മാധ്യമ ശ്രദ്ധ നേടാനുള്ള വ്യാജ ആരോപണമാണ് രേവദ് ബാബു നടത്തിയതെന്നാണ് പരാതി. പ്രസ്താവനയിലൂടെ മതസ്പർദ്ദ ഉണ്ടാക്കാനും കലാപം ഉണ്ടാക്കാനും ശ്രമിച്ചുവെന്നും ആരോപിക്കുന്നുണ്ട്
ആലുവ: കൊല്ലപ്പെട്ട കുട്ടിയുടെ കർമ്മങ്ങൾ ചെയ്യാൻ പൂജാരിമാർ വിസമ്മതിച്ചെന്ന പരാമർശത്തിൽ ചാലക്കുടി സ്വദേശി രേവദ് ബാബുവിനെതിരെ പരാതി. ആലുവ സ്വദേശി അഡ്വക്കേറ്റ് ജിയാസ് ജമാലാണ് പരാതി നൽകിയത്. മാധ്യമ ശ്രദ്ധ നേടാനുള്ള വ്യാജ ആരോപണമാണ് രേവദ് ബാബു നടത്തിയതെന്നാണ് പരാതി. പ്രസ്താവനയിലൂടെ മതസ്പർദ്ദ ഉണ്ടാക്കാനും കലാപം ഉണ്ടാക്കാനും ശ്രമിച്ചുവെന്നും ആരോപിക്കുന്നുണ്ട്. ആരോപണം തെറ്റാണെന്ന് പിന്നീട് രേവദ് തുറന്നു പറഞ്ഞുവെന്നും മതസ്പർദ്ധ ഉണ്ടാക്കാൻ ശ്രമിച്ചതിന് ചാലക്കുടി സ്വദേശിക്കെതിരെ കേസെടുക്കണമെന്നും അഡ്വ ജിയാസ് ജമാൽ ആരോപിക്കുന്നു. ആലുവ റൂറൽ എസ്‌പിക്കാണ് പരാതി.
ഇന്നലെ കുട്ടിയുടെ കർമ്മങ്ങൾ ചെയ്ത ശേഷമാണ് രേവദ് ബാബു വിവാദ പരാമർശങ്ങൾ നടത്തിയത്. ഹിന്ദിക്കാരുടെ കുട്ടിയായത് കൊണ്ട് ആലുവയിലെ പൂജാരിമാർ കർമ്മങ്ങൾ ചെയ്യാൻ വിസമ്മതിച്ചെന്നായിരുന്നു ഇദ്ദേഹം പറഞ്ഞത്. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ പ്രചരിച്ചു. താൻ പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിച്ച് രേവദ് ബാബു പിന്നീട് വന്നു. ചെറിയ കുട്ടിയാകുമ്പോൾ കർമ്മങ്ങൾ ചെയ്യാറില്ലെന്നതാണ് കാരണമെന്നടക്കം പിന്നീട് ഇദ്ദേഹം വാദിച്ചിരുന്നു.
രേവദ് ബാബുവാണ് ഇന്നലെ കുട്ടിയുടെ സംസ്കാര കർമ്മങ്ങൾ ചെയ്തത്. ഓട്ടോറിക്ഷാ ഡ്രൈവറായ രേവദ് ബാബു ഏതെങ്കിലും പൂജാരിയെ സമീപിച്ചതായി പറയുന്നില്ല. പറവൂർ മേഖലയിലെ പൂജാരിമാരെ ബന്ധപ്പെട്ടെന്നും അവർ വിസമ്മതിച്ചെന്നുമാണ് ഇയാൾ ആരോപിച്ചത്. അച്ഛനാണ് തന്നോട് പൂജ ചെയ്യാൻ ആവശ്യപ്പെട്ടതെന്നായിരുന്നു ഇദ്ദേഹം പറഞ്ഞത്. ഇക്കാര്യത്തിൽ പെൺകുട്ടിയുടെ പിതാവ് പ്രതികരിച്ചിട്ടില്ല. അതേസമയം രേവദ് ബാബു പറഞ്ഞത് പോലെ ആരെങ്കിലും പൂജ ചെയ്യാൻ വിസമ്മതിച്ചതായി ഇതുവരെ വിവരമില്ല.
