കണ്‍മുന്നിലൂടെ ജ്യൂസുമായി ചിരികളിയോടെ പോയ മോള്‍ ക്രൂരമായി കൊല്ലപ്പെട്ട സംഭവം ഏറെ ഞെട്ടലുണ്ടാക്കിയെന്നും ഓട്ടോ ഡ്രൈവര്‍ ബിജു പറഞ്ഞു
കൊച്ചി:ആലുവ കേസിലെ പ്രതി അസ്ഫാക്ക് ആലത്തിന് എന്തു ശിക്ഷ കിട്ടുമെന്ന് കാത്തിരിക്കുകയാണ് കേരളം. അസ്ഫാക്ക് ആലത്തിന് എന്ത് ശിക്ഷ ലഭിക്കുമെന്ന് ആകാംക്ഷയുടെ കാത്തിരിക്കുന്നവരില്‍ പ്രധാനപ്പെട്ടവരാണ് കേസില്‍ നിര്‍ണായകമായ സാക്ഷികള്‍. അസ്ഫാക്ക് ആലം മിഠായി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് കുഞ്ഞിനെ കൈപിടിച്ചു കൊണ്ടുപോകുന്നത് കണ്ട ഓട്ടോ റിക്ഷ ഡ്രൈവര്‍ ബിജുവിനും ആലുവ മാര്‍ക്കറ്റില്‍ വച്ച് കുഞ്ഞിനെ കണ്ട ചുമട്ട് തൊഴിലാളി താജുദ്ദീനും ആ ദിവസം ഇപ്പോഴും സങ്കട ഓര്‍മ്മയാണ്. കുഞ്ഞിനെക്കുറിച്ച് പൊലീസിന് കൃത്യമായ വിവരം നല്‍കാനും പ്രതിയെ തിരിച്ചറിയാനും കോടതിയില്‍സാക്ഷി പറയാനും ഇവരായിരുന്നു മുന്നിലുണ്ടായിരുന്നത്.
പ്രതിയെ തൂക്കികൊല്ലണമെന്നാണ് നമ്മളുടം കുട്ടിയുടെ വീട്ടുകാരും ആഗ്രഹിക്കുന്നതെന്ന് ഓട്ടോ ഡ്രൈവര്‍ ബിജു പറഞ്ഞു. വൈകിട്ട് മൂന്നിനാണ് പ്രതി കുട്ടിയുമായി വരുന്നത്. ജ്യൂസ് പാക്കറ്റ് വാങ്ങികൊടുത്തശേഷം കുട്ടിയുമായി പോവുകയായിരുന്നു. പിന്നീടാണ് കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന് അറിഞ്ഞതെന്നും ജ്യൂസുമായി ചിരികളിയോടെ പോയ മോളുടെ മരണവാര്‍ത്ത ഏറെ ഞെട്ടലുണ്ടാക്കിയെന്നും ബിജു പറഞ്ഞു. തന്‍റെ ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു അനുഭവം ഉണ്ടാകുന്നതെന്നും ക്രൂരമായ കൃത്യത്തിന് തൂക്കുകയര്‍ തന്നെ ലഭിക്കണമെന്നും ചുമട്ടുതൊഴിലാളി താജുദ്ദീന്‍ പറഞ്ഞു. മാര്‍ക്കറ്റില്‍ കടയിലിരിക്കുമ്പോഴാണ് സംശയം തോന്നിയാണ് ആരുടെ കൊച്ചാണെന്ന് ചോദിച്ചത്. പെങ്ങളുടെ കുട്ടിയാണെന്നാണ് പറഞ്ഞത്. ഇഷ്ടംപോലെ ആളുകള്‍ കുട്ടിയുമായി പോകാറുണ്ട്. അതിനാലാണ് മറ്റു സംശയം തോന്നാത്തതിനാല്‍ തടയാതിരുന്നത്. സംഭവം അറിഞ്ഞശേഷം പ്രതിയില്‍നിന്ന് കുഞ്ഞിനെ രക്ഷിക്കാന്‍ ആയില്ലലോ എന്ന് വിഷമം തോന്നിയിരുന്നുവെന്നും കേസിലെ സാക്ഷിയായ താജുദ്ദീന്‍ പറഞ്ഞു.
അതിക്രൂര കൃത്യം ചെയ്ത അസ്ഫാഖ് ആലത്തിന് പരമാവധി ശിക്ഷ നൽകണമെന്നാണ് സംസ്ഥാനത്തിന്റ എല്ലാ ഭാഗങ്ങളിൽ നിന്നും ഉള്ള സാധാരണക്കാർക്ക് പറയാനുള്ളത്. പ്രതിക്ക് തൂക്കുകയര്‍ തന്നെ നല്‍കണമെന്നാണ് സ്ത്രീകളും വിദ്യാര്‍ത്ഥിനികളും ഉള്‍പ്പെടെയുള്ളവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് അഭിപ്രായപ്പെട്ടത്. വധശിക്ഷ വിധിച്ചിട്ട് കാര്യമില്ലെന്നും എത്രയും വേഗം നടപ്പാക്കണമെന്നും അല്ലാതെ ജയിലില്‍ തിന്നുകൊഴുത്ത് നടന്നിട്ട് കാര്യമില്ലെന്നുമാണ് മറ്റു ചിലരുടെ അഭിപ്രായം. ഇത്രയും വേഗം വിധി വരുമ്പോള്‍ ജുഡീഷ്യറിയിലുള്ള വിശ്വാസം വര്‍ധിക്കുമെന്നാണ് നിയമവിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടു. നിയമം കൂടുതല്‍ ശക്തമാക്കണമെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പൊതുയിടത്തില്‍ സുരക്ഷ ഉറപ്പാക്കണമെന്നുമാണ് വിദ്യാര്‍ത്ഥിനികളുടെ ആവശ്യം. ഇനിയും ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതിക്ക് തൂക്കുകയര്‍ തന്നെ നല്‍കണമെന്നാണ് ഭൂരിഭാഗം ജനങ്ങളുടെയും ആവശ്യം.
കേരളത്തെ നടുക്കിയ ക്രൂരത; ആലുവ കേസില്‍ പ്രതി അസ്ഫാക് ആലത്തിനുള്ള ശിക്ഷ ഇന്ന് വിധിക്കും

