ഇന്ത്യൻ പാർലമെന്‍റിൽ അവതരിപ്പിച്ച വഖഫ് ബില്ലിലും ഇപ്പോൾ എടുത്തിട്ടുള്ള നടപടിയിലും വ്യക്തമാവുന്ന കാര്യം, സർക്കാർ വഖഫ് നിയമം ലക്ഷ്യമാക്കുന്ന വിഭാഗത്തെ ഒരിഞ്ച് പരിഗണിച്ചില്ല എന്നതാണ്
മലപ്പുറം: വഖഫ് നിയമ ഭേദഗതിയിൽ ജെപിസിയെ പോലും കേന്ദ്ര സർക്കാർ നോക്കുകുത്തിയാക്കി വഖഫിന്‍റെ അന്തസത്ത തകർക്കും വിധമാണ് തീരുമാനമെടുത്തതെന്ന് മുസ്ലിം ലീഗ് പാർലമെന്‍റ് പാർട്ടി ലീഡറും ദേശീയ ഓർഗനൈസിങ് സെക്രട്ടറിയുമായ ഇ ടി മുഹമ്മദ് ബഷീർ എംപി. ജെപിസി റിപ്പോർട്ടിനെയും അതിന്‍റെ തുടർ നടപടികളെയും കീഴ്മേൽ മറിക്കുന്നതാണ് ഇന്നലെ മുതൽ പുറത്ത് വന്ന് കൊണ്ടിരിക്കുന്ന മാധ്യമ വാർത്തകളുടെ അന്തസത്ത.
ഇന്ത്യൻ പാർലമെന്‍റിൽ അവതരിപ്പിച്ച വഖഫ് ബില്ലിലും ഇപ്പോൾ എടുത്തിട്ടുള്ള നടപടിയിലും വ്യക്തമാവുന്ന കാര്യം, സർക്കാർ വഖഫ് നിയമം ലക്ഷ്യമാക്കുന്ന വിഭാഗത്തെ ഒരിഞ്ച് പരിഗണിച്ചില്ല എന്നതാണ്. കൂടുതൽ സങ്കീർണ്ണമാക്കുകയാണ് ചെയ്തത്. ഏത് സമയത്തും സർക്കാർ എടുക്കുന്ന ജനാധിപത്യ വിരുദ്ധ സമീപനം ഇതിലും എടുത്തിട്ടുണ്ട് എന്നാണ് വ്യക്തമാകുന്നത്.
ജെപിസി അംഗങ്ങളെ പോലും പുച്ഛിക്കുന്ന നടപടിയാണ് ഉണ്ടായിട്ടുള്ളത്. ബിജെപി കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന റിപ്പോർട്ട് നേരത്തെ അവർ ബില്ലിൽ അനുവർത്തിച്ചിരുന്ന നയത്തിൽ നിന്ന് ഒട്ടും വ്യതിചലിക്കാത്തതാണ്. സർക്കാർ കാണിച്ച് വരുന്ന മർക്കട മുഷ്ഠി ഇതിലും കാണിച്ചിരിക്കുന്നതായി കാണാനാവും.
കഴിഞ്ഞ പാർലമെന്‍റ് സമ്മേളനത്തിൽ ഭേദഗതികളായി കൊണ്ട് വന്ന വഖഫ് ബോർഡുകളിൽ രണ്ട് അമുസ്ലിങ്ങൾ വേണമെന്ന ക്ലോസ് ആവർത്തിച്ചിട്ടുണ്ട്. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മുസ്ലിം ആയിക്കൊള്ളണമെന്നില്ല എന്നുള്ള സമീപനവും എടുത്തിട്ടുണ്ട്. അഞ്ച് വർഷമായി ഇസ്ലാം മതം അനുഷ്ഠിക്കുന്ന വ്യക്തിക്ക് മാത്രമേ വഖഫ് ചെയ്യാവൂ എന്ന നേരത്തെയുള്ള നിയമം കുറച്ചുകൂടി കടുപ്പിച്ചിരിക്കുന്നു. മുസ്ലിം ആണെന്ന് കാണിക്കുകയോ പ്രകടിപ്പിക്കുകയോ ചെയ്യുന്ന ആളിന് മാത്രമേ വഖഫ് ചെയ്യാവു എന്നാക്കി മാറ്റി അത് കൂടുതൽ സങ്കീർണ്ണമാക്കി മാറ്റിയിരിക്കുന്നു.
സർവ്വേകളുടെ ചുമതല വഖഫ് കമ്മിഷനുകളിൽ നിന്ന് മാറ്റി ജില്ലാ കലക്ടർമാക്ക് കൊടുത്ത നടപടിയും ദുരുപദിഷ്ടമാണ്.
ട്രൈബൂണലാണ് വഖഫ് സ്വത്തു സംബന്ധിച്ച അവകാശ തർക്കം പോലുള്ള കാര്യങ്ങളിൽ ഇടപെടേണ്ടത്. എന്നാൽ അത് അംഗീകരിച്ചില്ലെന്ന് മാത്രമല്ല അതും സർക്കാരിന്‍റെ ദയദാക്ഷീണത്തിന് വിധേയമായി ചെയുന്ന സ്വഭാവത്തിലാണ് വിവക്ഷിച്ചിട്ടുള്ളത്.
പുതിയ വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷൻ നടപടികൾ സംബന്ധിച്ചും സര്‍ക്കാർ അധികാരത്തിലേക്ക് കാര്യങ്ങൾ പോകുന്നു എന്നു മാത്രമല്ല കൂടുതൽ സങ്കീർണ്ണമാക്കുന്നുണ്ട്. വഖഫ് സ്വത്തുക്കൾ സർക്കാർ സ്വത്താണോ എന്ന് തീരുമാനിക്കാൻ വഖഫ് കമ്മിഷനുകൾക്ക് ഉണ്ടായിരുന്ന അധികാരം ജില്ലാ കലക്ടർക്ക് നൽകിയ നടപടി ഗുരുതരമാണ്. മുൻ നിയമ പ്രകാരം കലക്ടർക്ക് നൽകിയ അധികാരം പുതിയ നിയമത്തിൽ സംസ്ഥാന സർക്കാർ നിയോഗിക്കുന്ന ഉദ്യോഗസ്ഥന് എന്നാക്കി മാറ്റി സർക്കാരിന് കുറേകൂടി അമിത അധികാരം നൽകുകയാണ്.
ഇത് സംബന്ധിച്ച വാർത്തകളുടെ അടിസ്ഥാനത്തിൽ ഈ കാര്യം സജീവമായി ചർച്ച ചെയ്യണമെന്ന് നാളെ ചേരുന്ന പാർലമെന്‍റ് കക്ഷി നേതാക്കളുടെ യോഗത്തിൽ ഉന്നയിക്കുമെന്നും ഇ ടി വ്യക്തമാക്കി. പാർലമെന്‍റിന്‍റെ എല്ലാ വേദികളിലും വളരെ ശക്തമായ സമീപനം ഇക്കാര്യത്തിൽ എടുക്കും. പാർലമെന്‍റിന് അകത്തും പുറത്തും നിരന്തരമായ പോരാട്ടം നടുത്തുമെന്ന മുസ്ലിം ലീഗിന്റെ മുൻ പ്രഖ്യാപനം അക്ഷരാർത്ഥത്തിൽ നിർവഹിക്കുകയും ചെയ്യും. സമാനചിന്താഗതിക്കാരുമായി ഇന്നും നാളെയും ദില്ലിയിൽ ചർച്ച നടത്താൻ ഉദ്ദേശിക്കുന്നുണ്ടെന്നും ഇ ടി കൂട്ടിച്ചേര്‍ത്തു.
വൈദ്യുതി ബില്ലിൽ 35 ശതമാനം വരെ ലാഭം വേണോ; ചെയ്യേണ്ടത് ഇത്ര മാത്രം, നിർദേശവുമായി കെഎസ്ഇബി
