കോട്ടയം: കോട്ടയത്ത് കൊവിഡ് 19 സ്ഥിരീകരിച്ച രോഗികളെ ആശുപത്രിയുലേക്ക് മാറ്റിയെന്ന് കളക്ടര്‍. ആംബുലന്‍സിന്‍റെ ലഭ്യതക്കുറവാണ് രോഗികളെ മാറ്റാന്‍ വൈകിയതിന് കാരണമെന്നാണ് കളക്ടര്‍ സുധീര്‍ ബാബുവിന്‍റെ വിശദീകരണം. വിവിധ സ്ഥലങ്ങളിൽ നിന്ന് 200 ല്‍ അധികം സാമ്പിളെടുത്തത് കൊണ്ട് ആംബുലൻസ് വൈകി. രോഗിയെ ആശുപത്രിയിലെത്തിക്കാൻ വൈകിയത് രോഗ വ്യാപനമുണ്ടാക്കില്ലെന്നും കളക്ടര്‍ പറഞ്ഞു.

ഇന്ന് രോഗം സ്ഥിരീകരിച്ച മണർകാട് സ്വദേശിയെയും ചാത്താനിക്കാട് സ്വദേശിയെയും മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിലാണ് കാലതാമസം ഉണ്ടായത്. എന്നാൽ കൊവിഡ് പരിശോധനാ ഫലം ലഭ്യമായപ്പോൾത്തന്നെ വിവരം രോഗികളെ അറിയിച്ചിരുന്നെന്നും ആശുപത്രിയിലേക്ക് മാറ്റാൻ നിർദ്ദേശം നൽകിയെന്നുമാണ് ആരോഗ്യവകുപ്പിന്‍റെ വിശദീകരണം. ആംബുലൻസുകൾ ലഭ്യമാകാനെടുത്ത കാലതാമസം മാത്രമാണ് ഇക്കാര്യത്തിൽ ഉണ്ടായതെന്നാണ് ഔദ്യോഗിക വിശദീകരണം. ഒന്‍പത് മണിയോടെ ഇവരെ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച്  കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.