തിരുവനന്തപുരം അമ്പലമുക്കിൽ അലങ്കാരച്ചെടി വിൽപ്പന കേന്ദ്രത്തിലെ ജീവനക്കാരി വിനീത കൊലക്കേസിൽ പ്രതിയുടെ ശിക്ഷാവിധി വ്യാഴാഴ്ച. 

തിരുവനന്തപുരം: തിരുവനന്തപുരം അമ്പലമുക്കിൽ അലങ്കാരച്ചെടി വിൽപ്പന കേന്ദ്രത്തിലെ ജീവനക്കാരി വിനീത കൊലക്കേസിൽ പ്രതിയുടെ ശിക്ഷാവിധി വ്യാഴാഴ്ച. പ്രതി തമിഴ്നാട് കന്യാകുമാരി സ്വദേശി രാജേന്ദ്രന്‍റെ ശിക്ഷാ വിധിയിൻ മേലുള്ള വാദം തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിൽ പൂർത്തിയായി. സീരിയൽ കൊലയാളിയായ പ്രതിക്ക് മാനസാന്തരമുണ്ടാകില്ലെന്നും പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ കുറ്റം ചെയ്യാത്തതിനാൽ പശ്ചാത്താപമില്ലെന്ന് പ്രതി കോടതിയെ അറിയിച്ചു.

പ്രതിയായ രാജേന്ദ്രൻ കൊടും കുറ്റവാളിയാണന്നും കവർച്ചക്കിടെ തമിഴ്നാട്ടിലും കേരളത്തിലും നടത്തിയ നാലു കൊലപാതകങ്ങളിൽ മൂന്നു പേരും സ്തീകളെന്നുമായിരുന്നു സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദീന്‍റെ വാദം. പ്രതിയുടെ പ്രവൃത്തി അതിക്രൂരവും മനസ്സാക്ഷിയെ ഞെട്ടിക്കുന്നതുമാണ്. ജീവപര്യന്തം ശിക്ഷ നൽകിയൽ ശിക്ഷാ ഇളവ് നേടി പ്രതി സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടില്ലെന്ന് ഉറപ്പ് പറയാനാകില്ല. അതിനാൽ വധശിക്ഷ തന്നെ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമാണന്നുള്ള പ്രോസിക്യൂഷൻ വാദത്തെ തുടർന്ന് പ്രതിയുടെ മാനസിക നില പരിശോധന റിപ്പോർട്ട് അടക്കം 11 റിപ്പോർട്ടുകൾ കോടതി നിർദ്ദേശ പ്രകാരം ഇന്ന് ഹാജരാക്കിരുന്നു. ജില്ലാ കളക്ടർ, പോലീസ്, ജയിൽ അധികൃതർ അടക്കമുള്ളവരുടെ റിപ്പോർട്ടുകൾ പ്രതിയ്ക്ക് എതിരായിരുന്നു. കൊടും കുറ്റവാളിയായ രേജേന്ദ്രന് മാനസിക പരിവർത്തന സാധ്യത ഇല്ലെന്നായിരുന്നു പൊലീസ് അറിയിച്ചത്.

ശിക്ഷ വിധിക്കും മുൻപ് എന്തെങ്കിലും പറയാനുണ്ടോ എന്ന് ആരാഞ്ഞ കോടതിയോട് തനിക്ക് 70 വയസുള്ള അമ്മയുണ്ടെന്നും അമ്മയുടെ സംരക്ഷണം തന്‍റെ ചുമതലയിലാണെന്നും പ്രതി അറിയിച്ചു. കുറ്റമൊന്നും ചെയ്യാത്തതിനാൽ തനിക്ക് പശ്ചാത്താപമില്ലെന്നും പ്രതി പറഞ്ഞു.

2022 ഫിബ്രവരി ആറിനാണ് അമ്പലമുക്കിലെ ചെടിക്കടിയിൽ ചെടിക്ക് വെള്ളം നനയ്ക്കാനെത്തിയ വിനീതയെ പ്രതി കഴുത്തിൽ കുത്തി കൊലപ്പെടുത്തിയത്. വിനീതയുടെ കഴുത്തിലുള്ള നാലര പവൻ മാല കവർച്ച ചെയ്യുന്നതിനിടെയായിരുന്നു കൊലപാതകം. സ്റ്റോക് മാർക്കറ്റിലടക്കം വൻ തോതിൽ പണം നിക്ഷേപിക്കാറുള്ള പ്രതി പണത്തിന്‍റെ അത്യാവശ്യങ്ങൾ വരുമ്പോഴാണ് കൊലപാതകം ചെയ്തിരുന്നത്. സമാന രീതിയിൽ തമിഴ്നാട്ടിലെ വെള്ളമഠത്ത് കസ്റ്റംസ് ഓഫീസർ, ഭാര്യ, 13 വയസുള്ള മകൾ എന്നിവരെയും കൊലപ്പെടുത്തി കവർച്ച നടത്തിയിരുന്നു,

Pope Francis | Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ്