Asianet News MalayalamAsianet News Malayalam

'അസ്ഫാക് ആലത്തെ ജീവിക്കാന്‍ അനുവദിച്ചാല്‍ ജനിക്കാനിരിക്കുന്ന പെണ്‍കുഞ്ഞുങ്ങള്‍ക്ക് ഭീഷണി'; കോടതി

ഒരു സമൂഹത്തിന്‍റെ യഥാർഥ സ്വഭാവം വെളിപ്പെടുന്നത് ആ സമൂഹം കുട്ടികളെ എങ്ങനെ പരിഗണിക്കുന്നു എന്നതിന്‍റെ അടിസ്ഥാനത്തിലാണെന്ന നെൽസൺ മണ്ടേല വാചകവും വധശിക്ഷ വിധിച്ചുകൊണ്ടുള്ള കോടതി ഉത്തരവിലുണ്ട്.

 Aluva child rape murder case verdict, accused is threat to unborn baby girls says court
Author
First Published Nov 14, 2023, 1:25 PM IST

കൊച്ചി: പ്രതിയെ ജീവിക്കാന്‍ അനുവദിച്ചാല്‍ ഇനി ജനിക്കാനിരിക്കുന്ന പെണ്‍കുഞ്ഞുങ്ങള്‍ക്ക് ഭീഷണിയാണെന്ന് എറണാകുളത്തെ പ്രത്യേക പോക്സോ കോടതി. ആലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ വിധിച്ചുകൊണ്ടുള്ള വിധിയിലാണ് പോക്സോ പ്രത്യേക കോടതി ജഡ്ജ് ഇക്കാര്യം പരാമര്‍ശിച്ചത്. സമൂഹത്തില്‍ നടുക്കം ഉണ്ടാക്കിയ കൊലപാതകമാണ് നടന്നത്. വീട്ടു പരിസരത്തുപോലും കുട്ടികള്‍ക്ക് കളിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. പ്രതിയെ ജീവിക്കാന്‍ അനുവദിച്ചാല്‍ അത് ഇനി ജനിക്കാനിരിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഭീഷണിയാണ്. അതിക്രൂരമായ സംഭവമാണ് നടന്നത്. പ്രതിക്കെതിരെ പരമാവധി ശിക്ഷ വിധിച്ചില്ലെങ്കില്‍ കോടതി ചുമതലയില്‍ പരാജയപ്പെട്ടെന്ന് വിലയിരുത്തും. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളിലൊന്നാണിതെന്നും കോടതി വ്യക്തമാക്കി. ഒരു സമൂഹത്തിന്‍റെ യഥാർഥ സ്വഭാവം വെളിപ്പെടുന്നത് ആ സമൂഹം കുട്ടികളെ എങ്ങനെ പരിഗണിക്കുന്നു എന്നതിന്‍റെ അടിസ്ഥാനത്തിലാണെന്ന നെൽസൺ മണ്ടേല വാചകവും വധശിക്ഷ വിധിച്ചുകൊണ്ടുള്ള കോടതി ഉത്തരവിലുണ്ട്.

ആലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷക്ക് പുറമെ  അഞ്ച് ജീവപര്യന്തവും 49വര്‍ഷം തടവും ഏഴു ലക്ഷം പിഴയുമാണ് കോടതി വിധിച്ചത്. പോക്സോ കേസില്‍ മൂന്നു വകുപ്പിലും ജീവിതാവസാനം വരെ ജീവപര്യന്തം തടവിനാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതിക്കെതിരെ ചുമത്തിയ 13 വകുപ്പുകളിലും കുറ്റം തെളിയുകയും കോടതി ശിക്ഷ വിധിക്കുകയും ചെയ്തു. പിഴ ഈടാക്കുന്ന പക്ഷം അതില്‍ നിന്നോ അല്ലെങ്കില്‍ ലീഗല്‍ സര്‍വീസ് അതോരിറ്റിയോ കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിയില്‍ വ്യക്തമാക്കുന്നുണ്ടെന്നും വിധിയില്‍ നൂറുശതമാനം സംതൃപ്തിയുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍ രാജ് പറഞ്ഞു. 13 വകുപ്പുകളിലുമായി ആകെ 49 വര്‍ഷം തടവും അഞ്ച് ജീവപര്യന്തവും ഇതിനപുറമെ ഇന്ത്യന്‍ ശിക്ഷാ നിയമം 302 പ്രകാരം വധശിക്ഷയുമാണ് കോടതി വിധിച്ചത്. പോക്സോയിലെ മൂന്നു വകുപ്പുകള്‍ക്ക് പുറമെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ  376 (2 ) (j) വകുപ്പിലും (സമ്മതം കൊടുക്കാന്‍ കഴിയാത്തയാളെ ബലാത്സംഗം ചെയ്യുക) ജീവിതാവസാനം വരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിട്ടുണ്ട്. ഇതോടൊപ്പം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ  377  (പ്രകൃതിവിരുദ്ധപീഡനവും  ക്രൂരതയും) വകുപ്പിലുമാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.


വധശിക്ഷക്ക് പുറമെ അസ്ഫാക്കിന് വിധിച്ചത് അഞ്ച് ജീവപര്യന്തവും 49 വര്‍ഷം തടവും; ശിക്ഷയുടെ വിശദാംശങ്ങള്‍ ഇങ്ങനെ

 

Follow Us:
Download App:
  • android
  • ios