തിരുവനന്തപുരം: മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ അടിയന്തര ശസ്ത്രക്രിയക്കായി പെരിന്തൽമണ്ണയിൽ നിന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ എത്തിച്ചു. അഞ്ച് മണിക്കൂർ കൊണ്ടാണ് നവജാത ശിശുവുമായി ആധുനിക സംവിധാനങ്ങളുള്ള ആംബുലൻസ് തിരുവനന്തപുരത്ത് പാഞ്ഞെത്തിയത്. പൊലീസും പൊതുജനങ്ങളും വിവിധ സർക്കാർ സംവിധാനങ്ങളും കുഞ്ഞു ജീവൻ കാക്കാൻ ഒരുമനസോടെ ഒരുമിച്ചു. അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ തീരുമാനിച്ചതോടെ എല്ലാവരുടേയും സഹകരണം കൊണ്ടാണ് ഇത്രവേഗം എത്താനായതെന്ന് ആംബുലൻസ് ഡ്രൈവർ ആദർശ് പറഞ്ഞു. വരുന്ന വഴി തടസങ്ങൾ ഒന്നുമുണ്ടായില്ലെന്നും ആദർശ് പറഞ്ഞു. 

ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുഞ്ഞിന്‍റെ ജീവൻ രക്ഷിക്കാനുള്ള ദൗത്യം സർക്കാർ ഏറ്റെടുത്തത്. മലപ്പുറത്തെ പെരിന്തൽമണ്ണയിലുള്ള സ്വകാര്യ ആശുപത്രിയിൽനിന്ന് നിന്ന് വൈകുന്നേരം 5.45നാണ് കുഞ്ഞുമായി പുറപ്പെട്ടത്. 10.45 ഓടെ ആംബുലൻസ് ശ്രീചിത്ര ആശുപത്രിയിൽ ആംബുലൻസ് എത്തി. കുഞ്ഞിനെ ഇപ്പോൾ ഹൃദ്രോഗ വിദഗ്ധർ പരിശോധിക്കുകയാണ്. വിശദമായ പരിശോധനയ്ക്ക് ശേഷമേ ശസ്ത്രക്രിയ എപ്പോൾ വേണമെന്ന് തീരുമാനിക്കൂ. കഴിഞ്ഞ ദിവസം മംഗലാപുരത്തുനിന്ന് നവജാത ശിശുവുമായി ആംബുലൻസ് അതിവേഗം കൊച്ചിയിലെത്തിയതിന് സമാനമായ സംവിധാനങ്ങളാണ് ഇത്തവണയും ഒരുക്കിയത്.