച്ച് സാക്ഷികള്‍

 

Follow Us:
Download App:
  • android
  • ios