ആലുവയിൽ വാടകക്ക് താമസിക്കുന്ന സീനു മോൻ എന്ന് വിളിക്കുന്ന സൈനുദ്ദീന്റെ വീട്ടിലും എൻ ഐ എ റെയ്ഡ് നടത്തി

ആലുവ: ആലുവയിൽ സ്വകാര്യ പണമിടപാട് നടത്തുന്നയാളെ ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്തു. അശോകൻ എന്നയാളാണ് പിടിയിലായത്. ഇയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ ബാങ്ക് രേഖകളും സാമ്പത്തിക ഇടപാടുകൾ രേഖപ്പെടുത്തിയ ഡയറികളും പിടിച്ചെടുത്തു. ആലുവയിൽ വാടകക്ക് താമസിക്കുന്ന സീനു മോൻ എന്ന് വിളിക്കുന്ന സൈനുദ്ദീന്റെ വീട്ടിലും എൻ ഐ എ റെയ്ഡ് നടത്തിയിരുന്നു.

എറണാകുളത്ത് എന്‍ഐഎ പരിശോധന, മംഗലാപുരം സ്ഫോടനക്കേസ് പ്രതികള്‍ എത്തിയ ഇടങ്ങളിലാണ് പരിശോധന

പാനായിക്കുളം സ്വദേശിയാണ് സൈനുദ്ദീൻ. ഇയാൾ ബെംഗളൂരു സ്ഫോടന കേസിൽ പ്രതിയായിരുന്നു. എന്നാൽ കോടതി ഇയാളെ വെറുതെ വിടുകയായിരുന്നു. സൈനുദ്ദീനോട് നാളെ കൊച്ചി എൻ ഐ എ ആസ്ഥാനത്ത് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അശോകന്റെ മൊബൈൽ ഫോൺ പിടിച്ചെടുത്തു.

കർണാടകയിലും തമിഴ്നാട്ടിലും നടന്ന റെയ്ഡിന്‍റെ ഭാഗമായാണ് കേരളത്തിൽ എറണാകുളം ജില്ലയിലും വിവിധ കേന്ദ്രങ്ങളിൽ എൻ ഐ എ പരിശോധന നടത്തിയത്. മംഗലാപുരത്തെ പ്രഷർ കുക്കർ ബോംബ് കേസിലെ പ്രധാന പ്രതി ആലുവയും പറവൂരും മട്ടാഞ്ചേരിയും സന്ദർശിച്ചതായി തിരിച്ചറിഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ആലുവയിൽ പണമിടപാട് നടത്തുന്ന അശോകനെ എൻ ഐ എ കസ്റ്റഡിയിൽ എടുത്തത്.

കോയമ്പത്തൂർ സ്ഫോടനം ; കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

കോയമ്പത്തൂർ, മംഗളൂരു സ്ഫോടനക്കേസുകളുമായി ബന്ധപ്പെട്ടാണ് കേരളമടക്കം മൂന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തിയത്. തമിഴ്നാട്, കേരളം, കർണാടക എന്നിവിടങ്ങളിലായി ഒരേ സമയം 60തിലേറെ ഇടങ്ങളിൽ പരിശോധന നടത്തി. നിരവധി പേരെ ചോദ്യം ചെയ്യാനായി എൻഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

കോയമ്പത്തൂർ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബീന്‍റെ ഭാര്യയുടെ മൊഴിയാണ് എൻഐഎ അന്വേഷണത്തിൽ നിർണായകമായത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഇന്‍റലിജൻസ് ഏജൻസികളുടെ നിരീക്ഷണത്തിൽ ഉണ്ടായിരുന്നവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടന്നത്. തമിഴ്നാട്ടിൽ കോയമ്പത്തൂർ, ചെന്നെ, നാഗപട്ടണം, തിരുനൽവേലി, മയിലാടുതുറ, തിരുപ്പൂർ, തെങ്കാശി, തിരുച്ചിറപ്പള്ളി, തൂത്തുക്കുടി, തൃച്ചന്തൂർ ജില്ലകളിൽ 43 ഇടങ്ങളിൽ റെയ്ഡ് നടത്തി. 

തീവ്രവാദ പ്രവർത്തനങ്ങൾക്കായി പണം സ്വരൂപിക്കാൻ ഇടപെട്ടവരെ കേന്ദ്രീകരിച്ചാണ് തമിഴ്നാട്ടിൽ പരിശോധന നടന്നത്. തിരുപ്പൂരിൽ, സിക്കന്തർ പാഷ, മുഹമ്മദ് റിസ്വാൻ, പഴനി നെയ്ക്കരപ്പട്ടിയിൽ രാജ മുഹമ്മദ്, കോയമ്പത്തൂരിൽ ഹാരിസ് ഡോൺ എന്നിവരെ കോയമ്പത്തൂർ സ്ഫോടനവുമായി ബന്ധപ്പെട്ട് എൻഐഎ കസ്റ്റഡിയിലെടുത്തു.

കേരളത്തിൽ ആലുവായിലും പറവൂരിലും മട്ടാഞ്ചേരിയിലും റെയ്ഡ് നടന്നു. മംഗളൂരുവിൽ കഴിഞ്ഞ വർഷം 19ന് നടന്ന പ്രഷർ കുക്കർ ബോംബ് കേസുമായി ബന്ധപ്പെട്ടായിരുന്നു കേരളത്തിലെ പരിശോധന. ഈ കേസിലെ പ്രതി മുഹമ്മദ് ഷെരീഖ് കേരളത്തിൽ എത്തിയ ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. ഇയാളെ സഹായിച്ചതായി കരുതുന്ന ചിലരെ കേരളത്തിൽ നിന്നും എൻഐഎ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.

എൻഐഎ അറസ്റ്റ് ചെയ്ത എസ്ഡിപിഐ നഗരസഭ അംഗത്തിന് അവധി അനുവദിക്കുന്നതിനെ ചൊല്ലി രാഷ്ട്രീയ വിവാദം

കർണാടകയിൽ ശിവമോഗ ഉൾപ്പടെയുള്ള എട്ടിടങ്ങളിലാണ് പരിശോധന നടത്തിയത്. മംഗളൂരു സ്ഫോടനത്തിലെ മുഖ്യപ്രതി മുഹമ്മദ് ഷെരീഖ് ശിവമൊഗ്ഗയിലെ തീർത്ഥഹള്ളി സ്വദേശിയാണ്. സ്ഫോടനത്തിൽ പരിക്കേറ്റ് ബെംഗളുരുവിലെ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷെരീഖിനെ പരിക്കുകൾ ഭേദമായതിനെത്തുടർന്ന് ജനുവരി 29-ന് എൻഐഎ കസ്റ്റഡിയിലെടുത്തിരുന്നു. ഇതേത്തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കർണാടകയിലും കേരളത്തിലും പരിശോധന നടന്നത്.