ആലുവ: മേലുദ്യോഗസ്ഥനെതിരെ മാനസിക പീഡനമാരോപിച്ച് എഎസ്ഐ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം. ആലുവ തടിയിട്ടപറമ്പ് സ്റ്റേഷനിലെ എഎസ്ഐ ആയ പി സി ബാബുവാണ് ഇന്ന് പുലർച്ചെ വീട്ടിൽ തൂങ്ങിമരിച്ചത്. മരണത്തിന് മുൻപ് സ്റ്റേഷന്‍ വാട്ട്‍സ് ആപ്പ് ഗ്രൂപ്പിൽ എസ് ഐ രാജേഷിനെതിരെ ആരോപണമുന്നയിച്ച ശേഷമായിരുന്നു ബാബു ആത്മഹത്യ ചെയ്തത്. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി ആലുവ റൂറൽ എസ്‍പി അറിയിച്ചു. ആലുവ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മെഡിക്കൽ ലീവിൽ ആയിരുന്നു ബാബു. കടുത്ത ജോലി സമ്മർദ്ദത്തിലാണ് താനെന്ന് ഇയാൾ പറ‍ഞ്ഞിരുന്നതായി സുഹൃത്തുക്കളും പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആലുവ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.മേലുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ കർശനമായ നടപടി എടുക്കണം എന്ന് അൻവർ സാദത്ത് എം എൽ എ പറഞ്ഞു.

അതേസമയം രണ്ടാഴ്ച മുമ്പ് സ്റ്റേഷനിൽ ബാബു കുടുംബവുമായി ചെന്ന്  താൻ മാനസിക സംഘർഷം അനുഭവിക്കുന്നുണ്ട് എന്ന കാര്യം സിഐ യെ അറിയിച്ചിരുന്നതായി ബന്ധു ഉദയൻ ഏരൂർ പറഞ്ഞു.കഴിഞ്ഞ 18 മുതൽ മെഡിക്കൽ ലീവ് എടുത്തപ്പോൾ ലീവ് മാർക് ചെയ്യും എന്നും സസ്പെൻഡ് ചെയ്യും എന്നും എസ് ഐ പറഞ്ഞതായി ബാബുവിന്‍റെ സുഹൃത്ത് റിയാസ് കുട്ടമശ്ശേരിയും വ്യക്തമാക്കിയിട്ടുണ്ട്.