Asianet News MalayalamAsianet News Malayalam

രാഖിയെ കൊല്ലും മുമ്പെ കുഴിയെടുത്തു; പോയത് കശ്മീരിലേക്ക്, എല്ലാം വെളിപ്പെടുത്തി അഖിൽ

ആസൂത്രിതമായി നടന്ന കൊലപാതകത്തിന്‍റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ചോദ്യം ചെയ്യലിനിടെ പുറത്ത് വരുന്നത്. കരുതിക്കൂട്ടി നടന്ന കൊലപാതകത്തിൽ കുടുംബാംഗങ്ങൾക്കുള്ള പങ്കും ഇതോടെ പുറത്തുവരുകയാണ്. 

amburi murder police taking akhil statement
Author
Trivandrum, First Published Jul 28, 2019, 10:53 AM IST

തിരുവനന്തപുരം:അമ്പൂരി രാഖികൊലപാതക കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പ്രതി അഖിലിന്‍റെ മൊഴി. അഖിലും സഹോദരനും മാത്രമല്ല  കൊലപാതകത്തിലും തെളിവ് നശിപ്പിക്കുന്നതിനും കുടുംബാംങ്ങൾക്ക് വരെയുള്ള പങ്കിന് തെളിവാണ് പൊലീസ് ചോദ്യം ചെയ്യലിൽ പുറത്ത് വരുന്നത്. 

വര്‍ഷങ്ങളായി രാഖിയുമായി അടുപ്പമുണ്ടായിരുന്നു എന്നും വിവാഹിതരായിരുന്നു എന്നും അഖിൽ സമ്മതിച്ചു. മറ്റൊരു വിവാഹത്തിന് ഒരുങ്ങിയപ്പോൾ രാഖി നിരന്തരമായി ആത്മഹത്യാഭീഷണി മുഴക്കി. മറ്റൊരു വിവാഹം കഴിച്ചാൽ സ്വൈര്യമായി ജീവിക്കാൻ സമ്മതിക്കില്ലെന്നും പൊലീസിൽ അറിയിക്കുമെന്നും രാഖി നിലപാടെടുത്തു. ഇതോടെയാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് അഖിൽ പറയുന്നത്. 

കൊലപാതകത്തിൽ അച്ഛന് പങ്കില്ലെന്ന് പറയുന്ന അഖിൽ പക്ഷെ കുഴിയെടുക്കുന്നതിനും മറ്റും അച്ഛൻ മണിയൻ സഹായിച്ചതായും വെളിപ്പെടുത്തിയിട്ടുണ്ട്. രാഖിയെ കൊല്ലും മുമ്പെ കുഴിച്ച് മൂടാനുള്ള കുഴി വീട്ടുവളപ്പിൽ ഒരുക്കിയിരുന്നു. ഇതിന് അച്ഛന്‍റെ സഹായവും ഉണ്ടായിരുന്നു എന്നാണ് അഖിൽ പറയുന്നത്. 

രാഖിയെ കൊലപ്പെടുത്തിയതിൽ അഖിലിന്‍റെ അച്ഛനമ്മമാര്‍ക്കും പങ്കുണ്ടെന്ന് രാഖിയുടെ കുടുംബം ആവര്‍ത്തിച്ച് ആരോപിക്കുന്നുണ്ട്. അഖിലിന്‍റെ അച്ഛൻ മണിയൻ വീട്ടിൽ കുഴി വെട്ടുന്നത് കണ്ടെന്ന് നാട്ടുകാരും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ മരം വച്ച് പിടിപ്പിക്കാനാണെന്ന മറുപടിയാണ് അന്ന് കിട്ടിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. 

കൊലപാതകത്തിന് ശേഷം പോയത് കശ്മീരിലേക്കാണെന്നാണ് അഖിൽ പൊലീസിനോട് പറഞ്ഞത്. ലേയിലേക്ക് പോയ അഖിൽ തിരിച്ച് വരും വഴി ദില്ലി വിമാനത്താവളത്തിൽ വച്ചാണ് പൊലീസ് പിടിയിലാകുന്നത്. അതേസമയം അവധി കഴിഞ്ഞ് അഖിൽ തിരിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് സൈനിക വൃത്തങ്ങൾ പറയുന്നത്.  

അഖിലിന്‍റെ സഹോദരൻ രാഹുലിനെ നേരത്തെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകം നടന്ന കാറ് തൃപ്പരപ്പിൽ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. രണ്ട് പേരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്താൽ കുടുംബാംഗങ്ങളുടെ പങ്കിടലക്കം കൂടുതൽ വ്യക്തത വരുമെന്നാണ് പൊലീസ് കരുതുന്നത്. തെളിവെടുപ്പിനും പൊലീസ് ഒരുങ്ങുന്നുണ്ട്. 

ഒരുമാസം മുമ്പാണ് പൂവ്വാര്‍ സ്വദേശിയായ രാഖിയെ കാണാതാകുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അമ്പൂരിയിലെ അഖിലിന്‍റെ  വീട്ടിൽ കൊന്ന് കുഴിച്ച് മൂടിയ നിലയിൽ പൊലീസ് കണ്ടെത്തുന്നതും നാടിനെ ഞെട്ടിച്ച കൊലപാതകത്തിന്‍റെ ചുരുളഴിയുന്നതും.

Follow Us:
Download App:
  • android
  • ios