എറണാകുളം: അങ്കമാലിയിൽ അച്ഛൻ എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കുഞ്ഞിന്‍റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. കുഞ്ഞിൻ്റെ ആരോഗ്യ നിലയിൽ അടുത്ത 36 മണിക്കൂർ കൂടി നിർണ്ണായകമെന്ന് മെഡിക്കൽ ബോർഡ് വ്യക്തമാക്കി. 

നാലര മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ തലയിൽ കട്ടപിടിച്ച രക്തം ഇന്നലെ നീക്കം ചെയ്തിരുന്നു. ഓക്സിജൻ സഹായത്തോടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിലാണിപ്പോൾ. കുഞ്ഞിന്‍റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടായതിനെ തുടർന്നാണ് ഇന്നലെ ശസ്ത്രക്രിയ നടത്താൻ മെഡിക്കൽ ബോർഡ് തീരുമാനിച്ചത്. 

കഴിഞ്ഞ പതിനെട്ടാം തീയതി പുലർച്ചെയാണ് 54 ദിവസം പ്രായമായ പെൺകുഞ്ഞിനെ അച്ഛൻ കാലിൽ പിടിച്ചു ചുഴറ്റി കട്ടിലിലേക്ക് എറിഞ്ഞത്. തലക്ക് പരിക്കേറ്റ് ബോധം നഷ്ടമായ നിലിയിലാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ച അച്ഛൻ ഷൈജു തോമസ് നിലവിൽ റിമാൻഡിലാണ്