Asianet News MalayalamAsianet News Malayalam

രണ്ടാഴ്‌ച്ചയിലധികം നീണ്ട അനിശ്ചിതത്വം, ഒടുവില്‍ പ്രശ്‌നപരിഹാരം; അന്നമ്മയ്‌ക്ക്‌ പള്ളിസെമിത്തേരിയില്‍ തന്നെ അന്ത്യവിശ്രമം

കല്ലറ കോണ്‍ക്രീറ്റ്‌ ചെയ്‌ത ശേഷം മൃതദേഹം സംസ്‌കരിക്കാമെന്ന ജില്ലാ കലക്ടറുടെ നിര്‍ദേശം അന്നമ്മയുടെ ബന്ധുക്കളും എതിര്‍പക്ഷവും അംഗീകരിച്ചതോടെയാണ്‌ രണ്ടാഴ്‌ച്ചയിലധികം നീണ്ട പ്രശ്‌നത്തിന്‌ പരിഹാരമായത്‌.

annamma death thuruthikkara cemetry issue solved
Author
Thuruthikkara, First Published May 28, 2019, 10:46 AM IST

കൊല്ലം: ശ്‌മശാനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന്‌ ദളിത്‌ സ്‌ത്രീയുടെ ശവസംസ്‌കാരം അനിശ്ചിതമായി നീണ്ടുപോയ സംഭവത്തില്‍ ഒടുവില്‍ പ്രശ്‌നപരിഹാരമായി. കല്ലറ കോണ്‍ക്രീറ്റ്‌ ചെയ്‌ത ശേഷം മൃതദേഹം സംസ്‌കരിക്കാമെന്ന ജില്ലാ കലക്ടറുടെ നിര്‍ദേശം അന്നമ്മയുടെ ബന്ധുക്കളും എതിര്‍പക്ഷവും അംഗീകരിച്ചതോടെയാണ്‌ രണ്ടാഴ്‌ച്ചയിലധികം നീണ്ട പ്രശ്‌നത്തിന്‌ പരിഹാരമായത്‌.

കൊല്ലം തുരുത്തിക്കരയിലെ ജെറുസലേം മാര്‍ത്തോമാ പള്ളി സെമിത്തേരി മാലിന്യപ്രശ്‌നം ഉണ്ടാക്കുന്നെന്ന്‌ ആരോപിച്ചാണ്‌ ശാസ്‌താംകോട്ട സ്വദേശിയായ രാജേഷ്‌ എന്ന വ്യക്തിയുടെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ അന്നമ്മയുടെ ശവസംസ്‌കാരത്തെ എതിര്‍ത്തത്‌. സംഭവം വിവാദമായതോടെ വിഷയത്തില്‍ കോടതി നിര്‍ദേശപ്രകാരം കലക്ടര്‍ ഇടപെടുകയായിരുന്നു. കല്ലറ കോണ്‍ക്രീറ്റ്‌ ചെയ്യണമെന്നും സെമിത്തേരിക്ക്‌ ചുറ്റുമതില്‍ കെട്ടണമെന്നുമുള്ള നിര്‍ദേശമാണ്‌ കലക്ടര്‍ മുന്നോട്ട്‌ വച്ചത്‌.

Read Also: തര്‍ക്കത്തിന്‌ പരിഹാരമായില്ല; 15ാം ദിവസവും ദളിത്‌ സ്‌ത്രീയുടെ മൃതദേഹം മോര്‍ച്ചറിയില്‍ തന്നെ

ചര്‍ച്ചകള്‍ക്ക്‌ ശേഷം സെമിത്തേരിക്ക്‌ ചുറ്റുമതില്‍ കെട്ടുന്ന കാര്യത്തില്‍ സാവകാശം വേണമെന്ന്‌ പള്ളി അധികൃതര്‍ ആവശ്യപ്പെട്ടു. ഇത്‌ കലക്ടര്‍ സമ്മതിക്കുകയും തഹസീല്‍ദാരുടെ സാന്നിധ്യത്തില്‍ കല്ലറ കോണ്‍ക്രീറ്റ്‌ ചെയ്യാന്‍ നിര്‍ദേശിക്കുകയും ചെയ്‌തു. തിങ്കളാഴ്‌ച്ച വൈകിട്ട്‌ തഹസീല്‍ദാരുടെ അസാന്നിധ്യത്തില്‍ കല്ലറ കോണ്‍ക്രീറ്റ്‌ ചെയ്യാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന്‌ സംഘര്‍ഷാവസ്ഥ ഉണ്ടാവുകയും പൊലീസ്‌ സ്ഥലത്തെത്തി ജോലികള്‍ നിര്‍ത്തി വയ്‌പ്പിക്കുകയും ചെയ്‌തു. തുടര്‍ന്ന്‌, ഇന്ന്‌ രാവിലെ കോണ്‍ക്രീറ്റ്‌ ജോലികള്‍ തഹസീല്‍ദാരുടെ സാന്നിധ്യത്തില്‍ പുനരാരംഭിച്ചു.

അതേസമയം, മൃതദേഹം സംസ്‌കരിക്കാന്‍ ഇനിയും 14 ദിവസം കാത്തിരിക്കണമെന്ന്‌ താന്‍ പറഞ്ഞതായുള്ള ആരോപണം പരാതിക്കാരനായ രാജേഷ്‌ നിഷേധിച്ചു. കല്ലറ കോണ്‍ക്രീറ്റ്‌ ചെയ്‌താലും 14 ദിവസം കഴിയാതെ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കില്ലെന്ന്‌ രാജേഷ്‌ ഭീഷണിപ്പെടുത്തിയതായി അന്നമ്മയുടെ ബന്ധുക്കളാണ്‌ ആരോപിച്ചത്‌. ഇത്‌ അടിസ്ഥാനരഹിതമാണെന്ന്‌ രാജേഷ്‌ ഏഷ്യാനെറ്റ്‌ ന്യൂസിനോട്‌ പ്രതികരിച്ചു.

Follow Us:
Download App:
  • android
  • ios