എല്ലാ കാലത്തും ബിജെപിയെ ശത്രുപക്ഷത്ത് നിർത്തിയ അതികായന്റെ മകന്റെ വരവിൽ പാർട്ടിക്ക് കണക്ക് കൂട്ടലേറെ.

തിരുവനന്തപുരം: അനിൽ ആൻറണിയെ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തുനിന്നും മത്സരിപ്പിക്കാൻ ബിജെപി ആലോചന. അനിലിന് പിന്നാലെ പലരും ഇനിയുമെത്തുമെന്നും ബിജെപി പ്രചാരണമുണ്ട്. അനിലിനെ പൂർണ്ണമായും തള്ളിപ്പറയുമ്പോഴും നേതൃത്വവുമായി ഉടക്കി നിൽക്കുന്ന നേതാക്കളുടെ ഇനിയുള്ള നീക്കങ്ങളിൽ കോൺഗ്രസ്സിന് ആശങ്ക ബാക്കിയാണ്.

ആൻറണിയുടെ മകനെ പാർട്ടിയിലേക്കെത്തിക്കാനായത് വലിയ നേട്ടമായി ബിജെപി കാണുന്നു. എല്ലാ കാലത്തും ബിജെപിയെ ശത്രുപക്ഷത്ത് നിർത്തിയ അതികായന്റെ മകന്റെ വരവിൽ പാർട്ടിക്ക് കണക്ക് കൂട്ടലേറെ. കോൺഗ്രസിൽ ഐടി വിഭാഗത്തിലെ സേവനത്തെക്കാൾ എകെയുടെ മകൻ എന്ന നിലക്കുള്ള കൂടുതൽ പരിഗണന നൽകാനാണ് ബിജെപി ആലോചന. ലോക് സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തോ ചാലക്കുടിയിലോ അനിലിനെ ഇറക്കാൻ വരെ സാധ്യതയേറെ. 

ലോക് സഭാ തെരഞ്ഞെടുപ്പിനോട് അടുപ്പിച്ച് കോൺഗ്രസ്സിലെ പ്രമുഖരായ ചിലർ ബിജെപിയിലെത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. അനിലിന്റെ വരവ് തുടക്കമായി ബിജെപി പറയുന്നു. അച്ചനെ ചതിച്ച മകൻ എന്ന നിലക്കാണ് കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ അനിലിനെ പഴിക്കുന്നത്. അപ്പോഴും വികാരാധീനനായി മകനെ തള്ളിപ്പറഞ്ഞ ആൻറണിയുടെ നീറ്റൽ പാർട്ടിയെയും ഏറെ നാൾ അസ്വസ്ഥപ്പെടുത്തും. വൈകാരിക പ്രതികരണങ്ങൾക്കപ്പുറത്ത് നേതൃത്വത്തിനെതിരായ അനിലിന്റെ വിമർശനങ്ങളിലമുണ്ട് പാർട്ടിക്ക് ആശങ്ക. 

നേതാവിനെ ചുറ്റും കറങ്ങുന്ന പാർട്ടി എന്ന അനിൽ ഉന്നയിച്ച വിമർശനം അനിലിന്റെ മെന്ററായിരുന്ന ശശി തരൂർ മുമ്പ് പലതവണ ആവർത്തിച്ചതാണ്. പാർട്ടിയുടെ പോക്കിലെ അതൃപ്തി മുരളിയടക്കമുള്ളവരും നിരവധി വട്ടം പരസ്യമാക്കിയതാണ്. ബിജെപിയിലേക്കുള്ള ചേക്കേറൽ ചോദ്യങ്ങൾ തരൂർ പലകാലത്തും മുരളി അടുത്തിടെ ലീഡറുടെ പാരമ്പര്യം ഓ‌ർമ്മിപ്പിച്ചുമാണ് തള്ളിയത്. എതിർപ്പുള്ളവർ ഉടൻ ബിജെപിയിലേക്ക് പോകുമെന്നല്ലെങ്കിലും പാർട്ടിയിലെ പ്രശ്നങ്ങൾ തീർക്കാനാകാത്തതും ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തരുടെ മക്കൾ പോലും എതിർചേരിയിലേക്ക് പോകുന്നതും എളുപ്പത്തിൽ പറഞ്ഞുനിൽക്കാനാകാത്ത സ്ഥിതിയാണ്. 

'അനിൽ ആൻറണിയുടെ തീരുമാനം നിരാശാജനകം, മതേതര കാഴ്ചപ്പാടുള്ളവർക്ക് ബിജെപിയിൽ പ്രവർത്തിക്കാനാകില്ല': ശശി തരൂർ

തിക്താനുഭവങ്ങളുണ്ട്, പാർട്ടിയിൽ എല്ലാം ഭദ്രമെന്ന് പറയുന്നില്ല, പക്ഷേ അനിലിന്റെ തീരുമാനം തെറ്റ്': മുരളീധരൻ

അനിൽ ആന്റണിയെ സംസ്ഥാനത്തുനിന്ന് മത്സരിപ്പിക്കാൻ ബിജെപി ആലോചന