വിദേശ സംഭാവനാ നിയന്ത്രണ ചട്ടം ലംഘിക്കാൻ തീരുമാനമെടുത്തത് പിണറായി വിജയനാണെന്നും അദ്ദേഹം ന്യൂസ് അവറിൽ പറഞ്ഞു.
തിരുവനന്തപുരം : ലൈഫ് മിഷൻ കേസിൽ സുപ്രീംകോടതിയിലേക്കെന്ന് അനിൽ അക്കരെ. ജീവനുള്ള കാലത്തോളം ലൈഫ് മിഷനുമായി ബന്ധപ്പെട്ട അഴിമതിക്കെതിരെ കേസുമായി മുന്നോട്ട് പോകും. വിദേശ സംഭാവനാ നിയന്ത്രണ ചട്ടം ലംഘിക്കാൻ തീരുമാനമെടുത്തത് പിണറായി വിജയനാണെന്നും അദ്ദേഹം ന്യൂസ് അവറിൽ പറഞ്ഞു.

സിബിഐ അന്വേഷിക്കുന്ന വിദേശ സംഭവനാ നിയന്ത്രണ ചട്ട ലംഘത്തിൽ മുഖ്യമന്ത്രിയെ പ്രതിയാക്കണമെന്നാണ് അനിൽ അക്കര ആവശ്യപ്പെടുന്നത്. വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴ ഇടപാടിൽ ഒന്നാം പ്രതി മുഖ്യമന്ത്രിയെന്നാണ് ആരോപണം. 2019 ജൂലൈ 11 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് റെഡ് ക്രസന്റ് വടക്കാഞ്ചേരിയിൽ ഫ്ളാറ്റ് നിർമ്മിക്കാനുള്ള തീരുമാനമെടുത്തതെന്ന് വ്യക്തമാക്കുന്ന റിപോർട്ടും അനിൽ അക്കര പുറത്തുവിട്ടിട്ടുണ്ട്. ലൈഫ്മിഷൻ സി ഇ ഒ യു.വി ജോസ് അന്നത്തെ തദ്ദേശ സ്വയം ഭരണ വകുപ്പുമന്ത്രി എ സി മൊയ്തീന്റെ പ്രിൻസിപ്പിൽ സെക്രട്ടറിക്കയച്ച റിപ്പോർട്ടാണ് പുറത്തുവിട്ടത്. മുഖ്യമന്ത്രി അധ്യക്ഷനായ യോഗത്തിൽ യു എ ഇ കോൺസിൽ ജനറൽ, റെഡ് ക്രസന്റ്ജനറൽ സെക്രട്ടറി എന്നിവരും സംബന്ധിച്ചു. അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് എടുത്ത കേസിലും കക്ഷിചേരുമെന്നും അനിൽ അക്കര അറിയിച്ചു. കേസ് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിക്കുന്നത്.
