തിരുവനന്തപുരം: തർക്കഭൂമിയിലെ ഒഴിപ്പിക്കൽ നടപടിക്ക് വേണ്ടി കോടതിയിൽ പൊലീസ് നിന്നും എത്തിയപ്പോൾ ആത്മഹത്യ ശ്രമം നടത്തിയ ദമ്പതിമാരിൽ ഭാര്യം മരിച്ചു. നെയ്യാറ്റിൻകര പോങ്ങിൽ സ്വദേശി രാജൻ്റെ ഭാര്യ അമ്പിളിയാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ രാജൻ ഇന്ന് പുലർച്ചെ മരിച്ചിരുന്നു. 

നെയ്യാറ്റിൻകരയിൽ തർക്കഭൂമിയിലെ ഒഴിപ്പിക്കൽ നടപടിക്കിടെയാണ് രാജനും ഭാര്യ അമ്പിളിയും തീകൊളുത്തിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇരുവരുടേയും അന്ത്യം സംഭവിച്ചത്. ആത്മഹത്യാഭീഷണി മാത്രമായിരുന്നു ലക്ഷ്യമെന്നും പൊലീസിടപെട്ടതോടെയാണ് തീകൊളുത്തേണ്ടിവന്നതെന്നും മരിക്കുന്നതിന് മുൻപായി രാജൻ മൊഴി നൽകിയിരുന്നു. രാജൻ്റെ മരണത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണം ഉയരുന്നതിനിടെയാണ് അമ്പിളിയും വിട പറയുന്നത്.

നെയ്യാറ്റിൻകര പോങ്ങിൽ മൂന്ന് സെന്‍റ് ഭൂമിയിൽ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു രാജനും ഭാര്യയും രണ്ട് ആൺ മക്കളുമടങ്ങുന്ന കുടുംബം. രാജൻ ഭൂമി കയ്യേറിയെന്നാരോപിച്ച് അയൽവാസി വസന്ത മുൻസിഫ് കോടതിയിൽ കേസ് നൽകിയിരുന്നു. ആറ് മാസം മുൻപ് രാജനെതിരെ കോടതി വിധി പറഞ്ഞു. ഉത്തരവ് നടപ്പാക്കാനായി കോടതിയിൽ നിന്നുള്ള ഉദ്യാഗസ്ഥരും പൊലീസും എത്തിയപ്പോഴായിരുന്നു രാജൻ്റെ ആത്മഹത്യാശ്രമം. 

ഉദ്യോഗസ്ഥർക്ക് മുന്നിൽ വച്ച്  ദേഹത്തേക്ക് മണ്ണെണ ഒഴിച്ചു അമ്പിളിയേയും കെട്ടിപ്പിടിച്ച് നിന്ന രാജൻ ആത്മഹത്യ ഭീഷണി മുഴകിയിരുന്നു. രാജൻ്റെ കൈയിലുണ്ടായിരുന്ന ലൈറ്റർ പൊലീസ് തട്ടിപ്പറിക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ ദേഹത്തേക്ക് തീ പടരുകയായിരുന്നു.