Asianet News MalayalamAsianet News Malayalam

അനിൽ ആന്‍റണിക്ക് ബിജെപിയിൽ കൂടുതൽ അവസരങ്ങൾ കിട്ടും; ന്യായീകരിച്ച് എലിസബത്ത് ആന്‍റണി

ചിന്തൻ ശിബിരത്തിൽ മക്കൾ രാഷ്ട്രീയത്തിനെതിരെ കോൺഗ്രസ് പ്രമേയം പാസാക്കിയെന്നും ഇതോടെ രണ്ടു മക്കൾക്കും എത്ര ആഗ്രഹിച്ചാലും രാഷ്ട്രീയത്തിലേക്ക് വരാൻ കഴിയാതെയായെന്നും എലിസബത്ത് ആന്റണി

Anil Antony will get more opportunities in BJP says AK Antony's wife Elizabeth Antony
Author
First Published Sep 23, 2023, 11:24 AM IST

തിരുവനന്തപുരം: അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തെ ന്യായീകരിച്ച് എ കെ ആന്‍റണിയുടെ ഭാര്യ എലിസബത്ത്. കൃപാസനം യൂട്യൂബ് ചാനലിലൂടെയായിരുന്നു എലിസബത്ത് ആന്റണിയുടെ പ്രതികരണം. അനിലിന്  ബിജെപിയിൽ കൂടുതൽ അവസരങ്ങൾ കിട്ടുമെന്ന് അനിലിന്റെ അമ്മയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ ഭാര്യയുമായ എലിസബത്ത് ആന്റണി. ചിന്തൻ ശിബിരത്തിൽ മക്കൾ രാഷ്ട്രീയത്തിനെതിരെ കോൺഗ്രസ് പ്രമേയം പാസാക്കിയെന്നും ഇതോടെ രണ്ടു മക്കൾക്കും എത്ര ആഗ്രഹിച്ചാലും രാഷ്ട്രീയത്തിലേക്ക് വരാൻ കഴിയാതെയായെന്നും എലിസബത്ത് ആന്റണി പറഞ്ഞു.

 

മക്കളെ രാഷ്ട്രീയത്തിൽ വളർത്താൻ എകെ ആന്റണി പരിശ്രമിച്ചിട്ടില്ലെന്നും എകെ ആന്റണി അറിയും മുമ്പ് അനിൽ ആന്റണി ബിജെപിയിൽ ചേരുന്ന കാര്യം തനിക്ക് അറിയാമായിരുന്നെന്നും എലിസബത്ത് പറഞ്ഞു. 'എന്റെ മകന്റെ ഏറ്റവും വലിയ ആഗ്രഹം രാഷ്ട്രീയത്തിൽ ഇറങ്ങണമെന്നായിരുന്നു. അമ്മമാർ തങ്ങളുടെ മക്കളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ ആഗ്രഹിക്കും പക്ഷേ എനിക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല. അതുകൊണ്ട് ഞാൻ മാതാവിനോട് കരഞ്ഞ് പറഞ്ഞു എന്റെ മകന്റെ ഭാവി, അവന് ഇപ്പോൾ 39 വയസ്സായെന്ന്. ഇതിന് ശേഷം എന്റെ മകൻ എന്നെ വിളിച്ചു. അമ്മേ, എന്നെ പിഎംഒയിൽ നിന്ന് വിളിച്ചു, ബിജെപിയിൽ ചേരാനാണ് പറയുന്നത്. ഒരുപാട് അവസരങ്ങൾ കിട്ടുമെന്നും അവർ പറയുന്നു. പക്ഷേ നമ്മൾ കോൺഗ്രസ് അല്ലേ, ബിജെപിയിലേക്ക് പോകുന്നത് അലോചിക്കാൻ പോലും വയ്യ. അപ്പോൾ തന്നെ കൃപാസനത്തിൽ എത്തി അച്ചന്റെ കൈയിൽ ആവശ്യം എഴുതി കടലാസ് കൊടുത്തു. അപ്പോൾ അച്ചൻ അത് മാതാവിന്റെ സന്നിധിയിൽ വച്ച് പ്രാർത്ഥിച്ചു. അച്ചൻ പറഞ്ഞു മകനെ തിരിച്ചു വിളിക്കേണ്ട അവന്റെ ഭാവി ബിജെപിയിൽ ആണെന്ന് മാതാവ് കാണിച്ചു തരുന്നുണ്ടെന്ന്. ബിജെപിയോടുള്ള അറപ്പും വെറുപ്പുമെല്ലാം അന്ന് മാതാവ് മാറ്റി തന്നു'. എലിസബത്ത് പറയുന്നു.

Also Read: ഖാലിസ്ഥാൻ വാദി നേതാവിന്‍റെ കൊലപാതകം; ഇന്ത്യക്കെതിരെ വീണ്ടും അമേരിക്ക, കാനഡയ്ക്ക് പിന്തുണ

ആന്റണിയെ ബിജെപി ദേശീയ വക്താവായി നേരത്തെ നിയമിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് അനില്‍ ആന്‍റണി ബിജെപിയിലെത്തിയതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കൊച്ചിയിൽ പ്രധാനമന്ത്രിയുടെ യുവാക്കളുമായുള്ള സംവാദ പരിപാടിയായ 'യുവം' സമ്മേളനത്തില്‍ അനില്‍ ആന്‍റണി മുൻനിരയിൽ ഇടം പിടിച്ചിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios