കുന്നംകുളം പാറേമ്പാടത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് അപകടം. അപകടത്തിൽ  മരണം രണ്ടായി, ഏഴ് പേർക്ക് പരിക്ക്.

തൃശ്ശൂർ: തൃശ്ശൂർ കുന്നംകുളം പാറേമ്പാടത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് വാഹനങ്ങളിൽ ഇടിച്ച് രണ്ടു മരണം. രണ്ട് സ്ത്രീകളാണ് മരിച്ചത്. രണ്ടു പേരുടെ നില ഗുരുതരമാണ്. അമിതവേഗതയാണ് അപകടം വരുത്തിവെച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു. കുറ്റിപ്പുറത്തുനിന്ന് തൃശ്ശൂരിലേക്ക് വന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ആണ് അപകടത്തിൽപ്പെട്ടത്. രണ്ടു കാറുകളെയും ഒരു ഓട്ടോറിക്ഷയെയും ബൈക്കിനെയും ഇടിച്ചുതെറിപ്പിച്ച് മതിലും ഗേറ്റും തകർത്താണ് ബസ് വീട്ടുമുറ്റത്ത് നിന്നത്. അമിത വേഗതയാണ് അപകടകാരണമെന്ന് അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവർ പറഞ്ഞു.

വിവരമറിഞ്ഞെത്തിയ നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് അപകടത്തിൽപ്പെട്ടവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രികളിൽ എത്തിച്ചു. കാറിൽ യാത്ര ചെയ്തിരുന്ന കുന്നംകുളം പോർക്കുളം സ്വദേശി പതിനേഴുകാരി റിയ ഫാത്തിമ, ബൈക്ക് യാത്രക്കാരി അയ്യംപറമ്പ് സ്വദേശിനി തങ്കമണി എന്നിവരാണ് മരിച്ചത്. മറ്റു രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ തൃശ്ശൂരിലെയും കറുകുറ്റിയിലെയും സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി. ബസ് യാത്രികർ ഉൾപ്പെടെ 12 പേർ വിവിധ ആശുപത്രിയിൽ ചികിത്സ തേടി. ബസ് ഡ്രൈവർക്കെതിരെ കുന്നംകുളം പൊലീസ് കേസെടുക്കും. അപകടകാരണം അറിയുന്നതിന് മോട്ടോർ വാഹന വകുപ്പ് പരിശോധന തുടങ്ങി.