സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മൊയ്തീന് ഇനിയും എംഎൽഎ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും രാജിവെക്കണമെന്നും അനിൽ അക്കര

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എസി മൊയ്തീനെതിരെ ഗുരുതര ആരോപണങ്ങളുമായി അനിൽ അക്കര. അനിൽ സേഠും സതീശും എസി മൊയ്തീന്റെ ബിനാമികളാണെന്നും, ഇവരുടെ സഹായത്തോടെ കരുവന്നൂരിലെ സഹകരണ ബാങ്കിൽ നിന്ന് 29 കോടിയുടെ കൊള്ള എസി മൊയ്തീൻ നടത്തിയെന്നും അനിൽ അക്കര കുറ്റപ്പെടുത്തി.

എസി മൊയ്തീന്റെ പണം സൂക്ഷിച്ചുവച്ചിരിക്കുന്ന സ്ഥലങ്ങളാണ് അനിൽ സേഠും, സതീശനും. 2 ബാങ്കുകളിലാണ് 30 ലക്ഷത്തിന്റെ നിക്ഷേപമുള്ളത്. മച്ചാട് സ്വയം സഹായ സഹകരണ സംഘത്തിനും ബാങ്ക് ഓഫ് ഇന്ത്യയിലും. എന്നാൽ തെരഞ്ഞെടുപ്പ് അഫിഡവിറ്റിൽ ഇത് വെളിപ്പെടുത്തിടിയിട്ടില്ല. മച്ചാട് സഹായ സംഘമാണ് മൊയ്തീന്റെ പണം സൂക്ഷിക്കുന്ന മൂന്നാമത്തെ ഇടം. ഇത് എസി മൊയ്തീന്റെ പരസ്പര സഹായ സംഘമാണ്.

സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മൊയ്തീന് ഇനിയും എംഎൽഎ സ്ഥാനത്ത് തുടരാൻ അർഹതയില്ല. അദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകൾ ദുരൂഹമാണ്. കരുവന്നൂരിലെ നൂറു കണക്കിന് ആളുകളുടെ ജീവിതം മുടക്കിയാണ് എസി മൊയ്തീൻ. മന്ത്രിയായിരുന്നപ്പോൾ കോർപ്പറേഷനിലെ അനധികൃത കെട്ടിടങ്ങൾക്ക് അനുമതി നൽകി. അതിന് ഒത്താശ ചെയ്തത് കൗൺസിലറായ അനൂപ് കാടയാണ്. കരുവന്നൂർ സഹകരണ ബാങ്കിന് അനിൽ സേഠിനെയും സതീശനെയും പരിചയപ്പെടുത്തി കൊടുത്തത് അനിൽ അക്കരയാണെന്നും അദ്ദേഹം പറഞ്ഞു.