തിരുവനന്തപുരം: കാസർകോട്- തിരുവനന്തപുരം സെമി ഹൈസ്പീഡ് റെയിൽ പദ്ധതി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് സർക്കാരിന്‍റെ നയപ്രഖ്യാപനം. ജനപങ്കാളിത്തത്തോടെ ലൈഫ് മിഷൻ പദ്ധതി കൂടുതൽ വ്യാപിപ്പിക്കുമെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ പ്രഖ്യാപിച്ചു. മറ്റ് ആശ്രയമില്ലാത്ത വീട്ടമ്മമാർക്ക് അത്യാവശ്യ ഘട്ടങ്ങളിൽ അരലക്ഷം രൂപ വരെ സഹായം നടപ്പാക്കുമെന്നും ഗവർണ്ണർ  നിയമസഭയിൽ പ്രഖ്യാപിച്ചു. 

പ്രളയ അനുഭവത്തിന്‍റെ പശ്ചാത്തലത്തിൽ നൂറ് പേർക്ക് ഒരു സന്നദ്ധത പ്രവർത്തകൻ എന്ന അനുപാതത്തിൽ വളണ്ടിയ‍‌‌ർ‍ സേന രൂപീകരിക്കുമെന്നും നയപ്രഖ്യാപനത്തിൽ പറഞ്ഞു. 2020 മേയ് അവസാനത്തോടെ ഈ വളണ്ടിയർ കോർ തയ്യാറാകുമെന്നും ഇത് വഴി 3,40,000 കമ്മ്യൂണിറ്റി വളണ്ടിയർമാരുടെ സേവനം സംസ്ഥാനത്തിന് ലഭ്യമാകുമെന്നുമാണ് പ്രഖ്യാപനം. 

പത്ത് ലക്ഷം കർഷകർക്ക് പരിശീലനം നൽകാൻ കൃഷി പാഠശാല സ്ഥാപിക്കുമെന്നും പ്രഖ്യാപനമുണ്ട്,. മത്സ്യത്തൊഴിലാളികൾക്ക് പലിശ രഹിത വായ്പയെന്ന പ്രഖ്യാപനവും നയപ്രഖ്യാപന പ്രസംഗത്തിലുണ്ടായി. സംസ്ഥാനത്ത് തീവ്രവാദം തടയുന്നതിനായി പൊലീസിനകത്ത് കൗണ്ടർ ഇന്‍റലിജൻസ് സെൽ രൂപീകരിക്കുന്നത് പരിഗണനയിലാണെന്നും നയപ്രഖ്യാപനത്തിൽ പറയുന്നു. 

സംസ്ഥാന തലത്തിൽ ഒരു വിവര സേവന ശൃംഖല സൃഷ്ടിക്കുമെന്നും, തലസ്ഥാന നഗരയിലെ സെൻട്രൽ ഹബ്ബുമായി ഇതിനെ ബന്ധിപ്പിക്കുമെന്നും പ്രഖ്യാപനമുണ്ടായി. ഓരോ ജില്ലയ്ക്കും ഒരോ ഇൻഫർമേഷൻ ഹബ്ബ് ഏർപ്പെടുത്തുമെന്നുമാണ് പ്രഖ്യാപനം. സംസ്ഥാന ഐടി മിഷന്‍റെ പൊതു ജന മാപ്പിംഗ് സംരംഭമായ മാപ്പത്തോൺ പദ്ധതി ആരംഭിച്ചതായും നയപ്രഖ്യാപന പ്രസംഗത്തിൽ പറയുന്നു. പൊതു ജനങ്ങൾക്ക് സൗജന്യ ഇന്‍റർനെറ്റ് ലഭ്യതയ്ക്കായി 200 പബ്ലിക് വൈഫൈ ഹോട്ട് സ്പോട്ടുകൾ ആരംഭിക്കുന്നതാണെന്നും പ്രഖ്യാപിച്ചു.