തിരുവനന്തപുരം: മുസ്ലിം ലീഗില്‍ ചേരുന്നെന്ന പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി സിപിഎം എംപി എ എം ആരിഫ്. 'ജന്മഭൂമി'യില്‍ പ്രചരിച്ച വാര്‍ത്തയ്ക്ക് ഫേസ്ബുക്കിലൂടെയാണ് ആരിഫ് മറുപടി നല്‍കിയത്. നുണ പ്രചരിപ്പിക്കുന്നവര്‍ അത് തുടര്‍ന്നോളൂ എന്നും തന്നെ നയിക്കുന്നത് മാപ്പെഴുതിക്കൊടുത്ത് സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്ത ഭീരുക്കളല്ലെന്നും ആരിഫ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

'കോണ്‍ഗ്രസിലേക്ക് എന്ന് പറഞ്ഞായിരുന്നു കഴിഞ്ഞ തവണ കള്ള പ്രചാരണങ്ങള്‍ നടത്തിയത്, ആ പ്രചാരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞു എന്നതിന് തെളിവാണ് മൂന്ന് തവണ അരൂരില്‍ നിന്നും എംഎല്‍എ ആയതും ഓരോ തവണയും ഭൂരിപക്ഷം വര്‍ധിപ്പിച്ച് ജനങ്ങളുടെ വിശ്വാസ്യത നേടിയതും. ആ സ്ഥാനത്തേക്ക് പാര്‍ട്ടി നിര്‍ദ്ദേശിച്ചത് പാര്‍ട്ടിക്ക് എന്നെക്കുറിച്ച് ഉത്തമ ബോധ്യമുള്ളതു കൊണ്ട് മാത്രമാണ്'- ആരിഫ് കുറിച്ചു. 

തനിക്കെതിരെ മാത്രം ഉയരുന്ന അപകീര്‍ത്തി പ്രചാരണത്തിന് പിന്നിലെ ചേതോവികാരം മനസ്സിലാകുന്നുണ്ടെന്നും മിനിറ്റ് വെച്ച് നിലപാടും പാര്‍ട്ടിയും മാറാന്‍ തന്നെ നയിക്കുന്നത് മാപ്പെഴുതി കൊടുത്ത് സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്ത ഭീരുക്കളല്ലെന്നും ആരിഫ് കൂട്ടിച്ചേര്‍ത്തു.