ശാരീരിക വെല്ലുവിളികൾ അതിജീവിച്ച് മിടുക്കനായി പഠിക്കുന്ന വിദ്യാർത്ഥിയാണ് അനന്തകൃഷ്ണൻ. ധനമന്ത്രി ഡോ തോമസ് ഐസക്കിന്‍റെ മണ്ഡലത്തിലാണ് ഈ പ്ലസ് ടു വിദ്യാർത്ഥിയുള്ളത്.
ആലപ്പുഴ: സ്മാർട്ട് ഫോണും ടിവിയും ഇല്ലാത്തതിനാൽ പഠനം മുടങ്ങിയതിന്‍റെ വിഷമത്തിലാണ് ആലപ്പുഴ മാരാരിക്കുളം സ്വദേശി സേതുലക്ഷ്മിയുടെ മകൻ അനന്തകൃഷ്ണന്‍. ശാരീരിക വെല്ലുവിളികൾ അതിജീവിച്ച് മിടുക്കനായി പഠിക്കുന്ന വിദ്യാർത്ഥിയാണ് അനന്തകൃഷ്ണൻ. ധനമന്ത്രി ഡോ തോമസ് ഐസക്കിന്‍റെ മണ്ഡലത്തിലാണ് ഈ പ്ലസ് ടു വിദ്യാർത്ഥിയുള്ളത്.
ശാരീരിക പരിമിതികളെ പഠനമികവ് കൊണ്ട് തോൽപ്പിച്ചാണ് അനന്തകൃഷ്ണൻ പ്ലസ് ടു വരെയെത്തിയത്. എസ്എൽ പുരം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയാണ് അനന്തകൃഷ്ണന്‍. എഴുതിയ പരീക്ഷകളിലെല്ലാം മിന്നും വിജയം നേടി. എന്നാൽ, അധ്യയനം ഓൺലൈൻ ആയതോടെ പഠനം മുടങ്ങി. മകന്‍റെ പഠനത്തിന് മൊബൈലും ടിവിയും വാങ്ങാനുള്ള വരുമാനം അമ്മ സേതുലക്ഷ്മിക്കില്ല. വീടുകളിൽ പോയി കുട്ടികൾക്ക് ട്യൂഷനെടുത്ത് കിട്ടുന്ന പണം കൊണ്ടാണ് ഇതുവരെകഴിഞ്ഞിരുന്നത്.
കൊവിഡ് കാലത്ത് ആ വരുമാനവും നിലച്ചു. മകന്‍റെ പഠനാവശ്യത്തിന് സഹായം തേടി, പലരെയും സമീപിച്ചു ഈ അമ്മ. ഇവരുടെ വീട് കാലപ്പഴക്കത്തിൽ നിലപൊത്തിയിട്ട് നാളേറെയായി. ഇപ്പോൾ വീട്ടുമുറ്റത്ത് താൽകാലിക ഷെഡ് ഒരുക്കിയാണ് താമസം. ദുരിതങ്ങൾക്കിടെയിലും മകന്‍റെ പഠനം മാത്രമാണ് ഈ അമ്മ ആഗ്രഹിക്കുന്നത്.

