ആസ്ഫാക് ആലത്തിന് തൂക്കുകയർ; അതിവേഗം വിചാരണയും വിധിയും,കേരളത്തെ ഞെട്ടിച്ച ക്രൂരകൊലപാതകത്തിന്‍റെ നാൾവഴിയറിയാം
ഇക്കഴിഞ്ഞ ജൂലൈ 28നാണ് വൈകിട്ടാണ് ആലുവ മാര്‍ക്കറ്റിന് സമീപം അഞ്ചുവയസുകാരി ബലാത്സംഗത്തിനിരയായി ക്രൂരമായി കൊല്ലപ്പെട്ടത്

കൊച്ചി: കേരളത്തിലെ മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ക്രൂരകൊലപാതകത്തിലാണിപ്പോള്‍ പ്രതി അസ്ഫാക് ആലത്തിന് എറണാകുളം പോക്സോ കോടതി വധശിക്ഷ നല്‍കികൊണ്ടുള്ള വിധി പ്രഖ്യാപിച്ചിരിക്കുന്നത്. സംഭവം നടന്ന് മൂന്നര മാസത്തിനുള്ളില്‍ അതിവേഗത്തിലാണ് വിചാരണ ഉള്‍പ്പെടെ പൂര്‍ത്തിയാക്കി ശിക്ഷാ വിധി വരുന്നത്. സംസ്ഥാനത്തെ കോടതികളില്‍ നിരവധി പോക്സോ കേസുകള്‍ കെട്ടികിടക്കുമ്പോഴാണ് ആലുവ കേസിലെ വേഗത്തിലെ വിധി ചര്‍ച്ചയാകുന്നത്. ഇക്കഴിഞ്ഞ ജൂലൈ 28നാണ് കേരളത്തെ നടുക്കിയ ക്രൂര കൊലപാതകം ആലുവ മാര്‍ക്കറ്റിന് സമീപം നടന്നത്.
ആലുവ കേസ് നാള്‍ വഴി
2023 ജൂലായ് 28 വൈകുന്നേരം മൂന്ന് മണി വീടിന് സമീപം കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതാവുന്നു.
വൈകിട്ട് 3.30 ആലുവയിൽ ബസ് ഇറങ്ങിയ പ്രതി അസ്ഫാക് ആലം കുട്ടിയുമായി മാർക്കറ്റിന്റെ ഒഴിഞ്ഞ ഭാഗത്തേക്ക് പോകുന്നു
വൈകിട്ട് 3.45 കുട്ടിയെ കാണാനില്ലെന്നറിഞ്ഞ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം തുടങ്ങി
അഞ്ചുമണിക്ക് പൊലീസ് കുട്ടിയുടെ വീട്ടിലെത്തി. സമീപത്തെ സിസിടിവി ക്യാമറയിൽ പരിശോധന തുടങ്ങി
5.30ന് കൃത്യം നടത്തിയ ശേഷം മൃതദേഹം പെരിയാറിന്റെ തീരത്ത് ഒളിപ്പിച്ച പ്രതി തിരികെ ആലുവ നഗരത്തിലേക്ക്
രാത്രി 9 മണിക്ക് പ്രതിയെ പൊലീസ് തിരിച്ചറിയുന്നു. മദ്യ ലഹരിയിലായ അസ്ഫാക് ആലത്തെ പിടികൂടി
ജൂലായ് 29, ശനിയാഴ്ച
രാവിലെ 11ന് ആലുവ മാർക്കറ്റിന് പിറകിൽ കുറ്റിക്കാട്ടിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു
ജൂലായ് 30 ഞായറാഴ്ച
പൊതുദർശനത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു
ഓഗസ്റ്റ് 1, ചൊവ്വാഴ്ച
തിരിച്ചറിയൽ പരേഡിൽ പ്രതിയെ ദൃക്സാക്ഷികൾ തിരിച്ചറിഞ്ഞു
ഓഗസ്റ്റ് 3, വ്യാഴാഴ്ച.
പ്രതിയുമായി ആലുവ മാർക്കറ്റ് പരിസരത്ത് പൊലീസ് തെളിവെടുപ്പ്
ഓഗസ്റ്റ് 6, ഞായറാഴ്ച
പ്രതിയുമായി കുട്ടിയുടെ വീട്ടിലും ആലുവ മാർക്കറ്റിലും തെളിവെടുപ്പ്, വൈകാരികമായി പ്രതികരിച്ച് കുടുംബവും നാട്ടുകാരും
സെപ്തംബർ 1 വെള്ളിയാഴ്ച
കൊല നടന്ന് 35 ആം ദിവസം പൊലീസ് എറണാകുളം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ 645 പേജുള്ള കുറ്റപത്രം സമർപ്പിച്ചു
ഒക്ടോബർ 4, ബുധനാഴ്ച
കേസിൽ വിചാരണ തുടങ്ങി, പ്രതിക്കെതിരെ 16 കുറ്റങ്ങൾ
നവംബര്‍ 4 ശനിയാഴ്ച
പ്രതി കുറ്റക്കാരനെന്ന് കോടതി
നവംബര്‍ 14, ഇന്ന്
കേസിൽ അസ്ഫാക് ആലത്തിന് വധശിക്ഷ വിധിച്ച് കോടതി
കൊടുംക്രൂരതയ്ക്ക് തൂക്കുകയർ: ആലുവ കേസിൽ കുറ്റവാളി അസ്‌ഫാക് ആലത്തിന് വധശിക്ഷ