അസ്ഫാക് ആലത്തിൽ തീരുമോ ഈ ക്രൂരതകൾ?, കുരുന്നു ജീവനുകൾ കവർന്നെടുക്കുന്ന കേസുകളുടെ ഞെട്ടിപ്പിക്കുന്ന കണക്കുകൾ
കേരളാ പൊലീസിൻറെ ഔദ്യോഗിക കണക്ക് പ്രകാരം കഴിഞ്ഞ അഞ്ച് വർഷക്കാലത്തിനുള്ളിൽ മാത്രം 22,344 കേസുകളാണ് കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്തത്

തിരുവനന്തപുരം: ഒരു മിഠായിപ്പൊതിക്ക് കൊതിച്ച് ഇറങ്ങിപ്പോയ ആലുവയിലെ കുരുന്ന് പിന്നീട് തിരികെ വന്നില്ല. ഇന്ന് അഷ്ഫാക് ആലത്തിൻറെ വിധി കോടതി പ്രഖ്യാപിക്കും. എന്നാല്‍, ഈ വിധി പ്രഖ്യാപനത്തിലൂടെ അവസാനിക്കുന്നതാണോ കുരുന്നു ജീവനുകൾ കവർന്നെടുക്കുന്ന ഇന്നാട്ടിലെ ക്രൂരതകളെന്ന് ചോദിച്ചാല്‍ അല്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കേരളാ പൊലീസിൻറെ ഔദ്യോഗിക കണക്ക് പ്രകാരം കഴിഞ്ഞ അഞ്ച് വർഷക്കാലത്തിനുള്ളിൽ മാത്രം 22,344 കേസുകളാണ് കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്തത്.
അതിൽ തന്നെ സെക്ഷൻ 4&6 പോക്സോ പ്രകാരമുള്ള അതിക്രൂര കൃത്യങ്ങൾ 7005 എണ്ണമാണ്. വെറുതെയങ്ങ് പറഞ്ഞ് പോകുന്നതിനപ്പുറം വർഷാവർഷം ഈ കേസുകൾ കൂടുന്നു എന്നത് ഞെട്ടിക്കുന്നതാണ്. 2019ൽ ആകെ രജിസ്റ്റർ ചെയ്ത കേസുകൾ 4754. അതിൽ 1262 എണ്ണം ലൈംഗികാതിക്രമ കേസുകളാണ്.
2020ൽ 1243 പോക്സോ കേസുകളുൾപ്പെടെ 3941 എണ്ണമാണ് രജിസ്റ്റര്‍ ചെയ്തത്. കോവിഡ് ലോക്ക്ഡൗണിനുശേഷം 2021ൽ എണ്ണം വീണ്ടും കൂടി. 1568 പോക്സോ കേസുകളും 2968 മറ്റ് കേസുകളുമുൾപ്പെടെ മൊത്തം 4536 കേസുകളായാണ് വര്‍ധിച്ചത്. 2022ലും കുഞ്ഞുങ്ങളോടുള്ള ക്രൂരതയുടെ കണക്ക് വല്ലാതെ കൂടി. ആകെയെണ്ണം 5315 ലേക്ക് ഉയർന്നു. ഇതിൽ 1677 എണ്ണമാണ് ലൈംഗിക അതിക്രമ കേസുകൾ. കുഞ്ഞു നിലവിളികൾ ഉയർന്നു കേട്ട കണക്കുകളിൽ, കഴിഞ്ഞ മൂന്നു വർഷക്കാലത്തിനുള്ളിൽ അൽപം കുറവ് രേഖപ്പെടുത്തിയ വർഷമാണ് 2023. എന്നാല്‍, ഒട്ടും ആശ്വാസകരമായ കുറവല്ലിത്.1255 പോക്സോ കേസുകളടക്കം സെപ്തംബർ മാസം വരെ രജിസ്റ്റർ ചെയ്യപ്പെട്ടത് 3798 കേസുകളാണ്.
കേരളത്തെ നടുക്കിയ ക്രൂരത; ആലുവ കേസില്‍ പ്രതി അസ്ഫാക് ആലത്തിനുള്ള ശിക്ഷ ഇന്ന് വിധിക്കും
2022ലെ ഒരു പഠനറിപ്പോർട്ട് പ്രകാരം ആയിരത്തിലധികം കുഞ്ഞുങ്ങൾ ലൈംഗികാതിക്രമങ്ങൾക്കിരയായത് സ്വന്തം കുടുംബാഗംങ്ങളിൽ നിന്നാണെന്നതാണ് മനസ്സ് മടുപ്പിക്കുന്ന മറ്റൊരു വസ്തുത. നിയമം അസ്ഫാകിന് ഇന്നെന്ത് വിധിക്കുമെന്ന് അൽപസമയത്തിനുള്ളിലറിയാം. അതെന്തുതന്നെയായാലും , ആലുവയിൽ ഇല്ലാതായ മൂന്നു വയസ്സുകാരിയുടെ ഉറ്റവർക്ക് ആശ്വാസമാകുമോ എന്ന ചോദ്യം അപ്പോഴും ബാക്കി നിൽക്കും.
ആലുവ കേസ് ; 'പ്രതി മനുഷ്യരൂപം പൂണ്ട രാക്ഷസന്‍, വധശിക്ഷ തന്നെ നല്‍കണം' കുട്ടിയുടെ രക്ഷിതാക്കള്‍