Asianet News MalayalamAsianet News Malayalam

യദുലാലിന്‍റെ മരണം: കൊച്ചിയിലെ റോഡുകളുടെ നിലവാരം പരിശോധിക്കാന്‍ അമിക്കസ് ക്യൂറി,നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

റോഡിലെ എല്ലാ കുഴികളിലും മരണം ഒളിച്ചിരിക്കുന്നെന്ന് പറഞ്ഞ ഹൈക്കോടതി യദുലാലിന്‍റെ മരണം മറക്കില്ലെന്നും പറഞ്ഞു

Amicus curiae for investigating road quality
Author
Kochi, First Published Dec 13, 2019, 3:21 PM IST

കൊച്ചി: കൊച്ചിയിലെ റോഡുകളുടെ നിലവാരം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി മൂന്ന്  അഭിഭാഷകരെ അമിക്കസ് ക്യൂറിയായി നിയമിച്ചു. അടുത്ത വെള്ളിയാഴ്‍ചയ്ക്കുള്ളില്‍ അമിക്കസ് ക്യൂറി പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെയാണ് റോഡുകളുടെ നിലവാരം പരിശോധിക്കാന്‍ അമിക്കസ് ക്യൂറിയെ നിയമിച്ചത്. റോഡിലെ എല്ലാ കുഴികളിലും മരണം ഒളിച്ചിരിക്കുന്നെന്ന് പറഞ്ഞ ഹൈക്കോടതി യദുലാലിന്‍റെ മരണം മറക്കില്ലെന്നും പറഞ്ഞു.

അതേസമയം യുവാവിന്‍റെ ദാരുണ മരണത്തില്‍  നാല് പിഡബ്ല്യുഡി ഉദ്യോഗസ്ഥരെ സസ്‍പെന്‍ഡ് ചെയ്‍തു. നിരത്ത് പരിപാലന വിഭാഗം അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഈ പി സൈനബ, നിരത്ത് ഉപവിഭാഗം അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സൂസൻ സോളമൻ തോമസ്, നിരത്ത് വിഭാഗം എറണാകുളം സെക്ഷൻ  അസിസ്റ്റന്‍റ് എഞ്ചിനീയര്‍ കെ എൻ സുർജിത്,  എറണാകുളം നിരത്ത് പരിപാലന വിഭാഗം അസിസ്റ്റന്‍റ് എഞ്ചിനീയര്‍ പി കെ ദീപ എന്നിവരെയാണ് സസ്‌പെന്‍റ് ചെയ്തത്. മന്ത്രി ജി സുധാകരന്‍റെ നിർദേശ പ്രകാരമാണ് നടപടി.

പാലാരിവട്ടത്ത് റോഡിലെ കുഴിയിൽ വീണ് യുവാവ് മരിക്കാനിടയായ സംഭവത്തിൽ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി ഉയര്‍ത്തിയത്. കുഴി അടയ്ക്കും എന്ന് ആവര്‍ത്തിച്ച് പറയുന്നതല്ലാതെ കുഴിയടക്കാൻ വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് കുറ്റപ്പെടുത്തിയ കോടതി ചെറുപ്രായത്തിലാണ് ഒരാളുടെ ജീവൻ നഷ്ടമായതെന്നും ചൂണ്ടിക്കാണിച്ചു. മരിച്ച യുവാവിന്‍റെ മാതാപിതാക്കളോട് മാപ്പ് പറയുന്നു. നാണക്കേട് കൊണ്ട് തലകുനിഞ്ഞു പോകുകയാണ്. കാറിൽ സഞ്ചരിക്കുന്നവർക്ക് റോഡിലെ മോശം അവസ്ഥയുടെ ബുദ്ധിമുട്ട് അറിയില്ല.

ഇനിയും എത്ര ജീവൻ ബലി കൊടുത്താലാണ് ഈ നാട് നന്നാക്കുന്നത് എന്ന് ചോദിച്ച കോടതി മരിച്ച യുവാവിന്‍റെ കുടുംബത്തിന്‍റെ അവസ്ഥ ആരും മനസിലാക്കാത്തത് എന്തുകൊണ്ടെന്നും ചോദിച്ചു. 2008 ലെ റോഡ് അപകടവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെ ആണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അടക്കമുള്ള ബെഞ്ച് സര്‍ക്കാരിനെ അതി രൂക്ഷമായി വിമര്‍ശിച്ചത്.

ഒരാൾ ഒരു കുഴി കുഴിച്ചാൽ അത് മൂടാൻ പ്രോട്ടോകോൾ നോക്കുകയാണെന്ന് പറഞ്ഞ കോടതി വകുപ്പ് തലങ്ങളിലെ ഏകോപമില്ലായ്മയേയും അതിരൂക്ഷമായി വിമര്‍ശിച്ചു. ഉത്തരവിടാൻ മാത്രമെ കോടതിക്ക് കഴിയു. അത് നടപ്പാക്കാനുള്ള നടപടികളാണ് ഉണ്ടാകേണ്ടത്. ഉദ്യോഗസ്ഥരിൽ വിശ്വാസം നഷ്ടമായെന്നും കോടതി കുറ്റപ്പെടുത്തി. യുവാവിന്‍റെ മരണത്തില്‍ സര്‍ക്കാരിനെതിരെ കോടതി രൂക്ഷവിമര്‍ശനമുയര്‍ത്തിയതിന് പിന്നാലെ കുടുംബത്തിന് 10 ലക്ഷം നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇരുചക്ര വാഹനത്തില്‍ നിന്ന് റോഡിലെ കുഴിയില്‍ വീണ യുവാവ് പിന്നാലെ വന്ന ലോറി ശരീരത്തിലൂടെ കയറിയിറങ്ങി കഴിച്ച ദിവസമാണ് മരിച്ചത്. 

Follow Us:
Download App:
  • android
  • ios