Asianet News MalayalamAsianet News Malayalam

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, അത് വ്യാജവാര്‍ത്ത; വിശദീകരണവുമായി അനില്‍ ആന്‍റണി

ഏതോ നിക്ഷിപ്ത താല്പര്യങ്ങളുടെ പേരിൽ ആരോ പ്രചരിപ്പിക്കുന്ന  വ്യാജവാർത്തകളാണ്‌ തെരഞ്ഞെടുപ്പ് രംഗത്തേക്ക് വരുന്നു എന്നത്. തനിക്ക് അത്തരത്തിലുള്ള ഉദ്ദേശ്യങ്ങളില്ലെന്ന് അനില്‍ വ്യക്തമാക്കി.

Anil K Antony facebook post about his political entry
Author
Thiruvananthapuram, First Published Jan 8, 2021, 8:16 PM IST

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്ന് എകെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി. ഏതോ നിക്ഷിപ്ത താല്പര്യങ്ങളുടെ പേരിൽ ആരോ പ്രചരിപ്പിക്കുന്ന  വ്യാജവാർത്തകളാണ്‌ തെരഞ്ഞെടുപ്പ് രംഗത്തേക്ക് വരുന്നു എന്നത്. തനിക്ക് അത്തരത്തിലുള്ള ഉദ്ദേശ്യങ്ങളില്ലെന്നും അനില്‍ ആന്‍റണി വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അനില്‍ നിലപാട് വ്യക്തമാക്കിയത്.  2019 -ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ്    കെപിസിസി പ്രസിഡന്റ്  മുല്ലപ്പള്ളി രാമചന്ദ്രനും ഡോ. ശശി തരൂരും കെ പി സി സി ഡിജിറ്റൽ മീഡിയ സെല്ലിന്റെ പ്രവർത്തനങ്ങളുടെ ഏകോപനം എന്ന  ഉത്തരവാദിത്വം എന്നെ ഏൽപ്പിച്ചിരുന്നു. ഈ വർഷം ആദ്യം നൂതന സാങ്കേതിക സംയോജനവുമായി  ബന്ധപ്പെട്ട  കൂടുതൽ ഉത്തരവാദിത്വങ്ങളും എ ഐ സി സി ഏൽപ്പിച്ചിട്ടുണ്ട്.  ഒരു കോൺഗ്രസ് പ്രവർത്തകൻ എന്ന നിലയിലും പാർട്ടിയുടെ ഡിജിറ്റൽ പ്രവര്‍ത്തിക്കാനാണ് ആഗ്രഹമെന്നും അനില്‍ ആന്‍റണി വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

പ്രിയപ്പെട്ടവരെ , 
ഈ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഞാൻ ഉദ്ദേശിക്കുന്നുവെന്ന തരത്തിലുള്ള വാർത്താ റിപ്പോർട്ടുകൾ നിരവധി ഓൺലൈൻ പോർട്ടലുകൾ പ്രചരിപ്പിക്കുണ്ടെന്ന വിവരം വിവിധ സ്ഥലങ്ങളിൽ നിന്ന് എന്റെ ശ്രദ്ധയിൽപ്പെട്ട  സാഹചര്യത്തിൽ ഏതോ നിക്ഷിപ്ത താല്പര്യങ്ങളുടെ പേരിൽ ആരോ പ്രചരിപ്പിക്കുന്ന  വ്യാജവാർത്തകളാണ്‌ അവയെന്നും  എനിക്ക് അത്തരത്തിലുള്ള  ഉദ്ദേശ്യങ്ങളില്ലെന്നും വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

2019 -ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബഹുമാനപ്പെട്ട  കെപിസിസി പ്രസിഡന്റ് ശ്രീ മുല്ലപ്പള്ളി രാമചന്ദ്രനും ഡോ. ശശി തരൂരും കെ പി സി സി ഡിജിറ്റൽ മീഡിയ സെല്ലിന്റെ പ്രവർത്തനങ്ങളുടെ ഏകോപനം എന്ന  ഉത്തരവാദിത്വം എന്നെ ഏൽപ്പിച്ചിരുന്നു. കൂടാതെ , ഈ വർഷം ആദ്യം നൂതന സാങ്കേതിക സംയോജനവുമായി  ബന്ധപ്പെട്ട  കൂടുതൽ ഉത്തരവാദിത്വങ്ങളും എ ഐ സി സി എന്നെ ഏൽപ്പിച്ചിട്ടുണ്ട്.  എന്റെ കഴിവിന്റെ പരമാവധി ഭംഗിയായി അവ നിർവ്വഹിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.

 ഒരു കോൺഗ്രസ് പ്രവർത്തകൻ എന്ന നിലയിലും പാർട്ടിയുടെ ഡിജിറ്റൽ പ്രചാരണ പ്രവർത്തനങ്ങളുടെ ഏകോപനത്തിന്റെ ചുമതലക്കാരൻ എന്ന നിലയിലും നമ്മുടെ  സ്ഥാനാർത്ഥികളുടെ വിജയത്തിനും   യുഡിഎഫിന്റെ വിജയത്തിനും  എന്റേതായ സംഭാവനകൾ  നൽകാൻ കഴിയുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. അതോടൊപ്പം, പുരോഗമനപരവും പുതുമയുള്ളതുമായ ഒരു ആഖ്യാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന, കൂടുതൽ സ്ത്രീകളുൾപ്പെടെയുള്ള നിരവധി പുതുമുഖങ്ങളും യുവമുഖങ്ങളും ഈ തെരഞ്ഞെടുപ്പിലുണ്ടാകുമെന്നും ഞാൻ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു.
ജയ്‌ഹിന്ദ്‌!

Follow Us:
Download App:
  • android
  • ios