Asianet News MalayalamAsianet News Malayalam

'3 മക്കളിൽ 2 പേർക്ക് ഓട്ടിസം, ഒരാൾക്ക് അപൂർവരോഗവും, ജോലിയില്ലാതെ എങ്ങനെ?' ദയാവധം അനുവദിക്കണമെന്ന് അമ്മ

പ്രത്യേക പരിചരണം ആവശ്യമുളള കുഞ്ഞിനെ വീട്ടില്‍ തനിച്ചാക്കി പോകാന്‍ കഴിയാത്തതിനാല്‍ ഉണ്ടായിരുന്ന ജോലി രാജിവയ്ക്കേണ്ടി വന്നു നഴ്സുമാരായ സ്മിതയ്ക്കും ഭര്‍ത്താവിനും

among three children two have autism mother demands mercy killing SSM
Author
First Published Jan 28, 2024, 1:06 PM IST

കോട്ടയം: ഓട്ടിസത്തിനൊപ്പം അപൂര്‍വ രോഗവും ബാധിച്ച മകനെ വളര്‍ത്താന്‍ മാര്‍ഗമില്ലാത്തതിനാല്‍ ദയാവധത്തിന് അനുമതി തേടി സുപ്രിംകോടതിയെ സമീപിക്കുമെന്ന് കോട്ടയത്ത് ഒരു കുടുംബം. കൊഴുവനാല്‍ സ്വദേശികളായ ദമ്പതികളാണ് മകന്‍റെ അപൂര്‍വ രോഗത്തെ തുടര്‍ന്നുളള പ്രതിസന്ധി നേരിടാനാവാതെ അസാധാരണമായ ആവശ്യവുമായി രംഗത്തു വന്നത്.

"എങ്ങനെ കുഞ്ഞുങ്ങളുമായി മുന്നോട്ട് പോകും? ജോലിയില്ല. മറ്റ് വരുമാനവുമില്ല. ഇതൊന്നുമില്ലാതെ എങ്ങനെ കുഞ്ഞുങ്ങളെ വളർത്തും? സംരക്ഷിക്കും? ദയാവധത്തിനായി നിങ്ങളെല്ലാം എന്നെ സഹായിക്കണം"-  മൂന്നു മക്കളുടെ അമ്മയാണ് കൊഴുവനാല്‍ സ്വദേശിനി സ്മിത ആന്‍റണി. മക്കളില്‍ രണ്ട് പേര്‍ ഓട്ടിസം ബാധിതരാണ്. അവരില്‍ തന്നെ രണ്ടാമത്തെയാള്‍ക്ക് ഓട്ടിസത്തിനൊപ്പം അപൂര്‍വ രോഗമായ സോള്‍ട്ട് വേസ്റ്റിംഗ് കണ്ടിജന്‍റല്‍ അഡ്രിനാല്‍ ഹൈപ്പര്‍പ്ലാസിയയും. പ്രത്യേക പരിചരണം ആവശ്യമുളള കുഞ്ഞിനെ വീട്ടില്‍ തനിച്ചാക്കി പോകാന്‍ കഴിയാത്തതിനാല്‍ ഉണ്ടായിരുന്ന ജോലി രാജിവയ്ക്കേണ്ടി വന്നു നഴ്സുമാരായ സ്മിതയ്ക്കും ഭര്‍ത്താവിനും. 

കുഞ്ഞിന്‍റെ സവിശേഷമായ ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് സ്വന്തം പഞ്ചായത്തില്‍ തന്നെ തനിക്കോ ഭര്‍ത്താവിനോ സര്‍ക്കാര്‍ ഒരു ജോലി നല്‍കണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. ആവശ്യം പരിഗണിക്കാമെന്ന് മന്ത്രിമാരടക്കം ഉറപ്പു നല്‍കിയിട്ടും ഇക്കാര്യത്തില്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കാന്‍ കൊഴുവനാല്‍ പഞ്ചായത്ത് അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് സ്മിതയുടെ പരാതി. നിരന്തരം പഞ്ചായത്തില്‍ കയറിയിറങ്ങിയിട്ടും നടപടി ഉണ്ടാകാതെ വന്നതോടെയാണ് കുടുംബത്തിന് ഒന്നടങ്കം ദയാവധം ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിക്കുമെന്ന മുന്നറിയിപ്പ്.

സ്മിതയ്ക്കോ ഭര്‍ത്താവിനോ ജോലി നല്‍കണമെന്ന ശുപാര്‍ശയുമായി സര്‍ക്കാരിന് കത്തയയ്ക്കാന്‍ 2022 നവംബര്‍ 5ന് കൊഴുവനാല്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനം രേഖാമൂലം സര്‍ക്കാരിനെ അറിയിക്കാതെ പഞ്ചായത്ത് സെക്രട്ടറിയും ഉദ്യോഗസ്ഥരും നടപടികള്‍ വൈകിക്കുകയാണെന്ന് സ്മിത ചൂണ്ടിക്കാട്ടി. നീതി തേടി മനുഷ്യാവകാശ കമ്മീഷനെയും കുടുംബം സമീപിച്ചിട്ടുണ്ട്.

 

Latest Videos
Follow Us:
Download App:
  • android
  • ios