Asianet News MalayalamAsianet News Malayalam

'രാജ്യത്തെ ഏറ്റവും സമഗ്ര ജിഎസ്ടി പുനഃസംഘടന'; പഠിക്കാന്‍ ആന്ധ്ര സംഘം കേരളത്തില്‍ 

കര്‍ണാടക, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുടെ തുടര്‍ച്ചയായാണ് ആന്ധ്രാപ്രദേശ് സംഘം കേരളത്തില്‍ വന്നതെന്നും അധികൃതര്‍ പറഞ്ഞു

andhra pradesh govt officials at kerala to study gst overhaul joy
Author
First Published Sep 16, 2023, 7:51 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ജിഎസ്ടി വകുപ്പിന്റെ പുനഃസംഘടനയെക്കുറിച്ചു പഠിക്കാന്‍ ആന്ധ്ര പ്രദേശില്‍ നിന്നുള്ള ഉന്നതതല ഉദ്യോഗസ്ഥ സംഘം കേരളത്തിലെത്തി. ജിഎസ്ടി വകുപ്പില്‍ രാജ്യത്ത് ഏറ്റവും മികച്ച രീതിയില്‍ പുനഃസംഘടന നടന്നത് കേരളത്തിലാണെന്നു സംഘത്തിലെ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലും ജിഎസ്ടി പുനഃസംഘടന പഠിക്കാന്‍ പോയിട്ടുണ്ടെങ്കിലും വാറ്റ് നിയമത്തിന്റെ രീതിയില്‍ നിന്നു പൂര്‍ണമായും ജി.എസ്.ടിയിലേക്കു മാറിയ ഭരണ സംവിധാനം കേരളത്തിന്റേതു മാത്രമാണെന്നും അതു രാജ്യത്തിനു മാതൃകയാണെന്നും സംഘം അഭിപ്രായപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.

സംസ്ഥാനത്തെ ജിഎസ്ടി ഇന്റലിജന്‍സിന്റെ പ്രവര്‍ത്തനം പഠിക്കുന്നതിനായി ആന്ധ്രാപ്രദേശില്‍ നിന്നുള്ള 22 അംഗ ഉദ്യോഗസ്ഥ സംഘമാണ കഴിഞ്ഞദിവസം എത്തിയത്. സെപ്തംബര്‍ 11 മുതല്‍ 15 വരെ തീയതികളില്‍ സംഘത്തിനായി സംസ്ഥാന നികുതി വകുപ്പ് ശ്രീകാര്യത്തുള്ള ഗുലാത്തി ഇന്റസ്റ്റിറ്റിയൂട്ട് കേന്ദ്രീകരിച്ചു ക്ലാസുകളും ശില്‍പ്പശാലകളും ഫീല്‍ഡ് വിസിറ്റുകളും സംഘടിപ്പിച്ചു. ആന്ധ്രാപ്രദേശ് ചീഫ് കമ്മീഷണര്‍ എം. ഗിരിജാശങ്കര്‍, സ്പെഷ്യല്‍ കമ്മീഷണര്‍ എം. അഭിഷേക്ത് കുമാര്‍, ജോയിന്റ് കമ്മീഷണര്‍ ഒ. ആനന്ദ്, അഡീഷണല്‍ കമ്മീഷണര്‍ കൃഷ്ണമോഹന്‍ റെഡ്ഡി എന്നിവര്‍ അടങ്ങുന്ന ഉദ്യോഗസ്ഥരുടെ സംഘമാണ് സംസ്ഥാനത്ത് എത്തിയത്. സംസ്ഥാന ജിഎസ്ടി കമ്മീഷണര്‍ അജിത് പട്ടീല്‍, അഡീഷണല്‍ കമ്മീഷണര്‍ എബ്രഹാം റെന്‍ എന്നിവരുടെ നേതൃത്വത്തിലെ സംഘമാണ് പരിശീലനം നയിച്ചത്. പരിശീലനത്തിന്റെ ഭാഗമായി ജിഎസ്ടി വകുപ്പിലെ പുനഃസംഘടന, ഇന്റലിജന്‍സിന്റെ പ്രാധാന്യം, പ്രവര്‍ത്തനം, പരിശോധന, പരിശോധനയുടെ പെരുമാറ്റവശം, നിയമവശം, ഭരണവശം എന്നിവ വിശദമായി പ്രതിപാദിച്ചെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കര്‍ണാടക, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുടെ തുടര്‍ച്ചയായാണ് ആന്ധ്രാപ്രദേശ് സംഘം കേരളത്തില്‍ വന്നതെന്നും അധികൃതര്‍ പറഞ്ഞു. കര്‍ണാടകയിലെ കമ്മീഷണര്‍ ഉള്‍പ്പെടെ പ്രതിനിധി സംഘം കഴിഞ്ഞ ഫെബ്രുവരിയില്‍ സന്ദര്‍ശിക്കുകയും കേരളത്തിലെ മാതൃക കര്‍ണാടകയില്‍ പകര്‍ത്തുകയും മെച്ചപ്പെട്ട ഇന്റലിജന്‍സ് സംവിധാനം രൂപീകരിക്കുകയും ചെയ്തു. ഈ മാതൃകയുടെ പ്രചോദനം ഉള്‍ക്കൊണ്ടാണ് ആന്ധ്രപ്രദേശിലെ ചീഫ് കമ്മീഷണര്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥ സംഘം കേരളം സന്ദര്‍ശിച്ചത്.
 

 പാർട്ടിയിൽ നിരന്തര അവഗണന; നിയമസഭയിലേക്ക് ജയിച്ചാലും സമുദായം ചൂണ്ടി മന്ത്രിയാക്കില്ല: കെ മുരളീധരൻ 
 

Follow Us:
Download App:
  • android
  • ios