അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം ചേലമ്പ്ര സ്വദേശി ഷാജി ആണ് മരിച്ചത്. ഒരു മാസത്തിനിടെ മരിച്ചവരുടെ എണ്ണം ആറായി
കോഴിക്കോട്: സംസ്ഥാനത്ത് ഒരാൾ കൂടി അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം ചേലേമ്പ്ര സ്വദേശി ഷാജിയാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു മാസത്തിനിടെ രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ആറായി. മൂന്നാഴ്ചയായി കോഴിക്കോട് മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഷാജി. ഇന്നലെ രാത്രിയാണ് മരണം സ്ഥിരീകരിച്ചത്. ഷാജിക്ക് ഗുരുതരമായ കരൾ രോഗവുമുണ്ടായിരുന്നു. വർഷങ്ങക്ക് മുൻപുണ്ടായ അപകടത്തിൽ ഇയാളുടെ തലയോട്ടിക്കും പരിക്കേറ്റിരുന്നു. ഷാജിക്ക് രോഗം പിടിപെട്ടത് എവിടെനിന്നാണ് ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
മലപ്പുറത്താണ് സ്വദേശമെങ്കിലും രോഗലക്ഷണങ്ങൾ കാണിക്കുന്നതിന് മുന്നാഴ്ച മുൻപ് ഇയാൾ കണ്ണൂരിൽ താമസിച്ച് വെൽഡിങ് ജോലി ചെയ്തിരുന്നു. ഇവിടെ നിന്നും രോഗം പിടിപെട്ടെന്ന സംശയവും ആരോഗ്യ വകുപ്പിനുണ്ട്. രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് പേരാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗം ബാധിച്ച് മരിച്ചത്. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ സ്രവ പരിശോധനയിൽ ഇതുവരെ 15 പേർക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ഇതിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ ഒമ്പതു പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും ഒരാൾ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. കോഴിക്കോട്, മലപ്പുറം, വയനാട്, കാസർകോട് ജില്ലയിലുള്ളവരാണ് ചികിത്സയിലുള്ളത്.
അമീബിക് മസ്തിഷ്ക ജ്വരം; കണക്കുകളിൽ അവ്യക്തത
അമീബിക്ക് മസ്തിഷ്ക ജ്വരം മരണം തുടർച്ചയായി റിപ്പോർട്ട് ചെയ്യുമ്പോഴും കണക്കുകളിൽ അവ്യക്തത. ആരോഗ്യവകുപ്പിന്‍റെ ഔദ്യോഗിക കണക്കിൽ ഈ വർഷം രണ്ടു മരണം മാത്രമാണുള്ളത്. 12 മരണം അമീബിക്ക് മസ്തിഷ്ക ജ്വരം മൂലമാണെന്ന് സംശയിക്കുന്നുവെന്നാണ് ഡിഎച്ച്എസിന്‍റെ കണക്ക്. 18 പേർക്കാണ് ഔദ്യോഗിക കണക്ക് പ്രകാരം ഈ വർഷം രോഗം സ്ഥിരീകരിച്ചത്.രോഗം സംശയിച്ചത് 34 പേർക്കെന്നും ഡിഎച്ച്എസ് വെബ്സൈറ്റിലെ കണക്കിലുണ്ട്. എന്നാൽ, സെപ്റ്റംബർ 3ന് ആരോഗ്യമന്ത്രി തന്നെ 22 പേര് അമീബിക്ക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുള്ളതായി വ്യക്തമാക്കിയിരുന്നു.തിരുവനന്തപുരത്തും കോഴിക്കോടുമായി 11 വീതം ആക്ടീവ് കേസുകൾ നിലവിൽ ഉണ്ടെന്നായിരുന്നു മന്ത്രി പറഞ്ഞത്.



