തൃശ്ശൂര്‍: തൃശ്ശൂരിലെ പുഴയ്ക്കലില്‍ പാലം യാത്രക്കാര്‍ക്ക് തുറന്നു കൊടുക്കാത്തതിനെതിരെ അനിൽ അക്കര എംഎൽഎ നടത്തിയ രാപ്പകൽ ഉപവാസ സമരം അവസാനിപ്പിച്ചു. പാലം സെപ്തംബർ 2 ന് യാത്രക്കാര്‍ക്ക് തുറന്നു കൊടുക്കുമെന്ന് മന്ത്രി ജി സുധാകരന്‍ ഉറപ്പ് നല്‍കിയതിന് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്.

തൃശൂര്‍-കോഴിക്കോട് റോഡിലെ പുഴയ്ക്കല്‍ പാലത്തിന്റെ 99 ശതമാനം പണിയും പൂര്‍ത്തിയായെങ്കിലും പാലം ഒക്ടോബറിലെ തുറന്നുകൊടുക്കൂവെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. ഓണത്തിരക്ക് കണക്കിലെടുത്ത് പാലം ഉടൻ തുറക്കണമെന്നായിരുന്നു അനില്‍ അക്കര എംഎല്‍എയുടെ ആവശ്യം. പാലത്തിന്റെ ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടില്ലെന്ന കാരണത്താൽ ചീഫ് എഞ്ചിനിയീര്‍ ഇത് എതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് എംഎല്‍എ 24 മണിക്കൂര്‍ രാപ്പകൽ ഉപവാസ സമരം തുടങ്ങി. 

പ്രതിഷേധം ശക്തമാകുമെന്ന സൂചന ലഭിച്ചതോടെ പാലം ഉടൻ തുറക്കാമെന്ന് മന്ത്രി ജി സുധാകരൻ ഉറപ്പ് നൽകി. ഇതോടെ സമരം അവസാനിപ്പിക്കാൻ തീരുമാനമായി. അടുത്ത മാസം 2 ന് ഉദ്ഘാടന ചടങ്ങ് ഏതെങ്കിലും കാരണവശാല്‍ നടത്താനായില്ലെങ്കിലും പാലം‌ തുറന്നു കൊടുക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. ഓണത്തിന് മുമ്പ് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല നിരാഹരം നടത്താനായിരുന്നു എംഎൽഎയുടെ തീരുമാനം.